ഭർത്താവ് (Husband) ഭാര്യയ്ക്കെതിരെ നടത്തുന്ന പീഡനശ്രമങ്ങളുംബലാത്സംഗക്കുറ്റം (Rape) തന്നെയാണെന്ന് കർണാടക ഹൈക്കോടതി (Karnataka High Court). വിവാഹശേഷം ഭര്‍ത്താവില്‍ നിന്ന് പീഡനത്തിനിരയായതായി ആരോപിച്ച് ഭാര്യ നല്കിയ ഹര്‍ജി പരിഗണിക്കവെയായിരുന്നു വൈവാഹിക ബലാത്സംഗത്തെ (Marital Rape) സംബന്ധിച്ചകോടതിയുടെ സുപ്രധാന പരാമര്‍ശം.
വിവാഹം എന്നത് ഒരു സവിശേഷ പദവിയല്ല, അത് പുരുഷന്റെ ഉള്ളിലെ ക്രൂരമായ മൃഗത്തെ അഴിച്ചു വിടാനുള്ള അനുമതിയായി കാണാനാവില്ല. ഭര്ത്താക്കന്മാര് ഭാര്യമാരെ ഭരിക്കാൻ അർഹതയുള്ളവരാണ് എന്ന പഴഞ്ചൻ ചിന്താഗതി മാറണമെന്നും കോടതി വ്യക്തമാക്കി. ഈ ചിന്താഗതി കാരണമാണ് ഇത്തരം കേസുകള്‍ രാജ്യത്ത് പെരുകുന്നതെന്നും ഉത്തരവില്‍ പറയുന്നു. സെക്ഷന്‍ 376 (ബലാത്സംഗം) പ്രകാരമുള്ള കുറ്റം വിചാരണക്കോടതി പരിഗണിച്ചതിനെ തുടര്‍ന്നാണ് ഭര്‍ത്താവ് ഹൈക്കോടതിയെ സമീപിച്ചത്.
'ഭര്‍ത്താവ് ആണെങ്കിലും ഭാര്യയുടെ സമ്മതത്തിനു വിരുദ്ധമായി ലൈംഗികാതിക്രമം നടത്തുന്ന ക്രൂരമായ പ്രവൃത്തിയെ ബലാത്സംഗമായി മാത്രമേ വിശേഷിപ്പിക്കാനാവൂ. ഒരു ഭര്‍ത്താവ് ഭാര്യയെ ലൈംഗികമായി ആക്രമിക്കുന്നത് അവരിൽ ഗുരുതരമായ മാനസിക ആഘാതം ഉണ്ടാക്കും. അത് ഭാര്യയെ മാനസികമായും ശാരീരിമായും ബാധിക്കുന്നു. ഭര്ത്താക്കന്മാരുടെ ഇത്തരം പ്രവൃത്തികള്‍ ഭാര്യമാരുടെ ആത്മാവിനെ മുറിവേല്‍പ്പിക്കുന്നതാണ്. അതിനാല്‍, നിയമനിര്‍മ്മാതാക്കള്‍ നിശബ്ദരായ ഈ ഇരകളുടെ ശബ്ദം കേള്‍ക്കേണ്ടത് അനിവാര്യമാണ്'', കോടതി പറഞ്ഞു.
വിവാഹം കഴിഞ്ഞതു മുതല്‍ ഒരു ലൈംഗിക അടിമയോടെന്ന പോലെയാണ് ഭര്‍ത്താവ് തന്നോട് പെരുമാറിയിരുന്നതെന്ന് കേസ് പരിഗണിക്കുന്നതിനിടെ ഹർജിക്കാരിയായ സ്ത്രീ കോടതിയില്‍ പറഞ്ഞിരുന്നു. തന്റെ മകളുടെ മുന്നില്‍ വെച്ച് പോലും പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ഭര്‍ത്താവ് നിര്‍ബന്ധിക്കുന്നതായും അവര്‍ ആരോപിച്ചു.
ബലാത്സംഗം, പ്രകൃതിവിരുദ്ധ ലൈംഗികത, വൈവാഹിക പീഡനം എന്നീ കുറ്റങ്ങള്‍ ആരോപിച്ച് ഭര്‍ത്താവിനെതിരെ ഭാര്യ നല്കിയ പരാതിയിൽ അന്വേഷണം നടത്തിയ പോലീസ് ബലാത്സംഗം, സ്ത്രീപീഡനം (ഐപിസി 376, 498A, 354) എന്നീ വകുപ്പുകള്‍ പ്രകാരം ഭര്‍ത്താവിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. കൂടാതെ കുട്ടിയ്ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ക്ക് പോക്സോ നിയമപ്രകാരവും കേസെടുത്തിട്ടുണ്ടെന്ന് കുറ്റപത്രത്തില്‍ പറയുന്നു. പ്രകൃതിവിരുദ്ധ ലൈംഗികത (ഐപിസി 377) എന്ന കുറ്റം പൊലീസ് ഒഴിവാക്കി.
Also Read-Rubber Penis | കുടുംബാസൂത്രണ ബോധവത്കരണത്തിന് 'റബര്‍ ലിംഗം' ; മഹാരാഷ്ട്രയില്‍ വിവാദം
ബലാത്സംഗത്തെ നിർവചിക്കുന്ന ഐപിസി സെക്ഷൻ 375 വൈവാഹിക ബലാത്സംഗത്തിന് ഇളവ് നൽകുന്നുണ്ട്. തന്റെ ഭാര്യയുമായി ഒരു പുരുഷൻ പുലർത്തുന്ന ലൈംഗികബന്ധമോ ലൈംഗികമായ മറ്റു പെരുമാറ്റങ്ങളോ, ഭാര്യ 18 വയസിൽ താഴെ പ്രായമുള്ള വ്യക്തിയല്ലാത്ത പക്ഷം ബലാത്സംഗം ആവില്ലെന്ന് പ്രസ്തുത വകുപ്പിൽ പറയുന്നു. 2018 ല്‍ സമാനമായ മറ്റൊരു കേസ് ഗുജറാത്ത് ഹൈക്കോടതിയില്‍ എത്തിയിരുന്നു.
ആ കേസിൽ ഒരു ഭര്‍ത്താവ് തന്റെ ഭാര്യ തനിക്കെതിരെ നല്കിയ ബലാത്സംഗ കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചു. ബലാത്സംഗ കുറ്റങ്ങള്‍ ആരോപിച്ചുകൊണ്ടുള്ള എഫ്ഐആര്‍ ഹൈക്കോടതി റദ്ദാക്കിയെങ്കിലും വൈവാഹിക ബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കേണ്ടതിന്റെ ആവശ്യകതയെ കോടതി ന്യായീകരിക്കുകയാണ് ഉണ്ടായത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.