ന്യൂഡൽഹി: രാജ്യസഭാ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പൂർത്തിയായപ്പോൾ രാജസ്ഥാനിൽ കോൺഗ്രസ് 3 സീറ്റും ബിജെപി 1 സീറ്റും നേടി. കോൺഗ്രസിൽ നിന്ന് രൺദീപ് സുർജേവാല, മുകുൾ വാസ്‌നിക്, പ്രമോദ് തിവാരി എന്നിവരും ബിജെപിയിൽ നിന്ന് ഘനശ്യാം തിവാരിയും തിരഞ്ഞെടുക്കപ്പെട്ടു. ബിജെപി പിന്തുണച്ച സ്വതന്ത്ര സ്ഥാനാർത്ഥിയും മാധ്യമ സ്ഥാപന ഉടമയുമായ സുഭാഷ് ചന്ദ്ര പരാജയം നേരിട്ടു. രൺദീപ് സുർജേവാല: 43 വോട്ട് ഘനശ്യാം തിവാരി: 43 വോട്ട് മുകുൾ വാസ്‌നിക്: 42 വോട്ട് പ്രമോദ് തിവാരി: 41 വോട്ട് സുഭാഷ് ചന്ദ്ര: 30 വോട്ട് എന്നിങ്ങനെയാണ് വോട്ടിങ് നില.
ഫലം 'തുടക്കം മുതൽ വ്യക്തമാണ്' എന്ന് മുഖ്യമന്ത്രി ഗെഹ്‌ലോട്ട്
രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് കോൺഗ്രസിൽ നിന്നുള്ള മൂന്ന് സ്ഥാനാർത്ഥികളുടെ വിജയം "തുടക്കം മുതൽ ജയം വ്യക്തമായിരുന്നു" എന്ന് ട്വിറ്ററിൽ കുറിച്ചു. “മൂന്ന് സീറ്റുകളിലും കോൺഗ്രസിന് ആവശ്യമായ ഭൂരിപക്ഷമുണ്ടെന്ന് തുടക്കം മുതൽ വ്യക്തമായിരുന്നു. എന്നാൽ സ്വതന്ത്രനെ രംഗത്തിറക്കി ബിജെപി കുതിരക്കച്ചവടത്തിന് ശ്രമിച്ചു. ഞങ്ങളുടെ എംഎൽഎമാരുടെ ഐക്യദാർഢ്യം ഈ ശ്രമത്തിന് തക്കതായ മറുപടി നൽകി. 2023ലെ നിയമസഭാ തെരഞ്ഞെടുപ്പിലും സമാനമായ പരാജയം ബിജെപി നേരിടും"- അദ്ദേഹം ഹിന്ദിയിൽ ട്വീറ്റ് ചെയ്തു.
രാജസ്ഥാനിലെ മൂന്ന് രാജ്യസഭാ സീറ്റുകളിൽ കോൺഗ്രസ് നേടിയ വിജയം ജനാധിപത്യത്തിന്റെ വിജയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട മൂന്ന് എംപിമാരായ പ്രമോദ് തിവാരി, മുകുൾ വാസ്നിക്, രൺദീപ് സുർജേവാല എന്നിവരെ ഞാൻ അഭിനന്ദിക്കുന്നു. മൂന്ന് എംപിമാർക്കും ഡൽഹിയിൽ രാജസ്ഥാന്റെ അവകാശങ്ങൾക്കായി ശക്തമായി വാദിക്കാൻ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്.
കർണാടകയിൽ വോട്ടെണ്ണൽ പൂർത്തിയായി, അന്തിമ ഫലങ്ങൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. രാജ്യസഭാ തെരഞ്ഞെടുപ്പിൽ കർണാടകയിൽ മത്സരിച്ച നാലാമത്തെ സീറ്റും ബിജെപി നേടുമെന്നാണ് റിപ്പോർട്ട്. രണ്ടാം റൗണ്ട് വോട്ടെണ്ണലിൽ ബിജെപിയുടെ ലെഹർ സിംഗ് വിജയിച്ചു. ഇതോടെ നിർമല സീതാരാമൻ, ജഗ്ഗേഷ്, ലെഹർ സിംഗ് എന്നീ മൂന്ന് സീറ്റുകളിൽ ബിജെപി വിജയിച്ചപ്പോൾ ജയറാം രമേശിനെ രാജ്യസഭയിലേക്ക് അയക്കാൻ കോൺഗ്രസിന് കഴിഞ്ഞു. തങ്ങളുടെ ഏക സ്ഥാനാർത്ഥിയെ വിജയിപ്പിക്കുന്നതിൽ ജെഡിഎസ് പരാജയപ്പെട്ടു.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.