ഡിഎംകെ വനിതാ നേതാവായ ആര്. പ്രിയ (29) ചെന്നൈ മേയര്‍ (chennai mayor) പദവിയിലേയ്ക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടു. ഈ പദവിയിലെത്തുന്ന ആദ്യ ദളിത് വനിതയാണ് (first dalit woman) പ്രിയ. തമിഴ്നാട്ടില്‍ അടുത്തിടെ നടന്ന നഗര തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി പട്ടികജാതി വനിതയ്ക്ക് മേയർ പദവി സംവരണം ചെയ്തുകൊണ്ട് കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതോടെ താരാ ചെറിയാനും കാമാക്ഷി ജയരാമനും ശേഷം ചെന്നൈയുടെ മൂന്നാമത്തെ വനിതാ മേയറാകാനുള്ള അവസരമാണ് പ്രിയയ്ക്ക് ലഭിച്ചത്.
ചെന്നൈ കോര്‍പ്പറേഷനില്‍ കൗണ്‍സിലര്‍ സ്ഥാനം നേടിയ നിരവധി യുവ സ്ഥാനാര്‍ത്ഥികളില്‍ ഒരാളാണ് പ്രിയ. സംസ്ഥാനത്തെ ഡിഎംകെയുടെ സഖ്യകക്ഷിയായ സിപിഐഎമ്മിലെ പ്രിയദര്‍ശിനി (21) ആണ് ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥി. തേനാംപേട്ട 98-ാം വാര്‍ഡില്‍ നിന്നാണ് പ്രിയദര്‍ശിനി വിജയിച്ചത്. പ്രിയ പാര്‍ട്ടിയുടെ മേയര്‍ സ്ഥാനാര്‍ത്ഥിയായിരിക്കുമെന്നും ചെന്നൈ കോര്‍പ്പറേഷനില്‍ ഡിഎംകെയ്ക്ക് ഭൂരിപക്ഷമുള്ളതിനാല്‍ പ്രിയയെ ഉടന്‍ തന്നെ മേയറായി ഔദ്യോഗികമായി തിരഞ്ഞെടുക്കുമെന്നും ഡിഎംകെ (dmk) പ്രഖ്യാപിച്ചു.
മംഗലപുരത്തെ 74-ാം വാര്‍ഡ് കൗണ്‍സിലറായി പ്രിയ ചുമതലയേല്‍ക്കും. വടക്കന്‍ ചെന്നൈയില്‍ നിന്നുള്ള ആദ്യ മേയറുമാണ് പ്രിയ. പലപ്പോഴും അവഗണിക്കപ്പെടുന്ന ഒരു പ്രദേശമാണ് വടക്കന്‍ ചെന്നൈ. തമിഴ് സിനിമകളിൽ പലപ്പോഴും റൗഡികളും അക്രമവും പെരുകിയ സ്ഥലമായി വടക്കന്‍ ചെന്നൈയെ ചിത്രീകരിക്കാറുണ്ട്. വടക്കന്‍ ചെന്നൈയുടെ അയല്‍ പ്രദേശങ്ങളില്‍ ഇപ്പോഴും അടിസ്ഥാന സൗകര്യങ്ങള്‍ പോലും ലഭ്യമല്ല. കുടിവെള്ളം, വൈദ്യുതി, ശുചിത്വം, കണക്റ്റിവിറ്റി തുടങ്ങിയ പ്രശ്നങ്ങൾ നേരിടുന്ന പ്രദേശമാണിവിടം. ഈ സാഹചര്യത്തിൽ ഇവിടെ നിന്നുള്ള യുവ കൗണ്‍സിലറെ മേയറായി നിയമിച്ചത് സ്വാഗതാർഹമാണ്. വടക്കന്‍ ചെന്നൈയെ കൂടുതല്‍ രാഷ്ട്രീയ പ്രാതിനിധ്യമുള്ള സ്ഥലമാക്കി മാറ്റുക എന്ന ദീര്‍ഘകാല ലക്ഷ്യവും ഇതിന് പിന്നിലുണ്ടാകാം.
18 വയസ്സ് മുതല്‍ പാര്‍ട്ടി കേഡറാണെങ്കിലും കൗണ്‍സിലര്‍ എന്ന നിലയില്‍ പ്രിയയുടെ ആദ്യ ഔദ്യോഗിക പദവിയാണിത്. പ്രിയയുടെ വീട്ടില്‍ അണ്ണാദുരൈ, കരുണാനിധി, മുഖ്യമന്ത്രി സ്റ്റാലിന് എന്നിവരുള്‍പ്പെടെയുള്ള നേതാക്കളുടെ ഫോട്ടോകള്‍ ചുമരുകളിൽ പതിച്ചിട്ടുണ്ട്. പ്രിയയുടെ പിതാവ് ആര്. രാജന് ഡിഎംകെയുടെ ഏരിയ സഹസെക്രട്ടറിയാണ്.
കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡിഎംകെ വീണ്ടും അധികാരത്തിലെത്തിയതാണ് രാഷ്ട്രീയത്തോടുള്ള തന്റെ താല്‍പ്പര്യവും അയല്‍ക്കാരെ സഹായിക്കാനുള്ള അഭിനിവേശവും വര്‍ധിപ്പിച്ചതെന്ന് പ്രിയ പറയുന്നു. ''മുഖ്യമന്ത്രി സംസ്ഥാനത്ത് ചില മാറ്റങ്ങൾ കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ട്. അതിന്റെ ഭാഗമാകാന്‍ ഞാന്‍ ആഗ്രഹിച്ചു. ഈ പ്രദേശം അഭിമുഖീകരിക്കുന്ന നിരവധി പ്രശ്നങ്ങളുണ്ട്. ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമാണ് ഇവിടെ വെള്ളം വരുന്നത്, റോഡുകള്‍ നന്നാക്കേണ്ടതുണ്ട്. വൈദ്യുതി പ്രശ്നങ്ങളുണ്ട്, ''പ്രിയ പറയുന്നു. യുവാക്കള്‍ രാഷ്ട്രീയത്തില്‍ ഇടപെടേണ്ടത് പ്രധാനമാണെന്നും അവര്‍ പറയുന്നു. യുവാക്കൾക്ക് പുതിയ ആശയങ്ങളും പുതിയ ഊര്‍ജവും ഉണ്ട്. അവര്‍ക്ക് കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാൻ പുതിയ വഴികള്‍ ഉണ്ടാക്. ഇതാണ് നമുക്ക് ആവശ്യമെന്നും പ്രിയ കൂട്ടിച്ചേര്‍ത്തു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.