നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Puri Rath Yatra | പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥോത്സവം തുടങ്ങി; പുരി ക്ഷേത്രവും ഐതിഹ്യവും- അറിയേണ്ടതെല്ലാം

  Puri Rath Yatra | പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥോത്സവം തുടങ്ങി; പുരി ക്ഷേത്രവും ഐതിഹ്യവും- അറിയേണ്ടതെല്ലാം

  സാധാരണ ഗതിയിൽ ലക്ഷക്കണക്കിന് ജനങ്ങൾ പങ്കെടുക്കുന്ന ഈ ഉത്സവം ഇത്തവണ കടുത്ത നിബന്ധനകൾക്ക് വിധേയമായാണ് നടക്കുന്നത്. രഥം വലിക്കാൻ അഞ്ഞൂറു പേരിൽ കൂടുതൽ പാടില്ല എന്നും അതിലുണ്ട്. ടൺ കണക്കിന് ഭാരമുള്ള ഈ രഥമൊക്കെ അഞ്ഞൂറ് പേർ വലിച്ചാൽ നീങ്ങുമോയെന്ന് സംശയമുണ്ട്.

  Puri rath yatra

  Puri rath yatra

  • Share this:
   സനുജ് സുശീലൻ

   ഒഡിഷയിലെ ലോകപ്രസിദ്ധമായ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥോത്സവം തുടങ്ങി. കോവിഡ് കാരണം അത് മാറ്റി വയ്പ്പിക്കാൻ ശ്രമങ്ങൾ നടന്നെങ്കിലും ഒന്നും ഫലവത്തായില്ല. ഈ സാഹചര്യത്തിൽ ഉത്സവം നടത്തിയാൽ ജഗന്നാഥൻ പോലും ക്ഷമിക്കില്ലെന്ന് സാക്ഷാൽ സുപ്രീം കോടതി ഒരു പരാമർശം നടത്തിയത് വിവാദമാവുകയും ചെയ്തു. പക്ഷെ അവിടത്തെ ആൾക്കാരെ അനുനയിപ്പിക്കാൻ വേണ്ടിയാകണം കോടതി അങ്ങനെ ഒരു വാചകം ഉപയോഗിച്ചത് എന്നാണ് എനിക്ക് തോന്നുന്നത്. അത്ര വലുതാണ് ആ ഉത്സവത്തിലെ ആവേശവും ജനപങ്കാളിത്തവും. സാധാരണ ഗതിയിൽ ലക്ഷക്കണക്കിന് ജനങ്ങൾ പങ്കെടുക്കുന്ന ഈ ഉത്സവം ഇത്തവണ കടുത്ത നിബന്ധനകൾക്ക് വിധേയമായാണ് നടക്കുന്നത്. രഥം വലിക്കാൻ അഞ്ഞൂറു പേരിൽ കൂടുതൽ പാടില്ല എന്നും അതിലുണ്ട്. ടൺ കണക്കിന് ഭാരമുള്ള ഈ രഥമൊക്കെ അഞ്ഞൂറ് പേർ വലിച്ചാൽ നീങ്ങുമോയെന്ന് സംശയമുണ്ട്. രണ്ടു വർഷം മുമ്പ് നടത്തിയ ഒരു പുരി യാത്രയുടെ സമയത്ത് എഴുതിയ കുറിപ്പാണ് താഴെ ചേർക്കുന്നത്. ക്ഷേത്രത്തിനെ കുറിച്ചുള്ള ഐതിഹ്യവും അവിടത്തെ അത്ഭുതങ്ങളുടെ പുറകിലുള്ള ശാസ്ത്രവും വിശദീകരിക്കാനാണ് ശ്രമിച്ചിട്ടുള്ളത്.

   പുരി വാഴും ജഗന്നാഥൻ - ഐതിഹ്യവും ശാസ്ത്രവും

   രണ്ടായിരത്തി പതിനാറിൽ ആദ്യമായി ഭുബനേശ്വർ പോയപ്പോൾ പുരി ജഗന്നാഥ ക്ഷേത്രം സന്ദർശിക്കാതെ തിരികെ വരരുതെന്ന് ഒരുപാടു പേർ പറഞ്ഞിരുന്നു. പക്ഷെ സമയക്കുറവു മൂലം നടന്നില്ല. അതുകൊണ്ടു തന്നെ ഇത്തവണ പോകുമ്പോൾ അതും കൂടി പ്ലാൻ ചെയ്തിരുന്നു. പുരി ഗോൾഡൻ ബീച്ചിൽ നിന്നും വെറും രണ്ടു കിലോമീറ്റർ മാത്രമേയുള്ളൂ ക്ഷേത്രത്തിലേയ്ക്ക്. ലോകപ്രശസ്തമായ മഹാ രഥോത്സവം എല്ലാ വർഷവും അരങ്ങേറുന്ന പുരാതന നഗരം. പന്ത്രണ്ടാം നൂറ്റാണ്ടിൽ നിർമിക്കപ്പെട്ട മൂലക്ഷേത്രത്തിൽ നിന്ന് പലതവണ പരിഷ്കരിക്കപ്പെട്ടിട്ടുണ്ടെങ്കിലും ആചാരങ്ങൾക്കും ചിട്ടകൾക്കും വലിയ മാറ്റമൊന്നുമില്ലാതെയാണ് ഇപ്പോഴും തുടരുന്നത്. ഒരുപാടു നിഗൂഡതകളും അത്ഭുതങ്ങളും പേറി നിൽക്കുന്ന കൂറ്റൻ ക്ഷേത്രത്തിനുള്ളിൽ സർവ ഐശ്വര്യത്തോടെയും ശക്തിശാലിയായി വാണരുളുന്ന ജഗന്നാഥൻ. ചാർ ധാം എന്ന് പറയുന്നതിൽ പെട്ട ഒരു ക്ഷേത്രം കൂടിയാണ് പുരി. ഹിന്ദുക്കൾ ജീവിതത്തിൽ ഒരിക്കലെങ്കിലും നിർബന്ധമായും സന്ദർശിച്ചിരിക്കണം വിശ്വസിക്കപ്പെടുന്ന നാലു സ്ഥലങ്ങളിൽ ഒരെണ്ണം ( ഈ വിശ്വാസം ശങ്കരനാണ് കൊണ്ടുവന്നതെന്നും ഒരു വാദമുണ്ട് ). ബദരീനാഥ്‌ , ദ്വാരക, രാമേശ്വരം എന്നിവയാണ് മറ്റു മൂന്നെണ്ണം. ഇവിടെ നാലിടത്തും പോയാൽ ഇപ്പോഴത്തെ ഇന്ത്യയുടെ നാലു ദിശകളിലേയ്ക്കുമായിരിക്കും ആ സഞ്ചാരം നിങ്ങളെ കൊണ്ടുപോവുക ) . ബൃഹത്തായ ഈ ക്ഷേത്രത്തിന്റെ പിറവിയ്ക്കു പിന്നിൽ രസകരമായ ഒരു കഥയുണ്ട്.

   ഐതിഹ്യം

   ശ്രീകൃഷ്ണന്റെ വിയോഗത്തിന് ശേഷം ഭഗവാന്റെ ആത്മാവ് നീല നിറത്തിലുള്ള ഒരു ശിലയിൽ വിലയം പ്രാപിച്ചു. നീലമാധവനായ ആ ആത്മാവ് പിന്നീട് ആദിവാസി രാജാവായ വിശ്വവസുവിന്റെ അടുക്കലെത്തി ചേർന്നു. വിശ്വവസു ആരാധിക്കുന്ന നീലമാധവനെ പറ്റിയറിഞ്ഞ രാജാവ് ഇന്ദ്രദ്യുമ്നൻ അതു കണ്ടെത്താൻ വേണ്ടി വിദ്യാപതി എന്നൊരു ബ്രാഹ്മണനെ വേഷം മാറി അങ്ങോട്ടയച്ചു. പക്ഷെ വിശ്വവസു വിഗ്രഹം കാണിച്ചു കൊടുക്കാൻ തയ്യാറായിരുന്നില്ല. വിദ്യാപതി പിന്മാറിയില്ല. അയാൾ അവിടെ താമസമാക്കി. പോകെപ്പോകെ വിശ്വവസുവിന്റെ മകളുമായി അയാൾ ഇഷ്ടത്തിലാവുകയും അവർ വിവാഹിതരാവുകയും ചെയ്തു. മകളെ ഉപയോഗിച്ചു സമ്മർദ്ദം ചെലുത്തി ഒടുവിൽ നീലമാധവനെ കാണിച്ചു തരാൻ വിശ്വവസുവിനെ കൊണ്ടു സമ്മതിപ്പിക്കുന്നതിൽ അയാൾ വിജയം കണ്ടു. വേറെ വഴിയില്ലാതെ വിദ്യാപതിയെ കണ്ണു കെട്ടി നീലമാധവഃ വിഗ്രഹമിരിക്കുന്ന ഗുഹയിലേക്ക് വിശ്വവസു കൊണ്ടു പോയി.

   പക്ഷെ ബുദ്ധിമാനായ വിദ്യാപതി കയ്യിലൊരു കിഴി നിറയെ കടുക് കരുതിയിരുന്നു. പോകുന്ന വഴിയിൽ വിശ്വവസുവിന്റെ ശ്രദ്ധയിൽ പെടാതെ തനിക്കു പിന്നിലായി അയാൾ കടുക് മണികൾ വിതറിക്കൊണ്ടിരുന്നു . ഗുഹയിലെത്തി വിഗ്രഹം കണ്ടു വണങ്ങി വിദ്യാപതി നാട്ടിൽ തിരിച്ചെത്തി. രാജാവിനോട് വിവരങ്ങൾ അറിയിച്ചു. സന്തുഷ്ടനായ ഇന്ദ്രദ്യുമ്നൻ അങ്ങനെ കാട്ടിലേക്ക് തിരിച്ചു. അപ്പോഴേയ്ക്കും വിദ്യാപതി അന്ന് വിതറിയ കടുകുമണികൾ മുള പൊട്ടി ചെടികളായി വളർന്നു തുടങ്ങിയിരുന്നു. അതായിരുന്നു നീല മാധവൻ ഇരിക്കുന്ന ഗുഹയിലേക്കുള്ള വഴി കണ്ടുപിടിക്കാനുള്ള അടയാളം. എന്നാൽ അവരെ അമ്പരപ്പിച്ചുകൊണ്ട് വിഗ്രഹം മണലിൽ താഴ്ന്ന് അപ്രത്യക്ഷമായി. ആകെ നിരാശനായ രാജാവ് ദർശനം കിട്ടുന്നത് വരെ അവിടെ നിരാഹാരം ഇരിക്കാൻ തീരുമാനിച്ചു.

   കുറച്ചുനാൾ കഴിഞ്ഞു ഒരു ദിവസം പെട്ടെന്നൊരു അശരീരി ഉണ്ടായി. സമുദ്ര തീരത്തു പോയി അവിടെ വെള്ളത്തിൽ പൊങ്ങി കിടക്കുന്ന സുഗന്ധമുള്ള ഒരു മരം കൊണ്ടുപോയി വിഗ്രഹം ഉണ്ടാക്കാൻ അശരീരി രാജാവിനോട് നിർദേശിച്ചു. ഒപ്പം സാക്ഷാൽ ഭഗവാൻ തന്നെ അദ്ദേഹത്തിന് ദർശനവും നൽകി. നിർദേശമനുസരിച്ച് ഇന്ദ്രദ്യുമ്നൻ ആ മരം കണ്ടെത്തി കൊട്ടാരത്തിൽ എത്തിച്ചു.

   താൻ മാത്രം നേരിൽ കണ്ട ഭഗവത് രൂപം ആ മരത്തിൽ കൊത്തിയെടുക്കാൻ രാജാവ് ശില്പികളെ നിയോഗിച്ചു. പക്ഷെ അത്ഭുതമെന്നോണം അവർക്ക് ആ മരത്തിൽ ഒരു പോറൽ വീഴ്ത്താൻ പോലും കഴിഞ്ഞില്ല. വീണ്ടും രാജാവ് പ്രാർത്ഥന തുടങ്ങി. അങ്ങനെ ദേവശിൽപിയായ വിശ്വകർമ്മാവ് തന്നെ വേറൊരു വേഷപ്പകർച്ചയിൽ കൊട്ടാരത്തിലെത്തി. വിഗ്രഹം താൻ കൊത്തിയുണ്ടാക്കാമെന്നും പക്ഷെ 21 ദിവസം അടച്ചിട്ട വാതിലിൽ ആയിരിക്കും താൻ ജോലി ചെയ്യുന്നതെന്നും അതുവരെ ആരും അതു തുറക്കാൻ പാടില്ല എന്നൊരു നിബന്ധനയും അയാൾ വച്ചു. രാജാവ് സമ്മതിച്ചു.

   അങ്ങനെ ശിൽപി തന്റെ ജോലി ആരംഭിച്ചു. രണ്ടാഴ്ച കഴിഞ്ഞപ്പോഴേയ്ക്കും രാജ്ഞിയ്ക്ക് ക്ഷമ നശിച്ചു. അകത്തു നിന്നു അനക്കമൊന്നും കേൾക്കാത്തത് കൊണ്ടു ശില്പി ചിലപ്പോൾ മരണപ്പെട്ടിട്ടുണ്ടാവും തുറന്നു നോക്കാം എന്നൊക്കെ പലതവണ നിർബന്ധിച്ചു ഒടുവിൽ സഹികെട്ടു രാജാവ് വാതിൽ തുറന്നു. മലർക്കെ തുറന്ന വാതിലിനു പുറകിൽ അവർ കണ്ടത് അപൂർണമായ വിഗ്രഹമാണ്. പണി പകുതി പോലും തീരാത്ത വിഗ്രഹങ്ങൾ ബാക്കിയാക്കി ശിൽപി അപ്രത്യക്ഷമായിരുന്നു. ആ രൂപങ്ങളാണ് ഇപ്പോഴും ക്ഷേത്രത്തിനുള്ളിൽ കാണുന്നത്.

   അത്ഭുതകരമായ ഒരു നിർമിതി

   വാസ്തുശില്പപരമായ ഒരു വിസ്മയമാണ് പ്രധാന ക്ഷേത്രം. പതിനെട്ടു തവണ ഇത് അക്രമിക്കപ്പെട്ടിട്ടുണ്ട്. ഈ ക്ഷേത്രം പൊളിച്ചു കളയാൻ ഔരംഗസേബ് ഉത്തരവിട്ടെങ്കിലും അത് നടപ്പിലാക്കാൻ വന്നവരെ കൈക്കൂലി നൽകി അതിൽ നിന്ന് പിന്തിരിപ്പിക്കാൻ അന്നത്തെ ആൾക്കാർക്ക് കഴിഞ്ഞു . ഔറംഗസേബ് മരിച്ചതിനു ശേഷമാണു പിന്നീട് ക്ഷേത്രം തുറന്നത്. രഥയാത്ര നടക്കുന്ന അതി വിശാലമായ രാജപാതയുടെ അങ്ങേയറ്റത്താണ് ക്ഷേത്രം നിലകൊള്ളുന്നത്. പാതയുടെ ഇരുവശവുമായി നൂറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിടങ്ങൾഇപ്പോഴുമുണ്ട് . പാറയും മറ്റും ഉപയോഗിച്ച് പണി കഴിപ്പിച്ച അവയിൽ പണ്ടത്തെ നാട്ടു രാജാക്കന്മാരുടെ വംശത്തിൽ പെട്ടവരുടെ പിൻഗാമികൾ ആണ് ഇപ്പോൾ താമസം. ക്ഷേത്രത്തെക്കുറിച്ചുള്ള കൗതുകകരമായ ചില കാര്യങ്ങൾ പറയാം.

   - 45 നിലയോളം പൊക്കമുള്ള ഒരു പ്രധാന ഗോപുരമാണ് ക്ഷേത്രത്തിനുള്ളത്.

   - ഇതിന്റെ ഏറ്റവും മുകളിൽ ഇരുപതടി വ്യാസമുള്ള, ഒരു ടൺ ഭാരമുള്ള, ലോഹത്തിൽ തീർത്ത ഒരു സുദർശന ചക്രമുണ്ട്. ക്രെയിൻ ഒന്നുമില്ലാതിരുന്ന അക്കാലത്ത് അതെങ്ങനെ ഇത്രയും ഉയരത്തിൽ കൊണ്ടുപോയി സ്ഥാപിച്ചു എന്നത് ആർക്കുമറിയില്ല.

   - പുരിയുടെ ഏതു ഭാഗത്തു നിന്ന് നോക്കിയാലും ഈ ചക്രം നിങ്ങളെ അഭിമുഖീകരിച്ചു നിൽക്കുന്നതായി തോന്നും എന്നാണ് പറയപ്പെടുന്നത്. പക്ഷെ സത്യത്തിൽ അതങ്ങനെയല്ല. ചിലയിടങ്ങളിൽ നിന്ന് നോക്കുമ്പോൾ അത് തിരിഞ്ഞു തന്നെയിരിക്കും. മനുഷ്യൻ എപ്പോഴും അവന്റെ മനസ്സിൽ ആഗ്രഹിക്കുന്നതാവും കാണാനും ശ്രമിക്കുക എന്ന ലളിതമായ സൈക്കോളജി ആണ് ഇതിനു പിന്നിലെന്ന് ശാസ്ത്രീയമായി വിശദീകരിക്കപ്പെട്ടിട്ടുണ്ട്.

   - ഈ ഗോപുരത്തിന് മുകളിൽ അഞ്ചോ ആറോ തുണികൾ ഉപയോഗിച്ചുണ്ടാക്കിയ ഒരു കൊടിക്കൂറയുണ്ട്. ഒരുപാടു കിലോ ഭാരം വരുന്ന ഈ കൊടി എല്ലാ ദിവസവും സുരക്ഷാ സന്നാഹങ്ങൾ ഒന്നുമില്ലാതെ ഒരു പൂജാരി ഗോപുരത്തിന് സമാന്തരമായി സ്ഥാപിച്ചിരിക്കുന്ന ഏണി വഴി കയറി മുകളിലെത്തി മാറ്റുന്ന ചടങ്ങുണ്ട്. ഒരു ദിവസമെങ്കിലും അത് മുടങ്ങിയാൽ അടുത്ത പതിനെട്ടു വർഷം ക്ഷേത്രം അടച്ചിടേണ്ടി വരുമെന്നാണ് ആചാരം. അതുകൊണ്ടു തന്നെ കഴിഞ്ഞ ആയിരത്തി എണ്ണൂറു വർഷങ്ങളിൽ ഒരു ദിവസം പോലും ഇത് മുടങ്ങിയിട്ടില്ല.

   - ഈ കൊടിയ്ക്ക് വേറൊരു പ്രത്യേകതയുമുണ്ട്. തറനിരപ്പിൽ കാറ്റു വീശുന്നതിന്റെ നേരെ എതിർ ദിശയിലാണു കൊടി പറക്കുന്നത് . സത്യത്തിൽ ഇതൊരു അത്ഭുതമല്ല, മറിച്ച് ഗോപുരത്തിന് മുകളിലെ സുദർശന ചക്രത്തിന്റെ ഡിസൈനിൽ ഉള്ള കൗശലം സൃഷ്ടിക്കുന്ന വോർടെക്സ് ആണ് കാറ്റിനെ എതിർ ദിശയിൽ, കൊടിയ്ക്കു സമാന്തരമായി ദിശ തിരിച്ചു വിടുന്നത് എന്നൊരു ശാസ്ത്രവിശദീകരണം നിലവിലുണ്ട്. പക്ഷെ അങ്ങനെയാണെങ്കിൽ തന്നെയും എയ്റോ ഡയനാമിക്സ് / ഫ്ലൂയിഡ് ഡയനാമിൿസ് എന്നിവയിലൊക്കെയുള്ള അവരുടെ അറിവ് അംഗീകരിക്കാതിരിക്കാൻ കഴിയില്ല.

   - ക്ഷേത്രത്തിന്റെ പ്രധാന ഗോപുരത്തിന്റെ നിഴൽ കാണാൻ പറ്റില്ല. എനിക്കും അത് കാണാൻ കഴിഞ്ഞില്ല. പക്ഷെ യഥാർത്ഥത്തിൽ നിഴൽ അവിടെയുണ്ട്. ഇത്രയും വലിയ സ്ട്രക്ച്ചർ ആയതുകൊണ്ട് നിഴലും സ്വാഭാവികമായും വലുതാണ്. അതിൽ നിന്നുകൊണ്ട് നോക്കുമ്പോൾ നിഴൽ മാത്രമായി തിരിച്ചറിയാൻ പറ്റില്ല. അങ്ങനെയൊരു ആംഗിളിൽ ആണ് നിഴൽ വീഴുന്നതും. അവിടെ കെട്ടിടങ്ങൾ കുറെയുണ്ട്.

   - പന്ത്രണ്ടു വർഷം കൂടുമ്പോൾ (രണ്ടു ആഷാഢ മാസങ്ങൾ ഒരുമിച്ചു വരുന്ന വർഷത്തിൽ ) തടിയിലുള്ള വിഗ്രഹം മാറ്റി പുതിയത് വയ്ക്കും (നവ കളേബരം മാത്രമാണ് മാറ്റി വയ്ക്കുന്നതെന്നും പറയപ്പെടുന്നു ) . പഴയ വിഗ്രഹത്തിന്റെ മുന്നിലായാണ് പുതിയത് വയ്ക്കുന്നത്. പഴയ വിഗ്രഹം തനിയെ ജീർണിച്ചു പൊയ്ക്കോളും എന്നാണ് അവർ വിശ്വസിക്കുന്നത് . സത്യത്തിൽ പുതിയ വിഗ്രഹം സ്ഥാപിക്കുമ്പോൾ അഭിഷേകം നടത്തുന്ന ദ്രവ്യങ്ങൾ ആ പ്രക്രിയ വേഗത്തിലാക്കുന്നതാവാനും സാദ്ധ്യതയുണ്ട്

   - ഈ ക്ഷേത്രം acoustically sealed ആണ് . ക്ഷേത്രത്തിനു പുറത്ത് ബോംബ് പൊട്ടിയാൽ പോലും പ്രധാന മന്ദിരത്തിനുള്ളിൽ കടന്നാൽ അത് കേൾക്കില്ല. മതിൽക്കെട്ടിനുള്ളിലെ വിശാലമായ സ്ഥലത്ത് തികഞ്ഞ നിശബ്ദതയാണ്. തുറന്നു കിടക്കുന്ന ഒരിടത്ത് എങ്ങനെയാണ് അതവർ കൈവരിച്ചിരിക്കുന്നത് എന്നറിയില്ല. എന്തായാലും സംഗതി സത്യമാണ്. ഞാൻ നേരിട്ടനുഭവിച്ചതാണ്.

   - ക്ഷേത്രത്തിലേക്ക് കയറുന്ന പ്രധാന വാതിൽ കടക്കുമ്പോൾ കടലിരമ്പുന്ന ശബ്ദം കേൾക്കാം. പക്ഷെ അതേ സ്ഥലത്തു തന്നെ നിങ്ങൾ തിരിഞ്ഞു നിന്നാൽ ആ ശബ്ദം കേൾക്കാനും കഴിയില്ലത്രേ. എനിക്കീ കഥ അറിവില്ലാതിരുന്നതുകൊണ്ടു പരീക്ഷിച്ചു നോക്കാൻ പറ്റിയില്ല.

   - സാധാരണഗതിയിൽ കടലിൽ നിന്നുള്ള കാറ്റ് പകൽ സമയത്ത് കരയിലേക്ക് അടിക്കും, രാത്രി തിരിച്ചു കരയിൽ നിന്ന് കടലിലേയ്ക്കും അടിക്കുമെന്നാണ് പറയപ്പെടുന്നത്. പുരിയിൽ ഇത് നേരെ തിരിച്ചാണത്രെ. ഇതിന്റെയും സത്യം അറിയില്ല

   - ഇവിടത്തെ പ്രസാദം ഉണ്ടാക്കുന്നത് ലോകത്തിലെ തന്നെ ഏറ്റവും വലിയ അടുക്കളകളിൽ ഒന്നിലാണ്. ഭഗവാന് നേദിച്ച ശേഷം മതിൽക്കെട്ടിനുള്ളിൽ തന്നെയുള്ള മാർക്കറ്റിൽ മൺപാത്രങ്ങളിൽ അത് ഭക്തജനങ്ങൾക്ക് വിൽക്കുകയാണ് പതിവ്. എട്ടു പാത്രങ്ങൾ ഒന്നിന് മുകളിൽ ഒന്നായി വച്ച് ഒരേസമയമാണ് ഇതെല്ലാം ഉണ്ടാക്കുന്നത്. എല്ലാ ദിവസവും ഏറ്റവും മുകളിലിരിക്കുന്ന പാത്രമാണ് ആദ്യം തിളയ്ക്കുക എന്നാണ് പറയപ്പെടുന്നത്. അടുക്കളയിൽ അവിടത്തെ പൂജാരിമാരായ പാണ്ഡേകൾക്ക് മാത്രമാണ് പ്രവേശനം. അതുകൊണ്ടു ഇതിൽ എത്രത്തോളം സത്യമുണ്ടെന്ന് അറിയില്ല.

   - ഭക്തർ കൂടുതലായാലും കുറവായാലും എന്നും ഒരേ അളവിൽ പ്രസാദം പാചകം ചെയ്യും, അതൊരിക്കലും വേസ്റ്റ് ആവുകയോ കൊടുക്കാൻ പറ്റാത്ത രീതിയിൽ കുറഞ്ഞു പോവുകയോ ചെയ്യില്ല എന്നും ഒരു അത്ഭുതമായി പറയപ്പെടുന്നുണ്ട്. ഇതിന്റെ ശാസ്ത്രീയ വിശകലനം ഒരു വിദേശി സഞ്ചാരി എഴുതിയിട്ടുണ്ട്. പാചകം ചെയ്യുമ്പോൾ അവർ അളവിൽ മാറ്റം വരുത്തില്ല, പക്ഷെ ഭക്തരുടെ എണ്ണമനുസരിച്ചു വിതരണം ചെയ്യുന്നിടത്ത് പ്രസാദത്തിന്റെ അളവ് അവർ മാറ്റിക്കൊണ്ടിരിക്കും. പക്ഷെ എന്തൊക്കെ പറഞ്ഞാലും വളരെ രുചികരമാണ് ആ പ്രസാദം. ഞങ്ങൾ പോയപ്പോൾ നാലഞ്ച് കലങ്ങളിൽ വാങ്ങിക്കൊണ്ടു വന്നു . ഡിന്നർ ആയി അതാണ് കഴിച്ചത് :)

   - ഈ ക്ഷേത്രത്തിനു മുകളിൽ കൂടി പക്ഷികളോ വിമാനങ്ങളോ പറക്കില്ല. ലോകത്തിന്റെ അധിപനായ പുരി ജഗന്നാഥന് മുകളിലൂടെ പറക്കാൻ ധൈര്യമില്ലാത്തതുകൊണ്ടാണ് അങ്ങനെയെന്നാണ് ഭക്തർ വിശ്വസിക്കുന്നത്.
   പുരി ഒരു നോ ഫ്ലൈ സോണിനു കീഴിലുള്ള സ്ഥലമല്ലാതിരുന്നിട്ടും എന്തുകൊണ്ട് വിമാനങ്ങൾ പറക്കുന്നില്ല എന്നതിന് രണ്ടു വിശദീകരണങ്ങളുണ്ട്. ഒന്ന് , അതൊരു കൊമേർഷ്യലി വയബിൾ ആയ ഒരു റൂട്ടല്ല. അതായതു ആ റൂട്ടിൽ കൂടി പറക്കുന്നത് വിമാനങ്ങൾക്ക് ലാഭകരമല്ല. പിന്നൊരെണ്ണം ആയിരക്കണക്കിന് അടി മുകളിൽ കൂടി വിമാനങ്ങൾ ക്ഷേത്രത്തെ മറികടന്നു പോകുന്നുവെന്നാണ്. അത് താഴെ നിൽക്കുന്നവർക്ക് കാണാൻ കൂടി കഴിയില്ല. പക്ഷിയുടെ കാര്യം പറയുകയാണെങ്കിൽ ഇന്നലെ ഉദ്‌ഘാടനം ചെയ്യപ്പെട്ട പട്ടേലിന്റെ പ്രതിമയെപ്പറ്റി പറഞ്ഞു പരത്തുന്നത് തന്നെയാണ് ശാസ്ത്രം. തറയിൽ നിന്ന് ഇരുന്നൂറ്റമ്പതോളംഅടി പൊക്കമുണ്ട് ആ ഗോപുരത്തിന്. അത്രയും ഉയരത്തിൽ പറക്കുന്ന പക്ഷികൾ ആ പ്രദേശത്ത് എണ്ണത്തിൽ കുറവാണ്. അത്രേയുള്ളൂ. മാത്രമല്ല, ഈയിടെ ക്ഷേത്രത്തിന്റെ അനുവാദത്തോടെ തന്നെ ചിത്രീകരിക്കപ്പെട്ടു ഒരു ഡ്രോൺ ഫുട്ടേജ് യൂട്യൂബിൽ ലഭ്യമാണ്. അമ്പലത്തിന്റെ മുകളിലുള്ള കാഴ്ചകൾ അതിൽ കിട്ടും.

   എങ്ങനെയാണു ഈ കഥകൾ ഉണ്ടായത് ?

   സത്യത്തിൽ ഈ ക്ഷേത്രം ആദിവാസികളുടേതായിരുന്നുവെന്നും പിന്നീട് ബ്രാഹ്മണർ കയ്യടക്കിയതാണെന്നും തെളിവുകളുടെ അടിസ്ഥാനത്തിൽ പല വിദേശികളും രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷെ ഇന്ത്യയുടെ ചരിത്രപരമായ പ്രത്യേകതളാൽ നമ്മുടെ നാട്ടുകാർ അത് വിശ്വസിക്കാൻ കൂട്ടാക്കിയില്ല എന്ന് മാത്രം. അവിടെ നിലനിൽക്കുന്ന കടുത്ത ജാതി വ്യവസ്ഥകൾ കാരണം ഈ കഥയൊക്കെ വർഷങ്ങൾ പോകുംതോറും മറവിയിലേക്കു പോയി. പണത്തോട് കടുത്ത ആർത്തിയുള്ള പാണ്ഡെകൾ അമ്പലത്തിൽ വിഗ്രഹത്തിനു മുന്നിൽ നിന്ന് ആയിരങ്ങളും ലക്ഷങ്ങളും വിലവരുന്ന പൂജകൾക്ക് ഭക്തരെ ക്യാൻവാസ് ചെയ്യുന്നത് ഇന്നും നിങ്ങൾക്ക് കാണാം. ക്ഷേത്രത്തിനു ഒരു അത്ഭുത പരിവേഷം നൽകാനായി അവർ തന്നെ പറഞ്ഞു പരത്തിയ കഥകൾ ആണെന്നൊരു വാദം നിലവിലുണ്ട്. എന്തായാലും ഭക്തരെ ഇങ്ങനെ പിടിച്ചു പറിക്കുന്ന പരിപാടി സുപ്രീം കോടതി ഇടപെട്ടു നിർത്തി വച്ചതായി കഴിഞ്ഞയാഴ്ച വാർത്ത കണ്ടിരുന്നു. അതിൽ പ്രതിഷേധിച്ച് ഒരു പാണ്ഡെ ആത്മഹത്യാ ഭീഷണിയും മുഴക്കിയിട്ടുണ്ട്.
   TRENDING:Pinarayi | വിമാനയാത്ര സൂപ്പർസ്പ്രെഡിന് കാരണമാകും; എന്താണ് മുഖ്യന്ത്രി പറഞ്ഞ സൂപ്പർസ്പ്രെഡ്? [NEWS]Rehna Fathima Viral Video രഹന ഫാത്തിമയെ ന്യായീകരിക്കുന്നവർ വായിച്ചറിയാൻ ഒരു ഡോക്ടർ എഴുതുന്നു [NEWS]സക്കീർ ഹുസൈനെ പുറത്താക്കിയത് സിപിഎമ്മിലെ വിഭാഗീയതയോ? [NEWS]
   പുരിയിൽ എന്തെക്കെ ചെയ്യാം?

   - കുതിര വണ്ടി കിട്ടും. അതിൽ കയറി അവിടെയൊക്കെ ഒന്ന് കറങ്ങുക . നല്ല ഒരു അനുഭവമാണ്. ബാറ്ററി ഓപ്പറേറ്റഡ് റിക്ഷകളും കിട്ടും.

   - ക്ഷേത്രത്തിനു ചുറ്റുമുള്ള പഴയ ഗ്രാമത്തിൽ നൂറ്റാണ്ടുകളായി പലഹാരമുണ്ടാക്കി വിൽക്കുന്നവരുടെ പിൻ തലമുറക്കാർ ഇന്നും നടത്തുന്ന കടകളുണ്ട്. ആ തെരുവുകളിൽ പോയി അത് നേരിട്ട് വാങ്ങാം. ശുദ്ധമായ അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ച് നിങ്ങളുടെ കണ്മുന്നിൽ തന്നെ പാചകം ചെയ്യുന്ന അതൊക്കെ പനമ്പട്ട കൊണ്ടുണ്ടാക്കിയ കൂടകളിൽ നിറച്ചാണ് വിൽക്കുന്നത്. ചെറുതും വലുതുമുണ്ട്. ന്യായമായ വിലയാണ്. പതിനഞ്ചു ദിവസത്തോളം കേടു കൂടാതെയിരിക്കും. നല്ല സ്വാദുമുണ്ട്.

   - അടുത്തുള്ള പുരി ബീച്ചിലും ഒന്ന് പോകാവുന്നതാണ്. കുതിരവണ്ടിയിൽ ഒരു റൌണ്ട് അടിച്ചു മടങ്ങി വരാം.

   - ക്ഷേത്രത്തിലെ പ്രസാദം വാങ്ങാൻ മറക്കണ്ട. അതീവ രുചികരമായ ആഹാരമാണ് പ്രസാദം.

   കുറച്ചു നീണ്ടു പോയി എന്നറിയാം. പക്ഷെ ഇതെല്ലാം കൂടി ഒരിടത്തു കിടന്നോട്ടെ എന്ന് കരുതിയതാണ്. ക്ഷേത്രത്തിൽ ക്യാമറ / മൊബൈൽ ഒന്നും അനുവദനീയമല്ലാത്തതുകൊണ്ടു ഗൂഗിളിൽ നിന്നെടുത്ത ചിത്രങ്ങളാണ് ചേർത്തിരിക്കുന്നത്.
   First published:
   )}