ഇന്ത്യയിലെ ഓരോ സാധാരണക്കാരന്റെയും സ്വപ്നമായിരുന്നു വീട്ടില്‍ സ്വന്തമായി ഒരു ഇരുചക്ര വാഹനം വേണമെന്നത്. ആ സ്വപ്നസാക്ഷാത്കാരത്തിന് ചിറകുകള് നല്കിയ വ്യക്തിത്വമായിരുന്നു ഇന്നലെ അന്തരിച്ച ബജാജ് ഗ്രൂപ്പ് മുന്‍ ചെയര്മാന് രാഹുല്‍ ബജാജ് (Rahul Bajaj). 83 വയസായിരുന്നു. പൂനെയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ ഒരു മാസമായി അദ്ദേഹത്തെ പൂനെയിലെ റൂബി ഹാൾ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു അദ്ദേഹം.
അദ്ദേഹത്തിന്റെ ശക്തമായ നേതൃത്വത്തിൽ ബജാജ് ഓട്ടോ രാജ്യത്തെ ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയത്തിൽ എത്തി. 1970 - 1990 കാലഘട്ടത്തിന് ഇടയിൽ ഇന്ത്യയിലെ ഇരുചക്ര വാഹനങ്ങളുടെ പര്യായമായിരുന്നു ബജാജ്.
1938 ജൂൺ 30-ന് കൊൽക്കത്തയിൽ ജനിച്ച രാഹുല്‍ ബജാജ്, 1958-ൽ ഡൽഹിയിലെ പ്രശസ്തമായ സെന്റ് സ്റ്റീഫൻസ് കോളേജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടി. ഹാർവാർഡ് ബിസിനസ് സ്കൂളിൽ നിന്ന് എംബിഎയും കരസ്ഥമാക്കി.1926-ൽ രാഹുൽ ബജാജിന്റെ മുത്തച്ഛൻ ജംനാലാൽ ബജാജാണ് ബജാജ് ഗ്രൂപ്പ് ഓഫ് കമ്പനികൾക്ക് രൂപം നൽകിയത്.
READ ALSO-
Rahul Bajaj | ബജാജ് ഓട്ടോ മുൻ ചെയർമാൻ രാഹുൽ ബജാജ് അന്തരിച്ചു
പഠനം പൂർത്തിയാക്കിയ ശേഷം, 1968-ൽ ബജാജ് ഓട്ടോയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ചുമതലയേറ്റു. അധികാരത്തിലേറി ഏതാനും വർഷങ്ങൾക്കുള്ളിൽ, ബജാജ് സിമന്റ്, ഇലക്ട്രിക്കൽ വീട്ടുപകരണങ്ങൾ, സ്കൂട്ടറുകൾ എന്നിവയുൾപ്പെടെ പുതിയ ബിസിനസുകളിലേക്ക് കമ്പനി വളര്‍ന്നതിന് പിന്നില്‍ രാഹുല്‍ ബജാജിന്റെ പ്രവര്‍ത്തനമായിരുന്നു.
ബജാജിന്റെ സ്വപ്നയാത്ര തുടങ്ങുന്നു..
അടഞ്ഞ സമ്പദ്വ്യവസ്ഥയിൽ നിന്ന് ഉദാരവൽക്കരണ നയത്തില്‍ ഊന്നിയുള്ള സമ്പദ്വ്യവസ്ഥയിലേക്ക് ഇന്ത്യ മാറുന്ന സമയത്താണ് ബജാജ് ഗ്രൂപ്പ് തങ്ങളുടെ ജൈത്രയാത്ര ആരംഭിക്കുന്നത്. കുറച്ചു വര്‍ഷങ്ങള്‍ക്ക് ശേഷം അക്കാലത്തെ ഏറ്റവും മികച്ച സ്കൂട്ടറായ ചേതക് ബജാജ് പുറത്തിറക്കി, പിന്നീട് രാജ്യത്തെ ഏറ്റവും പ്രിയപ്പെട്ട ഇരുചക്ര വാഹനങ്ങളിലൊന്നായി ചേതക് മാറുന്നതാണ് വ്യവസായ ലോകം കണ്ടത്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലം വിദേശ കമ്പനികളുടെ സ്കൂട്ടറുകള് വാങ്ങന്‍ കഴിയാതിരുന്ന സാധാരണക്കാരന്റെ മനസിലും അവരുടെ സ്വന്തം സ്കൂട്ടര്‍ എന്ന പേരില്‍ ചേതക് അറിയപ്പെടാന്‍ തുടങ്ങി.
1980-90 കാലഘട്ടത്തിലെ ഇന്ത്യയിലെ ഓരോ സാധാരണക്കാരന്റെയും പ്രതീക്ഷകള്‍ക്ക് ഈണം നല്‍കിയത് ഹമാരാ ബജാജ് പരസ്യത്തിലെ ഗാനമായിരുന്നു. ചുരുങ്ങിയ കാലം കൊണ്ട് അത്രത്തോളം ജനപ്രീതി നേടിയിരുന്ന ബജാജും ചേതകും.
1950-1960 കാലഘട്ടത്തില്‍ മൂന്ന് ചക്രങ്ങളുള്ള ഓട്ടോ റിക്ഷകളും മിനി ട്രക്കുകളും ബജാജ് വിപണിയിലെത്തിച്ചു. 1960 ല്‍ ഇറ്റാലിയന്‍ കമ്പനിയായ പിയാജിയോയുമായി സഹകരിച്ച് വെസ്പ സ്കൂട്ടറുകളുടെ നിര്‍മ്മാണത്തിനായി ഒരു പ്ലാന്റും ബജാജ് സ്ഥാപിച്ചു. ഇതോടെ ഇന്ത്യയിലെ ഇരുചക്രവാഹന മേഖലയുടെ സര്‍വാധിപത്യം ബജാജ് ഗ്രൂപ്പ് നേടി.
ജപ്പാന് കമ്പനിയായ കവാസാക്കിയുമായി സഹകരിച്ച് ഇന്ത്യയില്‍ തദ്ദേശീയമായ ബൈക്കുകള്‍ നിര്‍മിക്കുന്ന ആദ്യ കമ്പനിയായി ബജാജ് മാറി. 1990കളില്‍ ബൈക്കുകളുടെ സ്വീകാര്യത മങ്ങി തുടങ്ങിയോപ്പോഴും ബജാജ് കമ്പനി ശക്തരായി തന്നെ നിലനിന്നു. രാഹുല്‍ ബജാജിന്റെ നേതൃത്വത്തില്‍ ബജാജ് ഓട്ടോയുടെ വിറ്റുവരവ് 7.2 കോടി രൂപയിൽ നിന്ന് 12,000 കോടി രൂപയായി വളർന്നു.
'വ്യക്തവും നിർഭയവുമായ' സ്വഭാവത്തിന് പേരുകേട്ട രാഹുൽ ബജാജ് യഥാർത്ഥത്തിൽ രാജ്യത്തെ ഇരുചക്ര വാഹന വ്യവസായ രംഗത്തെ മുഖമുദ്രയായിരുന്നു. വ്യവസായത്തെ സംബന്ധിച്ച നയത്തിൽ തന്റെ നിലപാട് വ്യക്തമാക്കുന്നതിൽ നിന്ന് അദ്ദേഹം ഒരിക്കലും ഒഴിഞ്ഞുമാറിയിരുന്നില്ല.
ഹുല്‍ ബജാജിനെ അനുസ്മരിച്ച് വ്യവസായി ആനന്ദ് മഹീന്ദ്ര എഴുതിയത് ഇങ്ങനെയായിരുന്നു. “ ഭീമന്മാരുടെ ചുമലിലാണ് ഞാന്‍ ഇപ്പോള്‍ നിൽക്കുന്നത്. നന്ദി, രാഹുൽഭായ്, നിങ്ങളുടെ വിശാലമായ തോളിൽ കയറാൻ എന്നെ അനുവദിച്ചതിന്, എന്നെ ഉപദേശിച്ചതിന്, എന്നെ ആശ്വസിപ്പിച്ചതിന്, ധൈര്യമായിരിക്കാൻ എന്നെ പ്രോത്സാഹിപ്പിച്ചതിന്."
ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചേഴ്സ് സൊസൈറ്റിയിൽ (സിയാം) കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ (സിഐഐ) പ്രസിഡന്റായി രാഹുൽ ബജാജ് രണ്ടുതവണ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഒപ്പം ഇന്ത്യന്‍ എയര്‍ലൈന്‍സ് ചെയര്‍മാനായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. 2001 ല്‍ പത്മഭൂഷണ്‍ നല്കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. ഇന്റര്‍നാഷണല്‍ ബിസിനസ് കൗണ്‍സില്‍, വേള്‍ഡ് ഇക്കണോമിക് ഫോറം എന്നിവയുടെ തലപ്പത്തും സേവനമനുഷ്ഠിച്ച അദ്ദേഹം ഹാര്‍വേര്‍ഡ് ബിസിനസ് സ്കൂളിന്റെ ദക്ഷിണേഷ്യ അഡ്വൈസറി ബോര്‍ഡ് അംഗമായിരുന്നു.
.2021 ലെ ഫോർബ്സ് ഇന്ത്യയുടെ 100 സമ്പന്നരുടെ പട്ടിക പ്രകാരം ബജാജ് കുടുംബത്തിന്റെ ആസ്തി 14.4 ബില്യൺ ഡോളറാണ്. ഇന്ത്യയിലെ സമ്പന്ന കുടുംബങ്ങളിൽ 12-ാം സ്ഥാനത്താണ് ബജാജ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.