HOME /NEWS /India / DNA പരിശോധന തുണച്ചു; 13ാം വയസ്സിലെ പീഡനത്തിന് 28 വർഷത്തിനിപ്പുറം ഇരയ്ക്ക് നീതി

DNA പരിശോധന തുണച്ചു; 13ാം വയസ്സിലെ പീഡനത്തിന് 28 വർഷത്തിനിപ്പുറം ഇരയ്ക്ക് നീതി

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

27 വർഷങ്ങൾക്ക് ശേഷം കഴിഞ്ഞ വ‍ർഷമാണ് കോടതി വിധിയെത്തുട‍ർന്ന് പോലീസ് പ്രതികൾക്കെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങിയത്

  • Share this:

    പെൺകുട്ടിയെ മാനഭംഗപ്പെടുത്തിയ കേസിൽ 28 വ‍ർഷത്തിന് ശേഷം ഡിഎൻഎ ടെസ്റ്റ് (DNA Test) റിപ്പോ‍ർട്ടിൻെറ അടിസ്ഥാനത്തിൽ പ്രതിയെ കണ്ടെത്തി പോലീസ്. ഉത്ത‍ർപ്രദേശിലാണ് (Uttar Pradesh) വർഷങ്ങൾക്ക് ശേഷം പരാതിക്കാരിക്ക് നീതി ലഭിച്ചത്. 1994ൽ യുവതിക്ക് 13 വയസ്സുള്ളപ്പോഴാണ് അയൽവാസികളായ രണ്ട് സഹോദരന്മാരിൽ നിന്ന് ക്രൂരപീഡനം ഏറ്റുവാങ്ങേണ്ടി വന്നത്. നിരന്തരമായ പീഡനത്തിന് വിധേയയായതിനെ തുട‍ർന്ന് പെൺകുട്ടി ഗർഭിണിയാവുകയും ചെയ്തു. പിന്നീട് അവർ ഒരു ആൺകുഞ്ഞിന് ജൻമം നൽകി. ഇതോടെയാണ് പെൺകുട്ടിയുടെ ബന്ധുക്കൾ വിവരമറിഞ്ഞത്.

    എന്നാൽ സംഭവം പുറംലോകം അറിയുന്നതിൽ അവർക്ക് താൽപര്യമുണ്ടായിരുന്നില്ല. ഒടുവിൽ 27 വർഷങ്ങൾക്ക് ശേഷം കഴിഞ്ഞ വ‍ർഷമാണ് കോടതി വിധിയെത്തുട‍ർന്ന് പോലീസ് പ്രതികൾക്കെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങിയത്. ഡിഎൻഎ ടെസ്റ്റിലൂടെ ഒരൊറ്റ വർഷത്തിനുള്ളിൽ പ്രതികളെ കണ്ടെത്താനും സാധിച്ചു.

    ഷാജഹാൻപൂ‍ർ സ്വദേശികളായ ഹസൻ, ഗുഡ്ഡു എന്നീ സഹോദരങ്ങളാണ് കേസിലെ പ്രതികൾ. യുവതിയുടെ മകൻെറയും കേസിലെ പ്രതികളായ രണ്ട് പേരുടെയും സാംപിളുകളാണ് ഡിഎൻഎ ടെസ്റ്റിന് വിധേയമാക്കിയത്. ഗുഡ്ഡുവിൻെറയും യുവതിയുടെ മകൻെറയും സാംപിളുകൾ സമാനമാണെന്ന് ടെസ്റ്റിൽ വ്യക്തമായെന്ന് പോലീസ് അറിയിച്ചു. "കോടതി നി‍ർദ്ദേശത്തെ തുടർന്നാണ് ഡിഎൻഎ ടെസ്റ്റ് നടത്തിയത്. മകൻെറയും രണ്ട് പ്രതികളുടെയും സാംപിളുകൾ പരിശോധിച്ചു. ഗുഡ്ഡു എന്ന പ്രതിയുടെയും ഇരയുടെ മകൻെറയും സാംപിൾ സമാനമാണെന്ന് മനസ്സിലായിട്ടുണ്ട്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികളെ പിടികൂടാൻ പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്," സിറ്റി പോലീസ് സൂപ്രണ്ട് സഞ്ജയ് കുമാർ പിടിഐയോട് പറഞ്ഞു.

    1994ൽ ഷാജഹാൻപൂരിൽ ബന്ധുവീട്ടിൽ താമസിക്കവേയാണ് യുവതി പീഡനത്തിന് ഇരയായത്. ഇവരുടെ അയൽവാസികളായിരുന്നു പ്രതികളായ സഹോദരങ്ങൾ. ഇവർക്ക് പെൺകുട്ടിയേക്കാൾ പ്രായമുണ്ടെന്നും പോലീസ് അറിയിച്ചു. യുവതി പ്രസവിച്ച കുട്ടിയെ അവരിൽ നിന്നും മാറ്റിയാണ് താമസിപ്പിച്ചിരുന്നത്. ഒരു കുടുംബം പിന്നീട് കുഞ്ഞിനെ ദത്തെടുക്കുകയായിരുന്നു.

    വ‍ർഷങ്ങൾക്ക് ശേഷം പെൺകുട്ടി വിവാഹിതയായെങ്കിലും പീഡനവിവരം അറിഞ്ഞതോടെ ഭർത്താവ് ഉപേക്ഷിച്ചു. പിന്നീട് വർഷങ്ങളോളം ഇവർ ഒറ്റയ്ക്കാണ് ജീവിച്ചത്. ഒടുവിൽ മകൻ തന്നെയാണ് രക്ഷക്കായി എത്തിയത്. സംഭവത്തെക്കുറിച്ച് മനസ്സിലാക്കിയ മകൻ അമ്മയ്ക്ക് നീതി ലഭിക്കുന്നതിന് വേണ്ടി ഏതറ്റവും വരെ പോവണമെന്ന് ഉറപ്പിച്ചു. പോലീസിൽ പരാതി നൽകുന്നതിനും തുടരന്വേഷണത്തിനും മകൻ തന്നെയാണ് സഹായിച്ചത്. ആദ്യം തന്നെ ഇവ‍ർ പരാതിയുമായി പോലീസിനെ സമീപിക്കുകയാണ് ചെയ്തത്. പിന്നീട് കേസിൽ തുടരന്വേഷണം വേണമെന്നാവശ്യപ്പെട്ട് കോടതിയെയും സമീപിച്ചു. ഒടുവിൽ കോടതിയാണ് ഡിഎൻഎ ടെസ്റ്റിന് നി‍ർദ്ദേശം നൽകിയത്.

    പ്രതികൾ രണ്ട് പേരും വ‍ർഷങ്ങൾക്കിപ്പുറവും ഷാജഹാൻപൂരിൽ സ്വസ്ഥമായി ജീവിച്ച് വരികയായിരുന്നു. ഇവർക്ക് ഈ പ്രദേശത്ത് ചെറിയ ബിസിനസ് സ്ഥാപനവുമുണ്ടെന്ന് പോലീസ് വ്യക്തമാക്കി. ഡിഎൻഎ ടെസ്റ്റിൻെറ ഫലം വന്നതോടെ ഇരുവരും ഒളിവിലാണ്. കേസിൽ പിടിയിലായാൽ ജയിലിൽ പോവേണ്ടി വരുമെന്ന് ഉറപ്പാണ്. പ്രായപൂ‍ർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിനാൽ ജാമ്യമില്ലാ വകുപ്പിലാണ് കേസ് വരിക. ഇരുവരെയും എത്രയും പെട്ടെന്ന് തന്നെ പിടികൂടുമെന്ന് പോലീസ് വ്യക്തമാക്കി. ഇതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

    First published:

    Tags: All about DNA Test, DNA test