• HOME
  • »
  • NEWS
  • »
  • india
  • »
  • മൂന്ന് സംസ്ഥാനങ്ങൾ; മൂന്ന് മുഖ്യമന്ത്രിമാർ: രാഹുലിന്‍റെ തീരുമാനം ഇന്ന്

മൂന്ന് സംസ്ഥാനങ്ങൾ; മൂന്ന് മുഖ്യമന്ത്രിമാർ: രാഹുലിന്‍റെ തീരുമാനം ഇന്ന്

  • Share this:
    ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച മൂന്ന് സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാർ ആരാകുമെന്ന കാര്യത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ തീരുമാനം ഇന്നുണ്ടായേക്കും. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് മുഖ്യമന്ത്രിമാർ ആരെന്നതിൽ ഇതുവരെയും അന്തിമതീരുമാനം ആയിട്ടില്ല. സംസ്ഥാനം സന്ദർശിച്ച് എംഎൽഎമാരുടെ അഭിപ്രായം കേട്ട കേന്ദ്രനിരീക്ഷകർ രാഹുലിന് റിപ്പോർട്ട് നൽകും. നേതാക്കൾ തമ്മിലുള്ള വടംവലിക്കിടെ മധ്യപ്രദേശിൽ കമൽ നാഥ്‌, രാജസ്ഥാനിൽ അശോക് ഗെലോട്ട്, ഛത്തീസ്ഗഡിൽ ഭൂപേഷ് ഭാഗൾ എന്നിവർക്കാണ് മേൽക്കൈ.

    നേതാക്കളെ പിന്തുണയ്ക്കുന്ന വിഭാഗങ്ങൾ തമ്മിലുള്ള അവകാശവാദം രൂക്ഷമായതോടെയാണ് മധ്യപ്രദേശിലും രാജസ്ഥാനിലും തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗത്തിൽ തീരുമാനം ആകാതിരുന്നത്. ജയ്പൂരിൽ യോഗം നടന്ന പാർട്ടി ആസ്ഥാനത്തിന് പുറത്ത് സച്ചിൻ പൈലറ്റ് - ഗെലോട്ട് അനുയായികൾ മുദ്രാവാക്യം ഉയർത്തിയതോടെ സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പൊലീസിന് ഇറങ്ങേണ്ടി വന്നു.

    മൂന്നിൽ രണ്ട് എംഎൽഎമാരുടെയും 10 സ്വതന്ത്രരുടെയും പിന്തുണ ഉണ്ടെന്നാണ് പൈലറ്റിനെ അനുകൂലിക്കുന്നവരുടെ അവകാശവാദം. എംഎൽഎമാരുടെ അഭിപ്രായം ഡൽഹിയിൽ രാഹുൽ ഗാന്ധിയെ അറിയിക്കുമെന്നു നിരീക്ഷകരായ കെസി വേണുഗോപാലും അവിനാശ് പാണ്ഡെയും അറിയിച്ചു. ജാതി സമവാക്യങ്ങളും അനുഭവ സമ്പത്തും പരിഗണിച്ചു സാധ്യത അശോക് ഗെലോട്ടിനാണ്.

    കമൽനാഥ് മധ്യപ്രദേശ് മുഖ്യമന്ത്രിയാകും; പ്രഖ്യാപനം രാഹുൽഗാന്ധിക്ക് വിട്ടു

     കോൺഗ്രസിന്റെ വിജയവും സച്ചിൻ പൈലറ്റിന്റെ തലപ്പാവും തമ്മിൽ എന്ത് ബന്ധം?



     അതേസമയം ഭോപ്പാലിൽ നടന്ന എംഎൽഎ മാരുടെ യോഗത്തിൽ കമൽനാഥിനായിരുന്നു മേൽക്കൈ. ശക്തമായ അവകാശ വാദമുന്നയിച്ചു ജ്യോതിരാദിത്യ സിന്ധ്യ വിഭാഗവും രംഗത്തെത്തിയതോടെ കേന്ദ്ര നിരീക്ഷകൻ എകെ ആന്റണി രാഹുൽ ഗാന്ധിയെ സ്ഥിതിഗതികൾ ധരിപ്പിക്കാൻ തിരിച്ചു. സിന്ധ്യയും കമൽനാഥും രാഹുലിനെ കണ്ടേക്കും. ഇതിനിടയിൽ മുഖ്യമന്ത്രിയാകാൻ താൻ തയ്യാറാണെന്ന് ജ്യോതിരാദിത്യ സിന്ധ്യ CNN News 18നു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

    ഛത്തീസ് ഗഡിൽ ചേർന്ന എംഎൽഎ മാരുടെ യോഗത്തിൽ പിസിസി അധ്യക്ഷൻ ഭൂപേഷ് ഭാഗലിന്‍റെ പേരിനാണ് മുൻതൂക്കം. കേന്ദ്ര നിരീക്ഷകൻ മല്ലികാർജ്ജുൻ ഖാർഗെ രാഹുൽ ഗാന്ധിക്ക് റിപ്പോർട്ട് നൽകും. അതിനിടെ മുഖ്യമന്ത്രി ആരാകണമെന്ന അഭിപ്രായം തേടി രാഹുൽ ഗാന്ധി നേരിട്ട് പാർട്ടി ഭാരവാഹികളെ ബന്ധപ്പെടുന്നതായാണ് സൂചന.

    അതേസമയം, തെലങ്കാന മുഖ്യമന്ത്രിയായി ടി ആർ എസ് നേതാവ് ചന്ദ്രശേഖർ റാവു ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.

    First published: