ഭോപ്പാൽ: സർക്കാർ ആശുപത്രിയിൽ നവജാതശിശുവിനെ എലി കരണ്ടതായി പരാതി. മധ്യപ്രദേശിന്‍റെ തലസ്ഥാന നഗരമായ ഭോപ്പാലിലെ മഹാരാജ യശ്വന്ത്റാവു ആശുപത്രിയില്‍ നിന്നാണ് ഞെട്ടിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇവിടെ നവജാത ശിശുക്കളെ കിടത്തുന്ന നഴ്സറി കെയർ യൂണിറ്റിലുണ്ടായിരുന്ന കുഞ്ഞിന്‍റെ കാലിലാണ് എലി കരണ്ടത്. ആശുപത്രി ജീവനക്കാരുടെ ഭാഗത്തു നിന്നുണ്ടായ അനാസ്ഥ വെളിവാക്കുന്ന സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് അധികൃതർ.
'സർക്കാർ അധീനതയിലുള്ള മഹാരാജ യശ്വന്ത്റാവു ആശുപത്രിയിലെ നഴ്സറി കെയർ യൂണിറ്റിൽ ഒരു നവജാത ശിശുവിന് എലിയുടെ കടിയേറ്റ വിവരം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സംഭവം അന്വേഷിക്കും' എന്നാണ് സൂപ്രണ്ടന്‍റ് ഡോ. പ്രമേന്ദ്ര താക്കൂർ അറിയിച്ചത്. നവജാത ശിശുവിന് എലിയുടെ കടിയേറ്റെന്ന വിവരം സ്ഥിരീകരിച്ച അദ്ദേഹം പക്ഷെ ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സംഭവം വിശദമായി തന്നെ അന്വേഷിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതിനായി രണ്ട് ഡോക്ടർമാരും അഡ്മിനിസ്ട്രേറ്റിവ് ഉദ്യോഗസ്ഥനും ഉൾപ്പെടുന്ന മൂന്നംഗ കമ്മിറ്റിക്കും രൂപം നൽകിയിട്ടുണ്ട്.
സമാനമായ മറ്റൊരു സംഭവത്തിൽ യുപിയിൽ മോർച്ചറിയിൽ സൂക്ഷിച്ച സ്ത്രീയുടെ മൃതദേഹം എലി കടിച്ച നിലയിൽ കണ്ടെത്തിയിരുന്നു. അസംഗഡ് ജില്ലയിലെ ബൽറാംപൂർ മണ്ഡല്യ ആശുപത്രിയിലായിരുന്നു സംഭവം. റോഡരികിൽ പരിക്കേറ്റ് കിടന്ന ഒരു സ്ത്രീയെ ആളുകൾ ചേര്‍ന്ന് ചേർന്ന് ആശുപത്രിയിൽ എത്തിച്ചിരുന്നു. ചികിത്സക്കിടയിൽ തൊട്ടടുത്ത ദിവസം സ്ത്രീ മരിച്ചു. തുടർന്ന് പോസ്റ്റുമോർട്ടം നടപടികൾക്കായി മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കാൻ മാറ്റി. പോസ്റ്റുമോർട്ടം നടപടികൾക്ക് വേണ്ടി മോർച്ചറിയിൽ എത്തിച്ച മൃതദേഹം നാല് ദിവസമാണ് അവിടെ കിടന്നത്. ഇതിനുശേഷമാണ് എലി കടിച്ച പാതി ശേഷിച്ച നിലയിൽ മൃതദേഹം കണ്ടെത്തുന്നത്.
സ്ത്രീയുടെ മരണത്തെ കുറിച്ചും പോസ്റ്റുമോർട്ടം നടപടികൾക്കുമായി ആശുപത്രി അധികൃതർ പൊലീസിനെ വിവരം അറിയിച്ചിരുന്നു. എന്നാൽ നടപടികളൊന്നുമുണ്ടായില്ല. പൊലീസിന്റേയും ആശുപത്രി അധികൃതരുടേയും ഭാഗത്തു നിന്നുണ്ടായ അനാസ്ഥയാണ് മൃതദേഹം ഉറുമ്പരിക്കുന്ന നിലയിലും എലി കടിച്ച നിലയിലുമാക്കിയതെന്നായിരുന്നു ആരോപണം.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.