ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിന് ഇന്ത്യൻ വ്യോമസേന നൽകിയ തിരിച്ചടിയിൽ നാശനഷ്ടം ഉണ്ടായിട്ടില്ലെന്ന പാക് വാദം തെറ്റെന്ന് ഇന്ത്യ. ബലാക്കോട്ടിലെ ജെയ്ഷ് ഇ മുഹമ്മദിന്റെ മദ്രസ ക്യാമ്പസിലെ (തലീം ഉൽ ഖുറാൻ) നാല് കെട്ടിടങ്ങളാണ് ഇന്ത്യൻ ആക്രമണത്തിൽ തകർന്നത്. ഉന്നത സർക്കാർ വൃത്തങ്ങൾ ഇക്കാര്യം വ്യക്തമാക്കിയതായി ദി ഇന്ത്യൻ എക്സപ്രസ് ആണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ പ്രാദേശികമായ ഇന്റലിജന്റ് വിവരങ്ങൾ ലഭ്യമല്ലാത്തതിനാൽ ഇപ്പോൾ ആക്രമണത്തിൽ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണത്തെ കുറിച്ച് പറയുന്നത് 'വെറും ഊഹാപോഹം' മാത്രമായിരിക്കുമെന്നും അവർ പറയുന്നു. റഡാർ ചിത്രങ്ങളുടെ അടിസ്ഥാനത്തിലാണ് വ്യോമസേന ലക്ഷ്യമിട്ട ക്യാമ്പസിലെ നാല് കെട്ടിടങ്ങൾ തകർന്നതായി ഇന്റലിജൻസ് ഏജൻസികൾ വിലയിരുത്തുന്നത്. മിറാഷ് 2000 വിമാനത്തിൽ നിന്ന് ഫയർ ചെയ്ത കൃത്യതയാർന്ന അഞ്ച് എസ് 2000 പിജിഎം ബോംബുകളാണ് കെട്ടിടങ്ങൾ തകർത്തത്. ജെയ്ഷ് ഇ മുഹമ്മദ് നടത്തുന്ന മദ്രസാ ക്യാമ്പസ് മലമുകളിലാണ് സ്ഥിതി ചെയ്യുന്നത്.
ഇന്ത്യൻ ആക്രമണം സ്ഥിരീകരിച്ചെങ്കിലും അവിടെ ഭീകരവാദ ക്യാമ്പുകളുണ്ടെന്നോ അവയ്ക്ക് കേടുപാടുകൾ സംഭവിച്ചുവെന്നോ സ്ഥിരീകരിക്കാൻ പാകിസ്ഥാൻ തയാറായിരുന്നില്ല. 'എന്തുകൊണ്ടാണ് ആക്രമണത്തിന് ശേഷം പാകിസ്ഥാൻ മദ്രസ പൂട്ടി സീൽവച്ചത്? എന്തുകൊണ്ട് മാധ്യമപ്രവർത്തകരെ അവിടെ പോകാൻ അനുവദിച്ചില്ല? മസൂദ് അസറിന്റെ സഹോദരൻ താമസിച്ചിരുന്ന ഗസ്റ്റ് ഹൗസായി ഉപയോഗിച്ചിരുന്ന കെട്ടിടം, പരിശീലകർ താമസിച്ചിരുന്ന L ആകൃതിയിലുള്ള കെട്ടിടം, വിദ്യാർത്ഥികൾക്ക് താമസിക്കാനുള്ള രണ്ടുനില കെട്ടിടം, അവസാനഘട്ട പരിശീലനം നൽകുന്ന കെട്ടിടം എന്നിവയാണ് ഇന്ത്യ തകർത്തത്'- അധികൃതർ വെളിപ്പെടുത്തുന്നു.
'റഡാർ ചിത്രങ്ങൾ പുറത്തുവിടണോ എന്ന് തീരുമാനിക്കേണ്ടത് രാഷ്ട്രീയ നേതൃത്വമാണ്. ഉപഗ്രഹ ചിത്രങ്ങൾ പോലെ റഡാർ ചിത്രങ്ങൾക്ക് അത്ര വ്യക്തതയില്ല. കനത്ത കാർമേഘമുണ്ടായിരുന്നതിനാൽ അന്നേദിവസത്തെ ഉപഗ്രഹ ചിത്രങ്ങൾക്ക് വ്യക്തതയില്ല' -അധികൃതർ പറയുന്നു. 'ആക്രമണത്തിനായി മദ്രസ തെരഞ്ഞെടുത്തത് വളരെ ശ്രദ്ധിച്ചാണ്. ചുറ്റുമൊന്നും ജനവാസ മേഖലയല്ല. അതുകൊണ്ടുതന്നെ അക്രമണത്തിൽ സാധാരണക്കാർ കൊല്ലപ്പെടില്ലെന്ന് ഉറപ്പാക്കിയിരുന്നു. വ്യോമസേനയ്ക്ക് നൽകിയിരുന്ന ഇന്റലിജൻസ് വിവരങ്ങൾ കൃത്യമായിരുന്നു'- അധികൃതർ കൂട്ടിച്ചേർത്തു. ആക്രമണസ്ഥലത്ത് എത്തിയ രണ്ട് റോയിട്ടേഴ്സ് റിപ്പോർട്ടർമാർ അവിടെ വലിയ ഗർത്തങ്ങൾ കണ്ടുവെന്നും പതിനഞ്ചോളം വലിയ പൈൻ മരങ്ങൾ ആക്രമണത്തിൽ പിഴുതുമാറ്റപ്പെട്ടുവെന്നും റിപ്പോർട്ട് ചെയ്യുന്നു.
കെട്ടിടങ്ങളെ ലക്ഷ്യമിട്ടത് വ്യോമസേനയുടെ കൈവശമുണ്ടായിരുന്ന ഇസ്രായേലി ബോംബുകളാണ്. പ്രതികൂല കാലാവസ്ഥയിലും കൃത്യമായി ലക്ഷ്യസ്ഥാനത്ത് ആക്രമണം നടത്താന് S2000ത്തിനാകും. 'ആദ്യം മേൽക്കൂരയിലേക്ക് തുളച്ചുകയറും അതിന് ശേഷം കെട്ടിടത്തിനുള്ളിലേക്ക് ആഴ്ന്നിറങ്ങും. അതിനുശേഷമാകും പൊട്ടിത്തെറിക്കുക. കെട്ടിടം തകർക്കുകയല്ല, അതിനുള്ളിലെ കൺട്രോൾ റൂമും സംവിധാനങ്ങളും തകർക്കുകയാണ് ചെയ്യുക. മേൽക്കൂരയുടെ കനവും വീതിയും, അവ എന്തുവസ്തുകൊണ്ടാണ് നിർമിച്ചിരിക്കുന്നത് എന്നിവയെല്ലാം പ്രോഗ്രാം ചെയ്ത സോഫ്റ്റ് വെയർ അനുസരിച്ചാണ് ഇവ പ്രവർത്തിക്കുക'- വിദഗ്ധർ പറയുന്നു. കട്ടിയുള്ള CGI ഷീറ്റുകളാണ് ഈ കെട്ടിടങ്ങളുടെ മേൽക്കൂരയായി ഉപയോഗിച്ചിരുന്നത്. റഡാർ ഇമേജുകളിൽ ഇവ അപ്രത്യക്ഷമായത് വ്യക്തമാണ്. രണ്ട് ദിവസം കഴിഞ്ഞ് ഈ CGI മേൽക്കൂരകൾ നവീകരിച്ച് പഴയപടിയാക്കി. അതുകൊണ്ട് ഉള്ളിലെ പൂർണമായ നാശനഷ്ടം സാങ്കേതികമായി കണ്ടെത്തുക പ്രയാസകരമാണ്- ഉന്നത വൃത്തങ്ങൾ വ്യക്തമാക്കി. ഈ മേഖലയിലെ പൂർണ നിയന്ത്രണം പാക് സൈന്യം ഏറ്റെടുത്തതോടെ ഇന്റലിജൻസിന് വിവരശേഖരണത്തിനോ ചിത്രങ്ങൾ എടുക്കാനോ കഴിയാതെ വന്നിട്ടുണ്ട്.
ഇന്ത്യൻ വ്യോമസേന ജാബ മലനിരകളിൽ ആക്രമണം നടത്തിയിട്ടില്ലെന്നും അവിടെ ഗർത്തങ്ങളോ നാശനഷ്ടങ്ങളോ ഉണ്ടാക്കിയിട്ടില്ലെന്നുമാണ് വ്യോമ സേന അധികൃതർ വ്യക്തമാക്കുന്നത്. ആക്രമണത്തിന് S2000 ബോംബുകൾ മാത്രമാണ് ഉപയോഗിച്ചിട്ടുള്ളത് എന്നതിനാൽ ഗർത്തങ്ങളോ മരങ്ങൾ കടപുഴകുന്നതിനോ സാധ്യതയില്ല. ബോംബ് നേരെ ഭൂമിക്കടിയിലേക്ക് പോവുകയും പൊട്ടിത്തെറിക്കുകയുമാണ് ചെയ്യുന്നത്. ഇത് ഗർത്തങ്ങളുണ്ടാക്കുകയല്ല. പകരം വലിയ മൺകൂനകൾ സൃഷ്ടിക്കുകയാണ് ചെയ്യുക'- അധികൃതർ വ്യക്തമാക്കി. വിമാനങ്ങൾ ഇന്ത്യൻ ഭാഗത്ത് നിലയുറപ്പിച്ചുകൊണ്ട് ലക്ഷ്യസ്ഥാനത്ത് ബോംബ് ഇടാനാണ് ശ്രമിച്ചതെന്നും അധികൃതർ പറഞ്ഞു. 100 കിലോമീറ്റർ ദൂരത്ത് നിന്ന് S2000 ബോംബുകൾ കൃത്യസ്ഥാനത്ത് ഇടാനാകും. റഡാർ രേഖകൾ പ്രകാരം ഇന്ത്യൻ വ്യോമസേനയുടെ ഒരു വിമാനവും നിയന്ത്രണരേഖ കടന്നിട്ടില്ല. ആക്രമണ സമയത്ത് യാത്രാ വിമാനങ്ങൾ നിർത്തിവച്ചതുമില്ല. പകരം മറ്റ് റൂട്ടുകൾ വഴിയാണ് വ്യോമസേന ആക്രമണത്തിനെത്തിയത്. പാകിസ്ഥാൻ തിരിച്ചടിക്കാൻ സാധ്യതയുള്ള വ്യോമസേന താവളങ്ങൾ സർവസജ്ജമായിരുന്നു. ഏത് ആക്രമണവും നേരിടാൻ പ്രതിരോധ സേനയ്ക്കും നിർദേശം നൽകിയിരുന്നു- അധികൃതർ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Badgam, Badgaon, Balakot, Balakot to loc distance, Baramulla, Bbc urdu, Budgam, Budgam district, CRPF Convoy attack in Pulwama, General Qamar Javed Bajwa, Gilgit, Iaf crash, India, India attacks Pakistan, India Attacks Pakistan LIVE, Islamabad, Jammu and kashmir, Jammu and kashmir map, Kashmir temperature, Line of Control, Manirathnam, Map of kashmir, Mig, Mig 21, Mig 21 crash, Mig crash, Muzaffarabad, Narendra modi, Naushera sector, New Delhi, Nowshera, Pak occupied kashmir, Pakistan, Pakistan occupied kashmir, Pm modi, Pok map, Prime minister narendra modi, Pti, Pulwama Attack, Pulwama terror attack, Qamar Jawed Bajwa, Rajouri, Sialkot, Srinagar and Pathankot, Srinagar to balakot distance, ഇന്ത്യൻ വ്യോമസേന, നരേന്ദ്ര മോദി, പാകിസ്താൻ, പാകിസ്ഥാൻ, പുൽവാമ ആക്രമണം, പുൽവാമ ഭീകരാക്രമണം, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഭീകരാക്രണം