ന്യൂഡൽഹി: സിഖ് വിരുദ്ധ കലാപത്തെ കുറിച്ച് നടത്തിയ പരാമർശത്തിൽ കോണ്‍ഗ്രസ് നേതാവ് സാം പിത്രോദയെ തള്ളി പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി. പിത്രോദ പരിധി ലംഘിച്ചു എന്നും മാപ്പ് പറയണമെന്നും രാഹുൽ പറഞ്ഞു. സാം പിത്രോദയോട് ഇതെക്കുറിച്ച് നേരിട്ട് സംസാരിക്കുമെന്നും രാഹുൽ അറിയിച്ചു. 1984ലെ സിഖ് കൂട്ടക്കൊലയുടെ ഉത്തരവാദികൾ ശിക്ഷിക്കപ്പെടണം എന്നതാണ് കോൺഗ്രസിന്റെ നിലപാടെന്നും രാഹുൽ ട്വീറ്റ് ചെയ്തു.
തന്റെ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സാം പിത്രോദ ഇന്നലെ തന്നെ രംഗത്ത് വന്നിരുന്നു. തന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചുവെന്നും സാഹചര്യത്തിൽ നിന്ന് അടർത്തി മാറ്റിയെന്നും പിത്രോദ ആരോപിച്ചു. പരാമർശം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതിൽ ഖേദമുണ്ടെന്നും മാപ്പ് പറയുകയാണെന്നും പിത്രോദ പറഞ്ഞു. തന്റെ ഹിന്ദി മോശമാണെന്നും പിത്രോദ കൂട്ടിച്ചേർത്തു.
പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചു; മാപ്പ് പറഞ്ഞ് പിത്രോദ
സിഖ് കലാപത്തെ കുറിച്ച് വ്യാഴാഴ്ച പിത്രോദ നടത്തിയ പരാമര്‍ശമാണ് വിവാദമായത്. 1984ൽ അത് സംഭവിച്ചു. അതിനെന്താ എന്നാണ് പിത്രോദ പറഞ്ഞത്. പരാമർശത്തിനെതിരെ പ്രധാനമന്ത്രിയും ബിജെപി നേതാക്കളും ഉൾപ്പെടെയുള്ളവർ വലിയ വിമർശനങ്ങളുമായി രംഗത്തെത്തിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Anti sikh riot, Bjp, Congress, Narendra modi, Rahul gandhi, കോൺഗ്രസ്, ബിജെപി, സിഖ് വിരുദ്ധ കലാപം