ന്യൂഡൽഹി: കശ്മീരിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിൽ പ്രതിഷേധിച്ച് രാജിവെച്ച ഐഎഎസ് ഓഫീസർ കണ്ണൻ ഗോപിനാഥനെതിരെ വകുപ്പ്തല അന്വേഷണത്തിന് ഉത്തരവ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. അന്വേഷണത്തിന് ഉത്തരവിട്ടുകൊണ്ട് ആഭ്യന്തരമന്ത്രാലയം നൽകിയ മെമോയുടെ കോപ്പി കണ്ണൻ ട്വിറ്ററിലൂടെ പുറത്തുവിട്ടു.
33കാരനായ കണ്ണൻ കേന്ദ്രഭരണ പ്രദേശങ്ങളായ ദാമൻദിയു, ദാദ്ര നഗർഹവേലി എന്നിവിടങ്ങളിലെ ഊർജ സെക്രട്ടറിയായിരുന്നു. ഓഗസ്റ്റ് 21നാണ് അദ്ദേഹം രാജി നൽകിയത്.
ഒക്ടോബർ 24നാണ് വകുപ്പുതല അന്വേഷണത്തിനുള്ള ഉത്തരവ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നൽകിയിരിക്കുന്നത്. സർക്കാരിനെ വിമർശിച്ചതിനും മാധ്യമങ്ങളോട് സർക്കാരിനെതിരെ മോശമായി സംസാരിച്ചതിനുമാണ് നടപടി. സർവീസ് ചട്ടപ്രകാരമാണ് കണ്ണനെതിരെ നടപടി എന്നാണ് മെമ്മോയിൽ വ്യക്തമാക്കിയിരിക്കുന്നത്.
നേരത്തെ കണ്ണന് ആഭ്യന്തര മന്ത്രാലയം കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. രാജിവയ്ക്കുന്നതിന് മുമ്പ് ഇതിന് അദ്ദേഹം മറുപടി നൽകുകയും ചെയ്തിരുന്നു. അച്ചടക്ക ലംഘനം ഉൾപ്പെടെയുള്ള കാരണം കാണിക്കൽ നോട്ടീസിലെ ആരോപണങ്ങൾ കണ്ണൻ തള്ളിയിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.