പഞ്ചാബില്‍ കഴിഞ്ഞ ഏഴ് മാസത്തിനിടെ ഓരോ മണിക്കൂറിലും ശരാശരി 14 പേര്‍ക്ക് പട്ടികടിയേറ്റുവെന്ന് കണക്കുകള്‍. സംസ്ഥാനത്ത് ഗുരുതരമായ അവസ്ഥയാണെന്നാണ് ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥര്‍ ചൂണ്ടികാട്ടുന്നത്. സ്റ്റേറ്റ് റാബിസ് കണ്ട്രോള് പ്രോഗ്രാമിന്റെ (എസ്ആര്‍സിപി) കണക്കനുസരിച്ച്, ജൂലൈ വരെ സംസ്ഥാനത്തെ 22 ജില്ലകളില്‍ നിന്ന് 72,414 നായ കടിയേറ്റ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഓഗസ്റ്റ് മാസത്തിലെ ഡാറ്റ പ്രകാരമായിരുന്നു എസ്ആര്‍സിപി ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തല്‍.
ഈ വര്‍ഷം ജനുവരി മുതല്‍ ജൂലൈ വരെയുള്ള എസ്ആര്‍സിപി ഡാറ്റ അനുസരിച്ച് ജലന്ധറാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലം. ജലന്ധറില്‍ 14,390 നായ കടിയേറ്റ കേസുകള്‍ (പ്രതിദിനം 68 കേസുകള്‍) ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തൊട്ടുപിന്നാലെ ഈ വര്‍ഷം ലുധിയാന - 8000, ഹോഷ്യാര്‍പൂര്‍ - 5486, പട്യാല - 5484, സംഗ്രൂര്‍ - 4345 എന്നിങ്ങനെയാണ് മറ്റു പ്രദേശങ്ങളിലെ കേസുകൾ.
പ്രധാനമായും തെരുവുനായ്ക്കളാണ് ആളുകളെ ആക്രമിക്കുന്നതെന്ന് മൃഗഡോക്ടര്‍മാര്‍ പറയുന്നു. ചില കേസുകളില്‍ വളര്‍ത്തുമൃഗങ്ങളുടെ കടിയേറ്റതാണെന്നും പരാതിപ്പെടുന്നു. ഈ കഴിഞ്ഞ വര്‍ഷങ്ങളില്‍ തെരുവുനായ്ക്കളുടെ ഭീഷണി വര്‍ദ്ധിച്ചതായി ഡാറ്റ സൂചിപ്പിക്കുന്നുവെന്ന് എസ്ആര്‍സിപി പ്രോഗ്രാം ഓഫീസര്‍ ഡോ.പ്രീതി താവാരെ പറഞ്ഞു. 2017 ല്‍ ഒരു ലക്ഷത്തോളം ആളുകള്‍ക്ക് നായകടിയേറ്റപ്പോള്‍, കഴിഞ്ഞ വര്‍ഷം 1.1 ലക്ഷം നായ കടിയേറ്റ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 2019 ല്‍ 1.34 ലക്ഷവും 2018 ല്‍ 1.14 ലക്ഷവും ആയിരുന്നു കേസുകള്‍.
''കോവിഡ് -19 പകര്‍ച്ചവ്യാധിയെ തുടര്‍ന്ന് ആളുകള്‍ പുറത്തിറങ്ങുന്നത് കുറഞ്ഞിരുന്നു. അതിനാല്‍ കഴിഞ്ഞ വര്‍ഷത്തില്‍ നായയുടെ കടിയേല്‍ക്കുന്ന ആളുകളുടെ കണക്കില്‍ ചെറിയ കുറവുണ്ടായി. എന്നാല്‍, അടിസ്ഥാന യാഥാര്‍ത്ഥ്യം എന്താണെന്ന് വച്ചാല്‍ തെരുവ് നായ്ക്കള്‍ മനുഷ്യ ജനസംഖ്യയ്ക്ക് ഗുരുതരമായ ഭീഷണി ഉയര്‍ത്തുന്നു എന്നതാണ്,'' ഡോ. താവാരെ പറഞ്ഞു. നായയുടെ കടിയേറ്റുള്ള മരണത്തെ സൂചിപ്പിക്കുന്ന ഔദ്യോഗിക വിവരങ്ങളൊന്നുമില്ല.
''മിക്ക രോഗികളും കടിയേറ്റതിന് ശേഷമുള്ള നിര്‍ദ്ദിഷ്ട തീയതികളികളിലായി, സൗജന്യമായി നല്കുന്ന നാല് വാക്സിന് ഡോസ് എടുക്കുന്നതില്‍ കൃത്യത പാലിക്കുന്നുണ്ട്. നിര്‍ദ്ദിഷ്ട തീയതികളില്‍ പ്രതിരോധ കുത്തിവയ്പ്പുകള്‍ എടുത്തില്ലെങ്കില്‍, ആ രോഗിക്ക് വാക്സിന് ആദ്യം മുതല്‍ ആവര്‍ത്തിക്കേണ്ടിവരും. ഇത് അനാവശ്യമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമായേക്കാം.''ഡോ. താവാരെ കൂട്ടിച്ചേര്‍ത്തു.
ലുധിയാനയില്‍ നിന്നുള്ള മൃഗാവകാശ പ്രവര്‍ത്തകനും മൃഗസംരക്ഷണ ബോര്‍ഡ് ഓഫ് ഇന്ത്യയുടെ മുന്‍ അംഗവുമായ ഡോ. സന്ദീപ് ജെയിന് പറയുന്നതിങ്ങനെയാണ്, ''നായ്ക്കൾ ഇണചേരുന്ന കാലമായ മഴക്കാലത്ത് അവര്‍ അപകടകാരികളാകും. അമിതമായ ശരീരതാപം മൂലം ആളുകളെ ആക്രമിക്കും. എന്നാല്‍ വന്ധ്യംകരണം നടത്തിയാല്‍, ഹോര്‍മോണ്‍ നില വ്യത്യാസമുണ്ടായി നായ്ക്കളുടെ ആക്രമണാത്മകത കുറയ്ക്കാന്‍ കഴിയും. വന്ധ്യകരിക്കുന്ന നായ്ക്കകളെ പല പകര്‍ച്ചവ്യാധികളില്‍ നിന്നും തടയാനും അവരുടെ ആയുസ്സ് വര്‍ദ്ധിപ്പിക്കാനും കഴിയും. നായ്ക്കളുടെ ആക്രമണങ്ങള്‍ കുറയ്ക്കുന്നതിന് നായ്ക്കളുടെ പൊതു സ്വഭാവത്തെക്കുറിച്ച് സമൂഹത്തെ ബോധവത്കരിക്കേണ്ടതുണ്ട്.''
സംസ്ഥാനത്തെ ഒരു പാനല്‍ സ്ഥിരമായി, ആന്റി റാബിസ് പ്രോഗ്രാം നിരീക്ഷിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സെപ്റ്റംബര്‍ 1 ന് പുറത്തിറക്കിയ ഏറ്റവും പുതിയ അറിയിപ്പില്‍, മൃഗങ്ങളുടെ ജനന നിയന്ത്രണത്തിലും, ആന്റി റാബിസ് പരിപാടികളിലും ഏര്‍പ്പെട്ടിരിക്കുന്ന സംഘടനകള്‍ കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡ് നിശ്ചയിച്ച മാനദണ്ഡങ്ങള്ക്കനുസൃതമായിട്ടാണ് പ്രവൃത്തിക്കുന്നതെന്ന് ഉറപ്പുവരുത്തണമെന്ന് മുനിസിപ്പല്‍ കമ്മീഷണര്‍മാരോടും, അഡിഷണൽ ഡെപ്യൂട്ടി കമ്മീഷണര്‍മാരോടും, തദ്ദേശസ്ഥാപനങ്ങളുടെ ഡയറക്ടര്‍ ആവശ്യപ്പെട്ടിരുന്നു.
ജില്ലാ ഭരണകൂടവും തദ്ദേശ സ്ഥാപനങ്ങളും നായ വന്ധ്യംകരണം നടത്തുന്നുണ്ട്. എന്നാല്‍ കോവിഡ് -19 പകര്‍ച്ച വ്യാധി, കഴിഞ്ഞ വര്‍ഷം മുതല്‍ ഇതിനെ തടസ്സപ്പെടുത്തിയിരിക്കുകയാണെന്ന് മൃഗസംരക്ഷണ വകുപ്പിലെ ഒരു ഉദ്യോഗസ്ഥന് പറഞ്ഞു. നായ വന്ധ്യംകരണ പദ്ധതികള്‍ വീണ്ടും ആരംഭിക്കുന്നതിനായി വിവിധ ജില്ലകള്‍ നടപടികള്‍ തുടങ്ങികഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.