ശ്രീനഗര്‍: ജമ്മുകശ്മീരിലെ രജൗരിയിൽ കഴിഞ്ഞ ദിവസം ഉണ്ടായ ഭീകരാക്രമണം പ്രദേശത്തെ ഹിന്ദുക്കൾക്കിടയിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നതായി ഉന്നത സര്‍ക്കാര്‍ വൃത്തങ്ങള്‍. ഇത്തരം സംഘര്‍ഷങ്ങള്‍ പ്രദേശത്ത് വര്‍ഗ്ഗീയ ചേരിതിരിവ് ഉണ്ടാക്കുമെന്ന് മുന്‍ ഡിജിപി എസ് പി വൈദ് പറഞ്ഞു. മുമ്പ് ചിനാബ് താഴ്വരയിലെ യുവാക്കളെ തീവ്രവാദ പ്രവര്‍ത്തനത്തിലേക്ക് നയിക്കാന്‍ ഭീകരഗ്രൂപ്പുകള്‍ക്ക് കഴിഞ്ഞിരുന്നില്ല.
എന്നാല്‍ ഇപ്പോള്‍ സ്ഥിതി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രജൗരിയിലെ ഏതെങ്കിലും ഒരു പള്ളി ആക്രമിക്കപ്പെടുന്ന നിമിഷം കലാപങ്ങള്‍ പൊട്ടിപ്പുറപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച നാള് മുതല്‍ ഹിന്ദുക്കളും മുസ്ലീങ്ങളും സൗഹാര്‍ദ്ദത്തോടെ കഴിയുന്ന പ്രദേശമാണ് ചിനാബ് താഴ്വര. അതേസമയം കിഷ്താര്‍ പ്രദേശത്തും ചിനാബ് താഴ്വരയുടെ മറ്റ് പ്രദേശത്തും വര്‍ഗ്ഗീയ കലാപങ്ങള്‍ സാധാരണമാണ്.
ഇപ്പോള്‍ ഹിന്ദുക്കളെ കൊലപ്പെടുത്തിയതിനെതിരെ നടക്കുന്ന പ്രതിഷേധം വര്‍ഗ്ഗീയ ചേരിതിരിവിന്റെ സൂചനയാണെന്ന് ജമ്മു സര്‍വകലാശാലയിലെ ഒരു പ്രൊഫസര്‍ പറഞ്ഞു. ‘തെരഞ്ഞെടുപ്പ് നടക്കണം. ഭരിക്കുന്ന പാര്‍ട്ടിയ്ക്ക് അധികാരം നേടണം. അതിന് വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ അവരെ സഹായിക്കും,’ പ്രൊഫസര്‍ പറഞ്ഞു.
അതേസമയം ചിനാബ് താഴ്വരയിലെ ജനങ്ങളുടെ സംരക്ഷണം ഉറപ്പാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ പറഞ്ഞിരുന്നു. തീവ്രവാദത്തെ ചെറുക്കാനായി ജമ്മുവില്‍ ഗ്രാമ പ്രതിരോധ സമിതികള്‍ രൂപീകരിക്കുമെന്ന് കഴിഞ്ഞ വർഷം മേയിൽ കേന്ദ്രസർക്കാർ ചെനാബ് താഴ്വരയിലെ ജനങ്ങൾക്ക് ഉറപ്പുനൽകിയിരുന്നുവെന്ന് ഒരു മുതിർന്ന റിട്ടയേർഡ് ആർമി ജനറൽ പറഞ്ഞു.
ദോഡ, കിഷ്താര്‍, റംബാന്‍, തുടങ്ങിയ പ്രദേശങ്ങളും പീര്‍ പഞ്ചല്‍ മലനിരകളുടെ ഭാഗമായ രജൗരി, പൂഞ്ച്, ചിനാബ് താഴ്വരയിലും വിവിധ മതവിഭാഗങ്ങളിൽപ്പെട്ടജനങ്ങളാണ് താമസിക്കുന്നത്. മതപരമായി വളരെ സെന്‍സിറ്റീവായ പ്രദേശം കൂടിയാണിത്. അതുകൊണ്ട് തന്നെ ഈ പ്രദേശത്തെ ചെറിയ സംഘര്‍ഷം വരെ വലിയ കലാപത്തിലേക്ക് നയിക്കുമെന്നാണ് കരുതപ്പെടുന്നത്.
‘ഈയടുത്ത് ചിനാബ് താഴ്വരയില് നിന്ന് യുവാക്കളെ കാണാതാകുന്നത് പതിവാണ്. അവര്‍ ആയുധപരിശീലനം നേടിക്കാണുമെന്നാണ് കരുതുന്നത്,’ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന് പറഞ്ഞു. അതേസമയം 1990കളില്‍ ജമ്മുവിന്റെ വിവിധ ഭാഗങ്ങളില്‍ സാമൂദായിക കലാപങ്ങള്‍ സ്ഥിരമായിരുന്നു. അന്ന് ഗ്രാമവാസികള്‍ തന്നെയാണ് തീവ്രവാദത്തിനെതിരെ രംഗത്തെത്തിയത്.
അതുകൊണ്ട് തന്നെ നിലവിലെ ഗ്രാമ പ്രതിരോധ സംവിധാനത്തെ കൂടുതല്‍ ഊര്‍ജിതമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമവാസികള്‍ക്ക് പ്രതിരോധത്തിനായി പരിശീലനം നല്‍കുന്നതിലൂടെ അവരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ കഴിയും. പൊലീസിന് എത്താന്‍ കഴിയാത്ത പ്രദേശത്തെ സ്ഥിതി സ്വയം നിയന്ത്രിക്കാനും ഇതിലൂടെ സാധിക്കുമെന്നും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.
നേരത്തെ മുസ്ലീംവിഭാഗത്തിലുള്ളവരും ഹിന്ദുമതസ്ഥരും ഗ്രാമ പ്രതിരോധ സേനകളില്‍ ഒരുമിച്ച് പ്രവർത്തിച്ചിരുന്നു. എന്നാല്‍ ഇന്ന് സ്ഥിതി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഗ്രാമ പ്രതിരോധ സംവിധാനം മുന്‍കരുതലുകളോടെ വേണം രൂപീകരിക്കാനെന്നാണ് ജമ്മു കശ്മീരിലെ ചരിത്രാധ്യാപകന്റെ നിരീക്ഷണം. ഈ സംവിധാനങ്ങള്‍ പ്രദേശത്തെ ഹിന്ദു-മുസ്ലിം ഐക്യത്തെ ബാധിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹയുടെ നേതൃത്വത്തിലുള്ള കണ്‍സേണ്‍ഡ് സിറ്റിസണ്‍ ഗ്രൂപ്പ് (സിസിജി) മാധ്യമങ്ങള്‍ക്ക് നല്കിയ റിപ്പോര്‍ട്ടില്‍ ജമ്മുവിലെ പ്രശ്നബാധിത മേഖലയെക്കുറിച്ച് ചില നിരീക്ഷണങ്ങള്‍ നടത്തിയിരുന്നു. വരും ദിവസങ്ങളില്‍ ജമ്മുവിലെ സ്ഥിതിഗതികള്‍ ഗുരുതരമാകുമെന്നും നിയന്ത്രണാതീതമാകുമെന്നും അദ്ദേഹം പുറത്തിറക്കിയ റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
വര്‍ധിച്ചുവരുന്ന വര്‍ഗ്ഗീയ ധ്രുവീകരണം ജമ്മുവിലെ സ്ഥിതി ഗുരുതരമാക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. 2011ലെ സെന്‍സസ് പ്രകാരം ജമ്മുവിലെ ജനസംഖ്യ 5,350,811 ആണ്. ഡോഗ്ര സമുദായമാണ് ജമ്മുവിലധികവും. ഏകദേശം 67 ശതമാനത്തോളം പേര് ഡോഗ്ര സമുദായത്തില്‍ നിന്നുള്ളവരാണ്. പഞ്ചാബി സമുദായവുമായി ഏറെ അടുപ്പമുള്ളവരാണ് ജമ്മുവിലെ ജനങ്ങള്‍. മൊത്തം ജനസംഖ്യയുടെ 62 ശതമാനം പേരും ഹിന്ദുമത വിശ്വാസികളാണ്. ഏകദേശം 36 ശതമാനം പേരാണ് ഇവിടെ മുസ്ലിം മതത്തില്‍പ്പെട്ടവര്‍. ബാക്കിയുള്ളവരില്‍ ഭൂരിഭാഗം പേരും സിഖുകാരാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.