എം ഉണ്ണികൃഷ്ണന്ന്യൂഡൽഹി: പ്രധാനമന്ത്രി കള്ളനാണെന്നു സുപ്രീംകോടതി കണ്ടെത്തിയെന്ന പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കാവല്ക്കാരന് കള്ളനാണെന്ന പ്രചാരണവുമായി ബന്ധപ്പെടുത്തി തെരഞ്ഞെടുപ്പ് ചൂടില്‍ പറഞ്ഞു പോയതാണ് ഇക്കാര്യം. എതിരാളികള്‍ പ്രസ്താവന രാഷ്ട്രീയ ആയുധം ആക്കിയെന്നും രാഹുല്‍ കോടതിയില്‍ ഫയല്‍ ചെയ്ത മറുപടിയില്‍ പറയുന്നു. പ്രധാനമന്ത്രിക്ക് എതിരായ രാഹുലിന്റെ നുണകള്‍ പൊളിഞ്ഞതായി ബിജെപി പ്രതികരിച്ചു.
റഫാല്‍ കേസില്‍ കേന്ദ്ര സര്‍ക്കാരിന്റെ എതിര്‍പ്പ് മറികടന്നു പുതിയ രേഖകള്‍ പരിശോധിക്കാന്‍ സുപ്രീംകോടതി തീരുമാനിച്ച ഏപ്രില്‍ പത്തിന് ആയിരുന്നു രാഹുലിന്റെ വിവാദ പരാമര്‍ശം. പ്രധാനമന്ത്രി കള്ളനാണെന്നു സുപ്രീംകോടതി കണ്ടെത്തിയെന്ന അമേഠിയിലെ പ്രസ്താവന കോടതിയലക്ഷ്യമെന്ന് ആരോപിച്ചു ബിജെപി നേതാവ് മീനാക്ഷി ലേഖിയാണ് കോടതിയെ സമീപിച്ചത്. ഇത്തരം പരാമര്‍ശം നടത്തിയിട്ടില്ലെന്ന് ഹര്‍ജി പരിഗണിക്കവെ സുപ്രീംകോടതി തന്നെ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് പരാമര്‍ശങ്ങളെ പ്രതിരോധിക്കാതെ ഖേദം പ്രകടിപ്പിച്ചുകൊണ്ടുള്ള രാഹുല്‍ ഗാന്ധിയുടെ മറുപടി.
കാവല്ക്കാരന് കള്ളനാണെന്ന പാര്‍ട്ടിയുടെ പ്രചാരണവുമായി ബന്ധപ്പെടുത്തി തെരഞ്ഞെടുപ്പ് ചൂടില്‍ ആലങ്കാരികമായി പറഞ്ഞതാണ് ഇക്കാര്യം. റഫാലില്‍ കോടതി തീര്‍പ്പ് കല്പിച്ചതായി തന്റെ പരാമർശങ്ങളുടെ അടിസ്ഥാനത്തില്‍ കരുതേണ്ടതില്ല. താന്‍ മനസില്‍ അങ്ങനെ ഉദ്ദേശിച്ചിട്ടില്ല. രാഷ്ട്രീയ എതിരാളികള്‍ പരാമര്‍ശം ദുരുപയോഗിച്ചു. കോടതി രേഖകളില്‍ ഇല്ലാത്ത കാര്യങ്ങള്‍ ഭാവിയില്‍ രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കില്ലെന്നും രാഹുല്‍ പറയുന്നു. മറുപടി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നാളെ പരിഗണിക്കും. പറയുന്നത് നുണയാണെന്നു രാഹുല്‍ തന്നെ സമ്മതിച്ചതായി ബിജെപി പ്രതികരിച്ചു.
ഖേദം സുപ്രീംകോടതി അംഗീകരിച്ചാല്‍ ഹര്‍ജിയിലെ തുടര്‍ നടപടികള്‍ അവസാനിപ്പിക്കും. റഫാലില്‍ കാവല്ക്കാരന് കള്ളനാണെന്ന രാഹുലിന്റെ് പ്രചാരണം ദുര്‍ബലമാക്കാന്‍ കോടതിയിലെ ഖേദ പ്രകടനം ബിജെപി ഉപയോഗിക്കുമെന്ന് ഉറപ്പാണ്. രാഹുല്‍ മൂര്‍ച്ച കൂട്ടി കൊണ്ടുവന്ന പ്രചാരണ ആയുധമാണ് അദ്ദേഹത്തിന്റെ തന്നെ അശ്രദ്ധയോടെയുള്ള പരാമർശത്തിലൂടെ ദുര്‍ബലമാകുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.