• HOME
  • »
  • NEWS
  • »
  • india
  • »
  • Jammu & Kashmir | കശ്മീർ ടൂറിസത്തിൽ റെക്കോർഡ് വളർച്ച; എട്ടു മാസത്തിനിടെ 1.62 കോടി സഞ്ചാരികൾ; 75 വർഷത്തിനിടെ ആദ്യം

Jammu & Kashmir | കശ്മീർ ടൂറിസത്തിൽ റെക്കോർഡ് വളർച്ച; എട്ടു മാസത്തിനിടെ 1.62 കോടി സഞ്ചാരികൾ; 75 വർഷത്തിനിടെ ആദ്യം

പഹൽഗാം, ഗുൽമാർഗ്, സോനാമാർഗ് തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളും ശ്രീനഗറിലെ എല്ലാ ഹോട്ടലുകളും ഗസ്റ്റ് ഹൗസുകളും താമസക്കാരെക്കൊണ്ട് നിറയുകയാണ്.

  • Share this:
ജമ്മു കശ്മീരിലെത്തുന്ന (Jammu & Kashmir) വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവുണ്ടായതായി റിപ്പോർട്ട്. ഈ വർഷം 1.62 കോടി വിനോദസഞ്ചാരികൾ ജമ്മു കശ്മീർ സന്ദർശിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. ജനുവരി മുതൽ ജൂലൈ 3 വരെയുള്ള കണക്കാണിത്.

ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷമുള്ള 75 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന റെക്കോർഡാണിതെന്ന് ഡയറക്ടറേറ്റ് ഓഫ് ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് (ഡിഐപിആർ) അറിയിച്ചു. പഹൽഗാം, ഗുൽമാർഗ്, സോനാമാർഗ് തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളും ശ്രീനഗറിലെ എല്ലാ ഹോട്ടലുകളും ഗസ്റ്റ് ഹൗസുകളും താമസക്കാരെക്കൊണ്ട് നിറയുകയാണ്.

കശ്മീർ ടൂറിസത്തിന്റെ സുവർണ്ണ കാലഘട്ടമാണിതെന്നും സംസ്ഥാനത്തെ വിനോദസഞ്ചാര മേഖല തിരിച്ചുവരവിന്റെ പാതയിലാണെന്നും ടൂറിസം വകുപ്പിലെ ഉദ്യോഗസ്ഥർ പറയുന്നു. "ജമ്മു കശ്മീരിലെ ഏറ്റവും വലിയ തൊഴിൽ സ്രോതസാണ് ടൂറിസം മേഖല. ഈ വർഷത്തിന്റെ തുടക്കം മുതൽ ജൂലൈ വരെ 1.62 കോടി വിനോദസഞ്ചാരികൾ ജമ്മു കശ്മീർ സന്ദർശിച്ചു. സ്വാതന്ത്ര്യം നേടി 75 വർഷങ്ങൾക്കിടയിലുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. ജമ്മു കശ്മീരിലെ പൂഞ്ച്, രജൗരി, ജമ്മു, കശ്മീർ താഴ്‌വര എന്നിവയുൾപ്പെടെ വിവിധ പ്രദേശങ്ങളിൽ വിനോദസഞ്ചാരം പരമാവധി തൊഴിലവസരങ്ങൾ സൃഷ്ടിച്ചു," ടൂറിസം വകുപ്പിലെ ഉദ്യോഗസ്ഥർ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോനുബന്ധിച്ച് കേന്ദ്രസർക്കാർ ആവിഷ്കരിച്ച 'ആസാദി കാ അമൃത് മഹോത്സവ്' പദ്ധതിയുടെ ഭാഗമായി ജമ്മു കശ്മീരിലുടനീളം വിനോദസഞ്ചാരത്തിനായി എഴുപത്തിയഞ്ച് ഓഫ് ബീറ്റ് ഡെസ്റ്റിനേഷനുകൾ കണ്ടെത്തിയതായും ഉദ്യോഗസ്ഥർ പറഞ്ഞു.

2022 ജനുവരി മുതൽ 2022 ജൂലൈ 3 വരെയുള്ള കാലയളവിൽ ജമ്മു കശ്മീരിലെ വിനോദസഞ്ചാരികളുടെ എണ്ണം ഗണ്യമായി വർദ്ധിച്ചെന്നും ഇത് ഒരു കോടിയിലധികം എത്തിയെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ഓഗസ്റ്റിൽ രാജ്യസഭയെ അറിയിച്ചിരുന്നു. രാജ്യത്തുടനീളമുള്ള സ്വകാര്യ നിക്ഷേപകരെ കശ്മീരിലേക്ക് ആകർഷിക്കുന്നതിനും ടൂറിസം മേഖലയിലെ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും ജമ്മു കശ്മീർ ടൂറിസം നയം (Kashmir Tourism Policy) വിജ്ഞാപനം ചെയ്തതായും മന്ത്രി അറിയിച്ചിരുന്നു.

ജമ്മു കശ്മീരിൽ നിന്ന് അന്താരാഷ്ട്ര വിമാന സർവീസ് ആരംഭിക്കണമെന്ന് കഴിഞ്ഞ എഴുപതു വർഷമായി വേണമെന്ന് പലരും ആവശ്യപ്പെട്ടിരുന്നു. ഈ ജനകീയ ആവശ്യം പരി​ഗണിച്ചു കൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീനഗറിൽ നിന്ന് ഷാർജയിലേക്ക് നേരിട്ട് വിമാന സർവീസ് ആരംഭിച്ചത്. നേരത്തെ, ശ്രീനഗർ, ജമ്മു എന്നിവിടങ്ങളിൽ നിന്ന് രാത്രിയിൽ വിമാനം ഉണ്ടായിരുന്നില്ല. ഈ രണ്ടു നഗരങ്ങളിൽ നിന്നും പ്രധാനമന്ത്രി രാത്രി വിമാന സർവീസുകൾ ആരംഭിക്കുകയും ചെയ്തിരുന്നു.

2019 ഓഗസ്റ്റ് 5 ന്, കേന്ദ്ര സർക്കാർ ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കുകയും സംസ്ഥാനത്തെ ജമ്മു കശ്മീർ, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തിരുന്നു.
Published by:Arun krishna
First published: