• HOME
  • »
  • NEWS
  • »
  • india
  • »
  • Dalit Family Hires Helicopter | ചരിത്രത്തിലേക്കൊരു പറക്കൽ; വധുവിനെ വീട്ടിലേക്ക് കൊണ്ടുവരാൻ ഹെലികോപ്റ്റര്‍ വാടകയ്ക്കെടുത്ത് ദളിത് വരന്റെ കുടുംബം

Dalit Family Hires Helicopter | ചരിത്രത്തിലേക്കൊരു പറക്കൽ; വധുവിനെ വീട്ടിലേക്ക് കൊണ്ടുവരാൻ ഹെലികോപ്റ്റര്‍ വാടകയ്ക്കെടുത്ത് ദളിത് വരന്റെ കുടുംബം

വിവാഹത്തിനായി കുതിരപ്പുറത്ത് കയറിയതിന് ദളിത് സമുദായത്തില്‍ നിന്നുള്ള വരന്മാർ ഇപ്പോഴും ആക്രമിക്കപ്പെടുന്ന കാലത്താണ് രാജസ്ഥാനില്‍ നിസാരമെന്ന് തോന്നുമെങ്കിലും ശക്തമായ രാഷ്ട്രീയമാനങ്ങളുള്ള ഒരു സംഭവം ഉണ്ടായത്.

  • Last Updated :
  • Share this:
    ഇന്ത്യയിലെ (India) ദളിത് സമൂഹം (Dalit Community) ഇപ്പോഴും പല തരത്തിലുള്ള വിവേചനങ്ങളും (Discrimination) അടിച്ചമര്‍ത്തലുകളും നേരിടുന്നുണ്ട്. വിവാഹത്തിനായി കുതിരപ്പുറത്ത് കയറിയതിന് ദളിത് സമുദായത്തില്‍ നിന്നുള്ള വരന്മാർ ഇപ്പോഴും ആക്രമിക്കപ്പെടുന്ന കാലത്താണ് രാജസ്ഥാനില്‍ നിസാരമെന്ന് തോന്നുമെങ്കിലും ശക്തമായ രാഷ്ട്രീയമാനങ്ങളുള്ള ഒരു സംഭവം ഉണ്ടായത്.

    രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയിൽ, വിവാഹത്തിന് ശേഷം വധുവിനെ ആദ്യമായി വരന്റെ വീട്ടിലേക്ക് കൊണ്ടുവരാൻ ഒരു ദളിത് കുടുംബം സ്വകാര്യ ഹെലികോപ്റ്ററാണ് വാടകയ്‌ക്കെടുത്തത്. ഹെലികോപ്റ്ററിൽ വധൂവരന്മാർ യാത്ര ചെയ്യുന്നതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിൽ വൈറലാണ്.

    മരുമകളെ ഒരു ഹെലികോപ്റ്ററില്‍ വീട്ടിലേക്ക് കൊണ്ടുപോകണമെന്ന വരന്റെ അമ്മയുടെ ആഗ്രഹം സാക്ഷാത്കരിക്കാനാണ് കുടുംബം ഹെലികോപ്റ്റർ വാടകയ്‌ക്കെടുത്തതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ആദ്യം ബുക്ക് ചെയ്ത ഹെലികോപ്ടര്‍ പിന്നീട് പിന്മാറിയതിനാല്‍ വരന്റെ അമ്മയുടെ ആഗ്രഹം നടക്കില്ലെന്നായിരുന്നു വരനും ബന്ധുക്കളും കരുതിയത്.

    എന്നാല്‍ അമ്മയുടെ ആഗ്രഹം എന്തു വിലകൊടുത്തും നിറവേറ്റണമെന്ന് ഉറപ്പിച്ച വരന്റെ കുടുംബം മറ്റൊരു ഹെലികോപ്റ്റര്‍ വാടകയ്ക്കെടുക്കാന്‍ ഒരു ലക്ഷം രൂപ അധികമായി ചെലവഴിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ദളിത് വിഭാഗത്തില്‍പ്പെട്ട തരുണ്‍ മേഘ്വാള്‍, ഡിസംബര്‍ 14 നാണ് പാകിസ്ഥാന്‍ അതിര്‍ത്തിക്ക് സമീപമുള്ള ബാര്‍മര്‍ ജില്ലയിലെ ദിയ എന്ന പെണ്‍കുട്ടിയെ വിവാഹം കഴിച്ചത്. വിവാഹചടങ്ങുകള്‍ക്ക് ശേഷം ദമ്പതികള്‍ വരന്റെ വീടിനടുത്തുള്ള ജസേധര്‍ ധാമിലേക്ക് ഹെലികോപ്റ്ററില്‍ പറന്നു.

    ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്യാന്‍ തയ്യാറെടുക്കവെ, മൈതാനത്ത് ജനങ്ങൾ തടിച്ചുകൂടിയതോടെ പൈലറ്റ് ലാന്‍ഡിംഗ് ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതനായി. പിന്നീട് പ്രദേശത്തെ പോലീസ് ഇടപെട്ട് ജനക്കൂട്ടത്തെ നിയന്ത്രിച്ച ശേഷമാണ് ഹെലികോപ്റ്ററിന് താഴെയിറങ്ങാൻ കഴിഞ്ഞത്. ഒരു പിന്നോക്ക സമുദായത്തില്‍പെട്ട കുടുംബത്തിൽ നടന്ന വിവാഹത്തില്‍, വധുവിനെ ഹെലികോപ്റ്ററില്‍ കൊണ്ടുവന്ന രീതി വളരെ പ്രശംസനീയമാണെന്ന് പ്രദേശത്തെ വിരമിച്ച ഒരു അധ്യാപകന്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.



    കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ പലന്‍പൂരില്‍ നിന്നുള്ള ദളിത് വിഭാഗത്തിൽപ്പെട്ട ആകാശ് കോട്ടിയ തന്റെ വിവാഹത്തിന് കുതിരപ്പുറത്ത് കയറി വന്നതിനെത്തുടർന്ന് പ്രദേശത്തെ ഉയര്‍ന്ന ജാതിക്കാരുമായിസംഘർഷം ഉടലെടുത്തിരുന്നു. ആകാശിനോട് കുതിരപ്പുറത്ത് നിന്ന് ഇറങ്ങാന്‍ നിര്‍ബന്ധിക്കുകയും തുടര്‍ന്ന് അദ്ദേഹത്തെ ഉയര്‍ന്ന ജാതിക്കാര്‍ മര്‍ദിക്കുകയും ചെയ്ത സംഭവം പ്രദേശത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.

    ഇന്ത്യന്‍ ഭരണഘടന ജാതി അടിസ്ഥാനത്തിലുള്ള വിവേചനവും തൊട്ടുകൂടായ്മയും അനുവദിക്കുന്നില്ല. എന്നിട്ടും ജാതി വ്യവസ്ഥയുടെ ഭാഗമാകാന്‍ പോലും കഴിയാത്ത വിധം താഴ്ന്നവരാക്കി മുദ്രകുത്തി ദളിതരെ അടിച്ചമര്‍ത്തുന്നത് ഇപ്പോഴും യാഥാർഥ്യമായി തുടരുന്നു. വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍ മുതലായ മേഖലകളിലെല്ലാം ദളിതർ ഇപ്പോഴും കഷ്ടതകൾ അനുഭവിക്കുന്നു.
    First published: