തിരുവനന്തപുരം: കർണാടക തെരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ വിജയം ചരിത്ര വിജയമെന്ന് രമേശ് ചെന്നിത്തല. 2024ൽ ജയിക്കാനുള്ള ആവേശമാണ് കർണാടക ഫലമെന്ന് അദ്ദേഹം പറഞ്ഞു. ഭാരത് ജോഡോ യാത്രയ്ക്ക് ശേഷമുള്ള ജയം കോണ്ഗ്രസിന്റെ നേട്ടമാണ്.
മോദിയെ നേരിടാൻ കോൺഗ്രസ് ഉണ്ടെന്ന് ഒരിക്കൽകൂടി തെളിഞ്ഞു. എല്ലാ മതേതര ശക്തികളെയും ഒന്നിപ്പിച്ച് നിർത്താനുള്ള ജയമാണിതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സിപിഎമ്മിനെയും അദ്ദേഹം വിമർശിച്ചു. കോൺഗ്രസ് ജയിക്കരുതെന്ന് ആഗ്രഹിക്കുന്ന പാർട്ടിയാണ് സിപിഎം. ആകെ ഉണ്ടായിരുന്ന ഒരു സീറ്റ് പോലും കർണാടകത്തിൽ സിപിഎമ്മിന് നഷ്ടപ്പെട്ടു.
എം വി ഗോവിന്ദന് ബിജെപിയുമായി അന്തർധാരയുണ്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം കർണാടകയിൽ കോൺഗ്രസ് സർക്കാർ രൂപീകരിച്ചാൽ ആരാകും മുഖ്യമന്ത്രി എന്നതടക്കമുള്ള ചർച്ചകളും ഇതിനകം ഉയർന്നു കഴിഞ്ഞു.
കർണാടക കോൺഗ്രസിലെ ചാലകശക്തികളായ സിദ്ധരാമയ്യയുടേയും ഡികെ ശിവകുമാറിന്റേയും പേരുകൾ തന്നെയാണ് ഉയർന്നു കേൾക്കുന്നത്. തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഇരു നേതാക്കളേയും ചേർത്തു നിർത്തി ഒറ്റക്കെട്ടായി പ്രവർത്തിക്കാൻ ഗാന്ധി കുടുംബം പരമാവധി ശ്രമിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bjp, Congress, Cpm, Karnataka Election, Karnataka Elections 2023, Ramesh chennithala