ഇൻഡോർ: മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം എലി കരണ്ട സംഭവത്തിൽ പെസ്റ്റ് കൺട്രോൾ ഏജൻസിക്ക് കാരണം കാണിക്കൽ നോട്ടീസ്. മധ്യപ്രദേശ് ഇൻഡോറിലെ സർക്കാർ ആശുപത്രി അധികൃതരാണ് ആശുപത്രി കരാര്‍ നൽകിയിരിക്കുന്ന പെസ്റ്റ് കൺട്രോൾ (കീട നിയന്ത്രണ) ഏജൻസിയോട് വിശദീകരണം തേടിയിരിക്കുന്നത്.
ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് പരാതിക്കടിസ്ഥാനമായ സംഭവം. മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന കൃഷ്ണകാന്ത് പഞ്ചാൽ എന്ന 41 കാരന്‍റെ മൃതദേഹം എലി കരണ്ടു എന്നാരോപിച്ച് ബന്ധുക്കളാണ് രംഗത്തെത്തിയത്. ആത്മഹത്യ ചെയ്ത പഞ്ചാലിന്‍റെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായാണ് ജില്ലാ ആശുപത്രിയിലെത്തിച്ചത്. നടപടികൾ പൂര്‍ത്തിയാക്കി തിരികെ വിട്ടു നൽകിയ മൃതദേഹത്തിൽ പുതിയ മുറിവുകൾ കണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം.
മൃതദേഹത്തിന്‍റെ മുഖത്തും കൈപ്പത്തിയിലും വിരലുകളിലും എലി കരണ്ട മുറിവുകൾ ഉണ്ടായിരുന്നു എന്നാണ് കൃഷ്ണകാന്തിന്‍റെ അനന്തരവൻ രാഹുൽ ആരോപിച്ചത്. ആരോപണങ്ങൾ ശരിവച്ച ആശുപത്രി അധികൃതർ, മൃതദേഹത്തിന്‍റെ കവിളിൽ എലി കരണ്ടുവെന്നും സംഭവത്തിൽ പെസ്റ്റ് കൺട്രോൾ ഏജൻസിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ടെന്നുമാണ് പ്രതികരിച്ചത്.
Also Read-
പട്ടാമ്പിയിൽ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം എലി കരണ്ടു; ആശുപത്രി അധികൃതർക്കെതിരെ ബന്ധുക്കൾഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് കൃഷ്ണകാന്തിന്‍റെ മൃതദേഹം ഇൻഡോര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചത്. 'മോർച്ചറിയിൽ ഫ്രീസർ പോലും ഉണ്ടായിരുന്നില്ല. പക്ഷെ മൃതദേഹം സുരക്ഷിതമായിരിക്കുമെന്ന് ജീവനക്കാർ ഉറപ്പു നൽകിയിരുന്നു. എന്നാൽ പോസ്റ്റുമോർട്ടം പൂര്‍ത്തിയാക്കി മൃതദേഹം വിട്ടുകിട്ടിയപ്പോൾ മുഖത്തും,കൈപ്പത്തിയിലും വിരലുകളിലും എലി കരണ്ടതിന്‍റെ പുതിയ മുറിവുകൾ കണ്ടു' രാഹുൽ പറയുന്നു.
അതേസമയം മൃതദേഹത്തിന്‍റെ കവിളിൽ മാത്രമാണ് എലി കരണ്ടതെന്നാണ് പോസ്റ്റുമോർട്ടം നിര്‍വഹിച്ച ഡോക്ടറുടെ വാക്കുകളെ ഉദ്ധരിച്ച് ആശുപത്രി സിവിൽ സർജൻ ഡോ. സന്തോഷ് വർമ്മ പ്രതികരിച്ചത്.ആശുപത്രി കരാർ നൽകിയിരിക്കുന്ന സ്വകാര്യ പെസ്റ്റ് കണ്‍ട്രോൾ ഏജൻസിക്കാണ് മോർച്ചറിയിലെ അണുനശീകരണ ചുമതല. സംഭവത്തിൽ ഇവര്‍ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ടെന്നും ഡോക്ടർ വ്യക്തമാക്കി.
നവീകരണ പ്രവർത്തനങ്ങൾക്കായി ആശുപത്രിയുടെ പഴയ കെട്ടിടത്തിന്‍റെ കൂടുതൽ ഭാഗങ്ങളും പൊളിച്ചു നീക്കിയെങ്കിലും മോർച്ചറി ഇതേ കെട്ടിടത്തില്‍ തന്നെയാണ് പ്രവർത്തിക്കുന്നത്. കെട്ടിടങ്ങൾ പൊളിച്ച് മാറ്റിയതോടെ മഴക്കാലമാകുമ്പോൾ എലികളടക്കമുള്ള ജീവികൾ മോർച്ചറിയിലാണ് അഭയം പ്രാപിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.