ന്യൂഡൽഹി: വെറും പത്തു ദിവസത്തെ ആലോചനകൾക്ക് ഒടുവിലല്ല പ്രിയങ്ക ഗാന്ധി സജീവരാഷ്ട്രീയത്തിലേക്ക് എത്തിയത്. വർഷങ്ങൾ നീണ്ട ആലോചനകൾക്കും ചർച്ചകൾക്കും ആസൂത്രണങ്ങൾക്കും ശേഷമാണ്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഭുവനേശ്വറിലെ ഒരു ടൗൺ ഹാളിൽ നടന്ന പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് രാഹുൽ ഗാന്ധി ഇക്കാര്യം വ്യക്തമാക്കിയത്.
"പ്രിയങ്ക സജീവരാഷ്ട്രീയത്തിലേക്ക് എത്തിയത് പത്തു ദിവസം മുമ്പ് മാത്രമെടുത്ത തീരുമാനമായിരുന്നില്ല. വർഷങ്ങൾക്ക് മുമ്പ് എടുത്ത തീരുമാനമാണ് അത്. ഞാൻ എന്റെ സഹോദരിയോട് സംസാരിച്ചിരുന്നു. എന്നാൽ, നേരത്തെ അവൾ തന്റെ കുട്ടികളുടെ കാര്യം ശ്രദ്ധിക്കുന്നതിന് ആയിരുന്നു പരിഗണന നൽകിയിരുന്നത്".
"ഞാനും സഹോദരിയും ഒരുപാട് സഹിച്ചിട്ടുണ്ട്. ഞങ്ങൾ വിശിഷ്ടമായ കുടുംബത്തിൽ നിന്നായതിനാൽ ഇതെല്ലാം ഞങ്ങൾക്ക് എളുപ്പമാണെന്നാണ് എല്ലാവരും കരുതുന്നത്. എന്നാൽ, അങ്ങനെയല്ല. ഞങ്ങളുടെ പിതാവും മുത്തശ്ശിയും കൊല്ലപ്പെട്ടവരാണ്. അത് രാഷ്ട്രീയമായ നഷ്ടമായിരുന്നു. പക്ഷേ, ഞങ്ങൾ ഒരുപാട് സഹിച്ചു."- രാഹുൽ ഗാന്ധി പറഞ്ഞു.
കഴിഞ്ഞദിവസമാണ് പ്രിയങ്ക ഗാന്ധി കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറിയായി നിയമിതയായത്. ജ്യോതിരാദിത്യ സിന്ധ്യയ്ക്കാണ് പടിഞ്ഞാറൻ ഉത്തർപ്രദേശിന്റെ ചുമതല. സംസ്ഥാനത്ത് അടുത്ത സർക്കാർ രൂപീകരിക്കാനുള്ള ഉത്തരവാദിത്തമാണ് തന്റെ സഹോദരിയെ ഏൽപിച്ചിരിക്കുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
'സുന്ദരമായ മുഖം വോട്ടു കൊണ്ടുവരില്ല' ബീഹാര്‍ മന്ത്രിയുടെ പരാമര്‍ശം വിവാദത്തിലേക്ക്
ബി ജെ പിയുടെ ഏറ്റവും ശക്തമായ കേന്ദ്രങ്ങളിൽ ഒന്നായാണ് കിഴക്കൻ യു പി പരിഗണിക്കപ്പെടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയും യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കേന്ദ്രമായ ഖോരഗ്പൂരും ഇവിടെയാണ്. അതുകൊണ്ടു തന്നെ പ്രിയങ്ക ഗാന്ധിയിൽ നിക്ഷിപ്തമായിരിക്കുന്ന ഉത്തരവാദിത്തം ചെറുതല്ല.
ഉത്തർപ്രദേശിലെ എസ് പി - ബി എസ് പി സഖ്യ പ്രഖ്യാപനത്തിനു പിന്നാലെയാണ് പ്രിയങ്കയെ ജനറൽ സെക്രട്ടറിയാക്കിയുള്ള കോൺഗ്രസിന്റെ മറുപടി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.