ബേലൂർ: പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവനയിൽ പ്രതികരിക്കാതെ രാമകൃഷ്ണ മഠവും മിഷനും. ബേലുർ മഠത്തിൽ സന്ദർശനം നടത്തിയപ്പോൾ ആയിരുന്നു പൗരത്വ നിയമഭേദഗതി സംബന്ധിച്ച് പ്രധാനമന്ത്രി പരാമർശം നടത്തിയത്. പുതിയ പൗരത്വ നിയമഭേദഗതി വരുമ്പോൾ അത് ആരുടെയും പൗരത്വം കവരില്ലെന്ന് ആയിരുന്നു പ്രധാനമന്ത്രി പരാമർശം നടത്തിയത്.
പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ഒരു വിഭാഗം യുവാക്കൾ വഴി തെറ്റിയിരിക്കുകയാണെന്നും മോദി പറഞ്ഞിരുന്നു.
അതേസമയം, പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നടത്തിയ പരാമർശത്തിൽ സംഘടന പ്രതികരിക്കില്ലെന്ന് രാമകൃഷ്ണ മഠ് ആൻഡ് മിഷൻ ജനറൽ സെക്രട്ടറി സ്വാമി സുവിരാനന്ദ പറഞ്ഞു. തങ്ങളുടെ സംഘടന തികച്ചും അരാഷ്ട്രീയമായ സംഘടനയാണ്. വീടുകൾ ഉപേക്ഷിച്ച് നിത്യാനന്ദം തേടി ഇവിടെയെത്തിയവരാണ് ഞങ്ങൾ. നശ്വരമായ വിഷയങ്ങളിൽ ഇവിടെ പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എല്ലാവരെയും ഉൾപ്പെടുത്തുന്നതിലാണ് തങ്ങൾ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 'ഹിന്ദു, ഇസ്ലാം, ക്രിസ്ത്യൻ സമുദായങ്ങളിൽ നിന്നുള്ള സന്യാസിമാരെ ഉൾക്കൊള്ളുന്ന സംഘടനയാണ് ഞങ്ങളുടേത്. സഹോദരന്മാരെപ്പോലെയാണ് ഞങ്ങൾ ജീവിക്കുന്നത്' - അദ്ദേഹം പറഞ്ഞു. തങ്ങളെ സംബന്ധിച്ചിടത്തോളം നരേന്ദ്ര മോദി ഇന്ത്യയുടെ നേതാവും മമത ബാനർജി പശ്ചിമ ബംഗാളിന്റെ നേതാവുമാണെന്നും സ്വാമി സുവിരാനന്ദ പറഞ്ഞു.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.