ന്യൂഡല്‍ഹി: അയോധ്യ ക്ഷേത്രനിര്‍മാണത്തിനുള്ള ട്രസ്റ്റിന്റെ ഭാരവാഹികളെ തെരഞ്ഞെടുത്തു. രാമജന്മഭൂമി ന്യാസ് അധ്യക്ഷന്‍ മഹന്ത് നൃത്യഗോപാല്‍ ദാസാണ് പ്രസിഡന്റ്. വിഎച്ച്പിയുടെ രാജ്യാന്തര പ്രസിഡന്റ് ചംപത് റായിയെ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുത്തു. പ്രധാനമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി നൃപേന്ദ്രമിശ്ര ക്ഷേത്ര നിർമ്മാണത്തിന് മേൽനോട്ടം വഹിക്കും.
മുഖ്യട്രസ്റ്റി കെ. പരാശരന്റെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് ഭാരവാഹികലെ തെരഞ്ഞെടുത്തത്.
തന്നെ ട്രസ്റ്റിൽ ഉൾപ്പെടുത്താത്തതില്‍ നൃത്യഗോപാല്‍ ദാസ് പരസ്യമായി പ്രതിഷേധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇദ്ദേഹത്തെ ട്രസ്റ്റ് പ്രസിഡന്റായി തെരഞ്ഞെടുത്തത്.
ക്ഷേത്ര നിർമാണത്തിനുള്ള സംഭാവന സ്വീകരിക്കാൻ അയോധ്യയിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ശാഖയിൽ അക്കൗണ്ട് തുറക്കാനും യോഗം തീരുമാനിച്ചു. സ്വാമി ഗോവിന്ദ് ദേവ് ഗിരിയാണ് ട്രസ്റ്റിന്റെ ട്രഷറർ.
ആഭ്യന്തര മന്ത്രാലയ അഡീഷണൽ സെക്രട്ടറി ഗ്യാനേഷ് കുമാർ, യുപി സർക്കാർ പ്രതിനിധി അവിനാശ് അവസ്തി, അയോദ്ധ്യ ജില്ലാ മജിസ്‌ട്രേറ്റ് അനുജ് കുമാർ എന്നിവരും യോഗത്തിൽഡ പങ്കെടുത്തു.
15 അംഗ ട്രസ്റ്റ് രൂപീകരിച്ചതായി ഫെബ്രുവരി 5 ന് പ്രധാനമന്ത്രി പാർലമെന്റിൽ പ്രഖ്യാപിച്ചിരുന്നു. ശ്രീ രാം ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിൽ ഏഴ് അംഗങ്ങളും അഞ്ച് നോമിനേറ്റഡ് അംഗങ്ങളും മൂന്ന് ട്രസ്റ്റികളുമുണ്ട്. കഴിഞ്ഞ നവംബറിൽ അയോധ്യ തർക്കം സംബന്ധിച്ച സുപ്രീം കോടതി വിധി വന്നതിനു പിന്നാലെയാണ് ട്രസ്റ്റ് രൂപീകരിച്ചത്.
Also Read അയോധ്യ കേസ്; നാൾ വഴികൾ
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Ayodhya case, Ramjanmabhoomi