ശ്രീനഗർ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ പദയാത്ര സമാപിച്ചു. ശ്രീനഗറിലെ ലാൽ ചൗക്കിൽ രാഹുൽ ഗാന്ധി ദേശീയ പതാക ഉയർത്തി. സഹോദരിയും എഐസിസി ജനറൽ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധിയും രാഹുലിനൊപ്പമുണ്ടായിരുന്നു. ഇന്നു രാവിലെ ശ്രീനഗറിലെ പാന്ത ചൗക്കിൽ നിന്നാണ് യാത്ര പുനരാരംഭിച്ചത്. ശേഷം പ്രിയങ്കാ ഗാന്ധിക്കൊപ്പം ലാൽ ചൗക്കിൽ ദേശീയ പതാക ഉയർത്തുകയായിരുന്നു. ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനം നാളെ ശ്രീനഗറിൽ നടക്കും.
നാലര മാസം മുൻപ് കന്യാകുമാരിയിൽനിന്നാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ യാത്ര പുറപ്പെട്ടത്. 136 ദിവസം കൊണ്ട് 4080 കിലോമീറ്റർ പിന്നിട്ടാണ് യാത്ര ശ്രീനഗറിലെത്തിയത്.
LIVE: National flag hoisting at Lal Chowk, Srinagar, Jammu and Kashmir. #BharatJodoYatra https://t.co/m9aDgs8GXI
— Congress (@INCIndia) January 29, 2023
സമാപന സമ്മേളനത്തിലേക്ക് 23 പ്രതിപക്ഷ കക്ഷികളെ ക്ഷണിച്ചിട്ടുണ്ട്. ഇതിൽ 13 കക്ഷികൾ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഡിഎംകെ, എൻസിപി, ആർജെഡി, ജനതാദൾ (യു), ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം), കേരള കോൺഗ്രസ് (ജോസഫ്), പിഡിപി, ജമ്മു കശ്മീർ നാഷനൽ കോൺഫറൻസ്, ജെഎംഎം, വിടുതലൈ ചിരുതൈകൾ കച്ചി (വിസികെ) തുടങ്ങിയ പാർട്ടികളുൾപ്പെടെ പങ്കെടുക്കും. തൃണമൂൽ കോൺഗ്രസ്, ബിഎസ്പി, എസ്പി, ജെഡിഎസ്, ജെഡിയു, സിപിഎം എന്നിവയുൾപ്പെടെ വിട്ടുനിൽക്കും.
Also Read- ഒഡീഷ ആരോഗ്യമന്ത്രിക്ക് നേരെ പൊലീസ് ഉദ്യോഗസ്ഥൻ വെടിയുതിർത്തു; ഗുരുതരാവസ്ഥയിൽ
2022 സെപ്റ്റംബർ 7ന് കന്യാകുമാരിയിൽനിന്ന് തുടങ്ങിയ യാത്ര 4080 കിലോമീറ്ററാണ് പിന്നിട്ടത്. 12 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളുമായി 75 ജില്ലകളിലൂടെ യാത്ര കടന്നുപോയി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.