• HOME
 • »
 • NEWS
 • »
 • india
 • »
 • NEWS 18 EXCLUSIVE INTERVIEW:കശ്മീരിൽ അഫ്സ്പ പിൻവലിക്കുന്നത് സൈനികരെ കഴുമരത്തിലേക്ക് തള്ളിവിടുന്നതിന് തുല്യം: മോദി

NEWS 18 EXCLUSIVE INTERVIEW:കശ്മീരിൽ അഫ്സ്പ പിൻവലിക്കുന്നത് സൈനികരെ കഴുമരത്തിലേക്ക് തള്ളിവിടുന്നതിന് തുല്യം: മോദി

'സൈനികരുടെ സുരക്ഷ ഉറപ്പാക്കാൻ ജമ്മു കശ്മീരിൽ അഫ്സ്പ തുടരേണ്ടതുണ്ട്. ഇത് പിൻവലിക്കാൻ അനുവദിക്കില്ല'

 • Last Updated :
 • Share this:
  ന്യൂഡൽഹി: ജമ്മു കശ്മീരിൽ നിലവിലുള്ള സായുധസേനാ പ്രത്യേകാധികാര നിയമം (അഫ്‌സ്​പ) പിൻവലിക്കുമെന്ന കോൺഗ്രസ് പ്രകടനപത്രികയിലെ വാഗ്ദാനത്തെ നിശിതമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കശ്മീരിൽ അഫ്സ്പ പിൻവലിക്കുന്നത് ഇന്ത്യൻ സൈനികരെ കഴുമരത്തിലേക്ക് തള്ളിവിടുന്നതിന് തുല്യമാണെന്നും മോദി പറഞ്ഞു. ന്യൂസ് 18 നെറ്റ് വർക്ക് ഗ്രൂപ്പ് എഡിറ്റർ എൻ ചീഫ് രാഹുൽ ജോഷിയുമായുള്ള എക്സ്ക്ല്യൂസീവ് അഭിമുഖത്തിലാണ് പ്രധാനമന്ത്രി മനസ്സുതുറന്നത്. ഇന്ത്യൻ സൈനികരുടെ സുരക്ഷക്കും അവരുടെ ആതമവീര്യം ഉയർത്തുന്നതിനും ജമ്മുകശ്മീരിൽ അഫ്സ്പ തുടരേണ്ടത് ആവശ്യമാണെന്നും മോദി പറഞ്ഞു.

  'സർക്കാരിന് സായുധസേനയുടെ സുരക്ഷ ഉറപ്പാക്കുന്നതിന് അധികാരമുണ്ട്. എങ്കിൽ മാത്രമേ പോരാട്ടത്തിനുള്ള ആത്മവീര്യം അവർക്കുണ്ടാകൂ. അഫ്സ്പ പിൻവലിക്കുന്നത് സൈനികരെ കഴുമരത്തിലേക്ക് തള്ളിവിടുന്നതിന് തുല്യമാണ്. ഞാൻ ഇത് അനുവദിക്കില്ല' - മോദി വ്യക്തമാക്കി. ജമ്മുകശ്മീരിനെ പോലെ സംഘർഷഭരിതമായ സ്ഥലത്ത് അഫ്സ്പയുടെ ആവശ്യകത എടുത്തുപറഞ്ഞ മോദി, നിയമം പിൻവലിക്കുന്നതിനോ അതിൽ വെള്ളം ചേർക്കുന്നതിനോ മുൻപ് അഫ്സ്പ ആവശ്യമില്ലെന്ന അന്തരീക്ഷം അവിടെ ഒരുക്കേണ്ടതുണ്ട്. അരുണാചൽ പ്രദേശില്‍ ഭാഗികമായി നിയമം പിൻവലിച്ച കാര്യവും ഉദാഹരണമായി മോദി ചൂണ്ടിക്കാട്ടി.

  ' ആദ്യം അരുണാചലിലെ ചില ജില്ലകളിൽ നിന്ന് ഈ നിയമം പിൻവലിച്ചു. അതിനുശേഷം മറ്റു ചില സംസ്ഥാനങ്ങളിലും ഇത് നടപ്പാക്കി. 1980നുശേഷം ഇത്തരമൊരു ചുവടുവയ്പ്പ് നടത്തുന്ന ആദ്യ ഗവൺമെന്റാണ് ഞങ്ങളുടേത്. ഇതിനൊപ്പം ക്രമസമാധാനം ഉറപ്പാക്കാനും ഞങ്ങൾക്ക് സാധിച്ചു' - മോദി കൂട്ടിച്ചേർത്തു. കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ കോൺഗ്രസ് പ്രകടന പത്രികയിൽ ജമ്മു കശ്മീരിലെ അഫ്സ്പ നിയമം പുനഃപരിശോധിക്കുമെന്നും രാജ്യദ്രോഹക്കുറ്റം, അപകീർത്തിപ്പെടുത്തൽ പോലുള്ള നിയമങ്ങളിൽ ഭേദഗതി വരുത്തുമെന്നും വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ ബിജെപി രംഗത്തെത്തിയിരുന്നു, ജമ്മു കശ്മീരിൽ മനുശഷ്യാവകാശ ലംഘനങ്ങളുണ്ടാകുമ്പോൾ മാത്രം അഫ്സ്പയിൽ മാറ്റം വരുത്താനാണ് ഉദ്ദേശിച്ചതെന്ന വിശദീകരണവുമായി കോൺഗ്രസ് രംഗത്തെത്തിയിരുന്നു. അപകടകരമായ നീക്കമാണ് കോണ്‍ഗ്രസിന്റേതെന്നും ഇത് രാജ്യത്തെ വിഭജിക്കാനേ ഇടവരുത്തൂവെന്നും ധനമന്ത്രി അരുൺ ജെയ്റ്റ്ലി തുറന്നടിച്ചിരുന്നു.

  കോൺഗ്രസിൻ‌റെ പ്രകടന പത്രിക ഭീകരവാദത്തോട് മൃദുസമീപനമാണ് പുലർത്തുന്നതെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. 'ഞങ്ങൾ ഭീകരാവദത്തെ ഇല്ലാതാക്കുന്നതിനുള്ള പാതയിലാണ്. ഭീകരവാദികളുടെ ആതമവീര്യം തകർത്തതിലൂടെ മാനസികമായി മേൽക്കൈ നേടാൻ കഴിഞ്ഞിട്ടുണ്ട്' - മോദി അവകാശപ്പെട്ടു. സൈനികരോടുള്ള കോൺഗ്രസിന്റെ കാഴ്ചപാട് പാകിസ്ഥാന് സമാനമാണെന്നും മോദി കുറ്റപ്പെടുത്തി. 'ഒരു രാജ്യസ്നേഹിക്കും ഈ ഭാഷ സഹിക്കാനാകില്ല. അവരുടെ പ്രചടകന പത്രിക പറയുന്നത് ജമ്മു കശ്മീരിലെ അഫ്സ്പ പിൻവലിക്കുന്നതിനെ കുറിച്ചാണ്. ഇത് സൈനികരുടെ കൈയിൽ നിന്ന് ആയുധം എടുത്തുമാറ്റുന്നതിന് തുല്യമാണ്'- മോദി പറഞ്ഞു.

  അഫ്സ്പ നിയമപ്ര‌കാരം സൈന്യത്തിന് ആരെ എപ്പോൾ വേണമെങ്കിലും അറസ്റ്റു ചെയ്യാനും കേസ് എടുക്കാതെ തടവിൽ വെക്കാനും അധികാരമുണ്ട്. നിയമം ലംഘിക്കുന്നവർക്കോ അഞ്ചിൽ കൂടുതൽ പേർ സംഘം ചേർന്നാലോ ആയുധങ്ങൾ കൈവശം വെച്ചാലോ ബലപ്രയോഗത്തിനും വെടിവെക്കുന്നതിനും സായുധസേനയ്ക്ക് നിയമം അധികാരം നൽകുന്നു. ഇത്തരം നടപടികളിൽ കരസേനാ ഓഫീസർമാർക്ക് നിയമപരിരക്ഷയും വ്യവസ്ഥ ചെയ്തിട്ടുണ്ട്.

  (അഭിമുഖത്തിന്റെ പൂർണരൂപം ഇന്ന് രാത്രി ഏഴിനും പത്തിനും സിഎൻഎൻ- ന്യൂസ് 18, ന്യൂസ് 18 ഇന്ത്യ, സിൻബിസി ടിവി18, ന്യൂസ് 18 കേരളം ഉൾപ്പെടെയുള്ള ചാനലുകളിൽ കാണാം)

  First published: