HOME » NEWS » India » RAMACHANDRA GUHA QUESTIONS KERALA OVER ELECTING RAHUL GANDHI1 RV

'രാഹുലിനെ തെരഞ്ഞെടുത്തത് മലയാളിചെയ്ത മണ്ടത്തരം; മോദി കഠിനാധ്വാനി': രാമചന്ദ്ര ഗുഹ

''സ്വതന്ത്ര്യസമരകാലത്തെ മഹത്തായ പ്രസ്ഥാനം എന്ന നിലയില്‍ നിന്നു കോണ്‍ഗ്രസ് ഒരു കുടുംബ സ്ഥാപനമായതാണ് ഹിന്ദുത്വ ശക്തികളുടെ വളര്‍ച്ചയ്ക്കു കാരണം''

News18 Malayalam | news18-malayalam
Updated: January 18, 2020, 11:27 AM IST
'രാഹുലിനെ തെരഞ്ഞെടുത്തത് മലയാളിചെയ്ത മണ്ടത്തരം; മോദി കഠിനാധ്വാനി': രാമചന്ദ്ര ഗുഹ
രാമചന്ദ്ര ഗുഹ
  • Share this:
കോഴിക്കോട്: സ്വയംവളർന്നുവന്ന നേതാവായ നരേന്ദ്രമോദിയുമായി താരതമ്യം ചെയ്യുമ്പോൾ നെഹ്റു കുടുംബത്തിലെ അ‍ഞ്ചാംതലമുറക്കാരനായ രാഹുൽ ഗാന്ധിക്ക് ഇന്ത്യൻ രാഷ്ട്രീയത്തിൽ സാധ്യതകളില്ലെന്ന് ചരിത്രകാരൻ രാമചന്ദ്ര ഗുഹ. രാഹുല്‍ ഗാന്ധിയെ തെരഞ്ഞെടുപ്പില്‍ വിജയിപ്പിച്ചത് മലയാളികള്‍ ചെയ്ത ഏറ്റവും വലിയ അബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ 'പാട്രിയോട്ടിസം വെര്‍സസ് ജിംഗോയിസം' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വാതന്ത്ര്യ സമരകാലത്തെ മഹത്തായ പ്രസ്ഥാനത്തിൽ നിന്ന് ഒരു കുടുംബ സ്ഥാപനമായി പാർട്ടി അധഃപതിച്ചതാണ് ഹിന്ദുത്വവും തീവ്രദേശീയതയും വളർന്നുവരാനുള്ള പ്രധാന കാരണം. 'രാഹുല്‍ ഗാന്ധിയോട് വ്യക്തിപരമായി തനിക്ക് വിദ്വേഷമൊന്നുമില്ല. അദ്ദേഹം ഒരു മാന്യനായ മനുഷ്യനാണ്. എന്നാല്‍ ഒരു കുടുംബ പരമ്പരയിലെ അഞ്ചാം തലമുറയെ അല്ല ഇന്ത്യന്‍ യുവത്വത്തിന് ഇപ്പോള്‍ ആവശ്യം. 2024ല്‍ വീണ്ടും രാഹുലിനെ മലയാളികള്‍ തെരഞ്ഞെടുത്താല്‍ വീണ്ടും മോദിക്ക് നല്‍കുന്ന മുന്‍തൂക്കമായി അത് മാറും'- അദ്ദേഹം പറഞ്ഞു.

Also Read- വംശീയതയുടെപേരിൽ ഉദ്യോഗസ്ഥനിയമനം നടത്തിയെന്ന കുറ്റസമ്മതം; 'നേതാവിന്റേത് സത്യപ്രതിജ്ഞാലംഘനം'

'രാജ്യത്തിന് മുന്നില്‍ വളരെ മനോഹരമായ കാര്യങ്ങള്‍ കേരളം അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ കേരളം ചെയ്ത ഏറ്റവും ദൗര്‍ഭാഗ്യകരമായ കാര്യമാണ് രാഹുല്‍ ഗാന്ധിയെ തെരഞ്ഞെടുപ്പില്‍ ജയിപ്പിച്ചത്'- അദ്ദേഹം പറഞ്ഞു. ഇന്ത്യയ്ക്കാവശ്യം നെഹ്‌റു കുടുംബത്തിലെ ചെറുമകനെയായിരുന്നില്ല. രാഹുല്‍ ഗാന്ധി എതിരാളിയാകുന്നതോടെ മോദിക്ക് കാര്യങ്ങള്‍ എളുപ്പമായി. സ്വതന്ത്ര്യസമരകാലത്തെ മഹത്തായ പ്രസ്ഥാനം എന്ന നിലയില്‍ നിന്നു കോണ്‍ഗ്രസ് ഒരു കുടുംബ സ്ഥാപനമായതാണ് ഹിന്ദുത്വ ശക്തികളുടെ വളര്‍ച്ചയ്ക്കു കാരണം.''- ഗുഹ പറഞ്ഞു.

''മോദിക്ക് രാഹുലിനേക്കാള്‍ വ്യക്തമായ മുന്‍തൂക്കമുണ്ട്. മോദി സ്വയം വളർന്നുവന്ന നേതാവാണ്. ഒരു സംസ്ഥാനം 15 കൊല്ലം ഭരിച്ച ഭരണ പരിചയമുണ്ട്. അദ്ദേഹം യൂറോപ്പിലേക്ക് അവധിക്കാലം ചെലവഴിക്കാന്‍ പോവുന്നില്ല. ഇത് അതിന്റേതായ ഗൗരവത്തിലാണ് ഞാൻ പറയുന്നത്. എന്നാല്‍ രാഹുല്‍ ഗാന്ധി മോദിയെക്കാള്‍ ഇന്റലിജന്റും അദ്ധ്വാനശീലനും അവധി എടുക്കാത്തയാളാണ് എന്നിരുന്നാൽ പോലും അയാള്‍ ഒരു കുടുംബത്തിന്റെ അഞ്ചാം തലമുറയില്‍പ്പെട്ട വ്യക്തിയാണ്. സ്വയം വളര്‍ന്ന ഒരു നേതാവിനെതിരേ ഇത് വലിയ പോരായ്മ തന്നെയാണ്.''- 61 കാരനായ ചരിത്രകാരൻ പറഞ്ഞു.

കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരെയും ഗുഹ വിമർശനം ഉന്നയിച്ചു. ''ഇന്ത്യ കൂടുതൽ ജനാധിപത്യവല്‍ക്കരിക്കപ്പെട്ടിരിക്കുകയാണ്. ഫ്യൂഡല്‍ ആവുകയല്ല ചെയ്തത്. എന്നാല്‍ ഗാന്ധി കുടുംബം ഇത് മനസ്സിലാക്കുന്നില്ല. സോണിയാഗാന്ധി ഡല്‍ഹിയില്‍ ആയിരിക്കുമ്പോള്‍ അവരുടെ സാമ്രാജ്യം ചുരുങ്ങിച്ചുരുങ്ങി വരികയാണ്. എന്നാല്‍ അവരുടെ അടുപ്പക്കാര്‍ നിങ്ങള്‍ ചക്രവര്‍ത്തിയാണെന്നാണ് ഇപ്പോഴും അവരോട് പറഞ്ഞുകൊണ്ടിരിക്കുന്നത്''.

''നെഹ്റുവിന്റെ കാര്യം എടുക്കാം. ഒരാളുടെ പാപം ഏഴുതലമുറവരെ അനുവഭിക്കേണ്ടിവരുമെന്നാണ്. ഇന്നത്തെ ദേശീയ സംവാദം നോക്കൂ. എല്ലായ്പ്പോഴും എന്തുകൊണ്ടാണ് നെഹ്റുവിന്റെ പേര് കടന്നുവരുന്നത്. നെഹ്റു കശ്മീരിൽ അങ്ങനെ ചെയ്തു, ചൈനയിൽ ഇങ്ങനെ ചെയ്തു, മുത്തലാഖിന്റെ കാര്യത്തിൽ ഇങ്ങനെ ചെയ്തു .... എന്ന് മോദി എല്ലായ്പ്പോഴും പറയുന്നത് എന്തുകൊണ്ടാണ് ? രാഹുൽ ഗാന്ധി ഇവിടെയുള്ളതുകൊണ്ടാണ് അത്. രാഹുൽ ഗാന്ധി മാറിനിന്നാൽ മോദിക്ക് സ്വന്തം നയത്തെക്കുറിച്ചും അവ എന്തുകൊണ്ടാണ് പരാജയപ്പെട്ടുവെന്നതിനെ കുറിച്ചും പറയേണ്ടിവരും.''- ഗുഹ പറഞ്ഞു,

ഇടതുപക്ഷത്തെയും ഗുഹ വിമർശിച്ചു.'' ഇന്ത്യയിലെ ഇടതുപക്ഷം ഇന്ത്യയെക്കാള്‍ മറ്റ് രാജ്യങ്ങളെയാണ് സ്‌നേഹിക്കുന്നത്. ആഗോളതലത്തില്‍ ഉയര്‍ന്നുവരുന്ന ആക്രമോല്‍സുക ദേശീയതയും അയല്‍രാജ്യങ്ങളില്‍ വളരുന്ന ഇസ്ലാമിക മതമൗലികവാദവും ഇന്ത്യയിലെ ഹിന്ദുത്വ ശക്തികളുടെ വളര്‍ച്ചയ്ക്കു കാരണമാവുന്നുണ്ട്''- അദ്ദേഹം കൂട്ടിച്ചേർത്തു.

വാർത്തയുടെ ഇംഗ്ലീഷ് ലിങ്ക് വായിക്കാം 
Published by: Rajesh V
First published: January 18, 2020, 11:24 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories