ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി (Rahul Gandhi). ഇന്ത്യയും ചൈനയും തമ്മിലുള്ള വിദേശനയത്തില്‍ ചോദ്യങ്ങള്‍ ഉന്നയിച്ചാണ് രാഹുല്‍ രംഗത്തെത്തിയത്.
ഇന്ത്യന്‍ മണ്ണിലേക്കുള്ള ചൈനീസ് കടന്നുകയറ്റത്തെക്കുറിച്ച് പാര്‍ലമെന്റില്‍ ചോദ്യമുന്നയിക്കാന്‍ പോലും പ്രതിപക്ഷത്തെ അനുവദിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. യുകെ പര്യടനത്തിനിടെ നടന്ന പരിപാടിയ്ക്കിടെയാണ് രാഹുലിന്റെ പരാമര്‍ശം.
തനിക്ക് എതിരെയുള്ള വിമര്‍ശനങ്ങളെ ഭയക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് ധൈര്യവും ഭയവും തമ്മിലുള്ള യുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ-ചൈന ബന്ധങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ പങ്കുവെച്ച അദ്ദേഹം ബിജെപിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തു.
മറുവശത്ത് ആക്രമത്തിന്റെയും വിദ്വേഷത്തിന്റെയും ഒരു പ്രത്യയശാസ്ത്രമുണ്ട്. ബഹുമാനം അര്‍ഹിക്കാത്ത പ്രത്യയശാസ്ത്രമാണിത്. വ്യത്യസ്തമായ പ്രത്യേയശാസ്ത്രങ്ങളുടെ പേരില്‍ ജനങ്ങളെ ആക്രമിക്കുന്ന ആശയമാണിത്. ഈ സ്വഭാവം ബിജെപിയ്ക്കും ആര്‍എസ്എസിനും ഉണ്ടെന്ന കാര്യം നിങ്ങള്‍ ശ്രദ്ധിച്ചിരിക്കാം,’ രാഹുല്‍ പറഞ്ഞു.
Also read: ‘സഖാവേ നന്ദി; ഫാസിസ്റ്റുകളെ അകറ്റാന്‍ ഒരുമിച്ചു പ്രവര്‍ത്തിക്കാം’; പിണറായി വിജയനോട് സ്റ്റാലിൻ
അവരുടെ പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനം തന്നെ ഭീരുത്വമാണ് എന്നും രാഹുല്‍ പറഞ്ഞു. തുടര്‍ന്ന് ചൈനയെപ്പറ്റിയുള്ള കേന്ദ്ര വിദേശ കാര്യമന്ത്രി എസ് ജയശങ്കറിന്റെ പരാമര്ശത്തിനെതിരയും രാഹുല്‍ രംഗത്തെത്തി.
”കേന്ദ്ര വിദേശകാര്യമന്ത്രിയുടെ പരാമര്‍ശം നിങ്ങള്‍ ശ്രദ്ധിച്ചുകാണും. അദ്ദേഹം പറഞ്ഞത് നമ്മളെക്കാള്‍ ശക്തമായ രാജ്യമാണ് ചൈന എന്നാണ്. അങ്ങനെ കരുതുകയാണെങ്കില്‍ എങ്ങനെ അവരുമായി എനിക്ക് ഏറ്റുമുട്ടാൻ കഴിയും? അവരുടെ പ്രത്യയശാസ്ത്രത്തിന്റെ ഹൃദയഭാഗം ഭീരുത്വമാണ്,’ രാഹുല്‍ പറഞ്ഞു.
വിഡി സവര്‍ക്കറെയും അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രത്തെയും രാഹുല്‍ വിമര്‍ശിച്ചു. സവര്‍ക്കറുടെ പുസ്തകത്തിലെ ഒരു അധ്യായത്തില്‍ ഒരു മുസ്ലിമിനെ നാലോ അഞ്ചോ പേര് ചേര്‍ന്ന് തല്ലിയതില്‍ അദ്ദേഹം സന്തോഷം പ്രകടിപ്പിക്കുന്ന ഭാഗമുണ്ട്. അങ്ങനെ സന്തോഷം ലഭിക്കുന്നുണ്ടെങ്കില്‍ അത് ഭീരുത്വമാണെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.
അതേസമയം പ്രതിപക്ഷത്തോട് ഉള്ള കേന്ദ്രസര്‍ക്കാരിന്റെ മനോഭാവത്തെപ്പറ്റിയും അദ്ദേഹം പറഞ്ഞു. കേംബ്രിഡ്ജ് സര്‍വ്വകലാശാലയില്‍ പ്രഭാഷണം നടത്താന്‍ തനിക്ക് ക്ഷണമുണ്ടായിരുന്നു. ഒരു ഇന്ത്യന്‍ രാഷ്ട്രീയ നേതാവിന് ഇന്ത്യയിലെ തന്നെ സര്‍വ്വകലാശാലകളില്‍ സ്വതന്ത്രമായി സംസാരിക്കാനുള്ള സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
”വളരെ നല്ല അന്തരീക്ഷമായിരുന്നു അവിടെ (കേംബ്രിഡ്ജ് സര്‍വ്വകലാശാലയില്‍). ഇന്ത്യന്‍ രാഷ്ട്രീയ നേതാവിന് കേംബ്രിഡ്ജ് സര്‍വ്വകലാശാലയിലും ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയിലും പ്രഭാഷണം നടത്താന്‍ കഴിയും. എന്നാല്‍ ഇന്ത്യയിലെ സര്‍വ്വകലാശാലകളില്‍ സ്വതന്ത്രമായി സംസാരിക്കാന്‍ കഴിഞ്ഞെന്ന് വരില്ല,” എന്നും രാഹുല്‍ കൂട്ടിച്ചേർത്തു.
പ്രതിപക്ഷത്തിന്റെ യാതൊരു ആശയവും കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കുന്നില്ല. അവ ചര്‍ച്ച ചെയ്യാന്‍ പോലും തയ്യാറാകുന്നില്ലെന്നും രാഹുല്‍ പറഞ്ഞു. ഇതേ അവസ്ഥ തന്നെയാണ് പാര്‍ലമെന്റിലും. പ്രധാനപ്പെട്ട വിഷയങ്ങളെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ തങ്ങള്‍ മുന്‍കൈയെടുക്കുമ്പോള്‍ അവയ്ക്ക് അനുവാദം ലഭിക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
” ഇത് വളരെ ലജ്ജാകരമാണ്. ഇത്തരമൊരു ഇന്ത്യയിലല്ല നമ്മള് ഇതിന് മുമ്പ് ജീവിച്ചത്. വളരെ സ്വതന്ത്രമായ രാജ്യമായിരുന്നു ഇന്ത്യ. ഇന്ത്യയിലെ ജനങ്ങളുടെ ബുദ്ധിശക്തിയില്‍ അഭിമാനം കൊണ്ടിരുന്നു. മറ്റുള്ളവരുടെ അഭിപ്രായങ്ങളെ മാനിച്ചിരുന്നു. ആ അന്തരീക്ഷം ഇന്ന് തകര്‍ന്നിരിക്കുന്നു,” രാഹുല്‍ പറഞ്ഞു.
ഭാരത് ജോഡോ യാത്രയിലുടനീളം തനിക്ക് നേരെ ഉയര്‍ന്ന വിമര്‍ശനങ്ങളെപ്പറ്റിയും അദ്ദേഹം മനസ്സ് തുറന്നു. വിമര്‍ശനങ്ങളെല്ലാം തനിക്ക് നല്ലത് മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
” അവര്‍ എത്ര വിമര്‍ശനം ഉന്നയിച്ചാലും അവ എനിക്ക് നല്ലത് മാത്രമാണ് ചെയ്യുന്നത്. ധൈര്യവും ഭീരുത്വവും തമ്മിലുള്ള യുദ്ധമാണിത്. ബഹുമാനവും അനാദരവും തമ്മിലുള്ള യുദ്ധമാണിത്. സ്നേഹവും വിദ്വേഷവും തമ്മിലുള്ള യുദ്ധമാണിത്. വിദ്വേഷത്തിന്റെ വിപണിയില്‍ സ്നേഹത്തിന്റെ കട തുറക്കുകയാണ് തങ്ങളുടെ ലക്ഷ്യം,’ രാഹുല്‍ പറഞ്ഞു.
ഭാരത് ജോഡോ യാത്രയിലൂടെ എന്താണ് യഥാര്‍ത്ഥ ഇന്ത്യയെന്ന് തെളിയിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എന്താണ് ഇന്ത്യന്‍ മൂല്യങ്ങള്‍? എന്താണ് നമ്മുടെ മതങ്ങള്‍ നമ്മോട് പറയുന്നത്? വിവിധ ഭാഷകള്‍ എന്താണ് നമ്മോട് പറയുന്നത്? ഒരുപാട് ആശയങ്ങളുള്ള ഒരു രാജ്യമാണ് ഇന്ത്യ. അനാദരവില്ലാതെ ദേഷ്യമില്ലാതെ വെറുപ്പില്ലാതെ പരസ്പരം യോജിച്ച് ജീവിക്കാനുള്ള കഴിവ് നമുക്കുണ്ട്. അങ്ങനെ ചെയ്യുമ്പോഴാണ് നമ്മള് വിജയിക്കുന്നത്. അതായിരുന്നു യാത്രയുടെ സന്ദേശമെന്നും അദ്ദേഹം പറഞ്ഞു.
ഈ ആഴ്ചയോടെ രാഹുല്‍ ഗാന്ധിയുടെ യുകെ പര്യടനം അവസാനിക്കും. യുകെയിലെ ഹൗസ് ഓഫ് കോമണ്‍സ് കോംപ്ലക്സില്‍ ലേബര്‍ പാര്‍ട്ടി നേതാവും ഇന്ത്യന്‍ വംശജനുമായ എംപി വീരേന്ദ്ര ശര്‍മ്മ ആതിഥേയത്വം വഹിക്കുന്ന ഒരു പരിപാടിയോടെയാകും രാഹുലിന്റെ പര്യടനം അവസാനിക്കുക.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.