കീറിപ്പോയ വസ്ത്രം തയ്ച്ചുപയോഗിക്കുന്നതും, കേടായ ഉപകരണങ്ങൾ നന്നാക്കി വീണ്ടും ഉപയോഗിക്കുന്നതും ഒക്കെ കുറച്ചുനാൾ മുൻപ് വരെ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗം ആയിരുന്നു. എന്നാൽ ക്രമേണ ആ ശീലത്തിൽ നിന്നും മാറി, കേടായവ ഉപേക്ഷിച്ച് വീണ്ടും പുതിയത് വാങ്ങുന്ന രീതി സ്വീകരിച്ചിരിക്കുന്നു. കൂടുതൽ സമ്പന്നരായതോ ഓൺലൈൻ അടക്കം ഷോപ്പിംഗ് സൗകര്യങ്ങൾ വർദ്ധിച്ചതോ മാത്രമല്ല ഇതിനു കാരണം. പലപ്പോഴും സാധനങ്ങൾ റിപ്പയർ ചെയ്യിക്കാനുള്ള പ്രയാസവും അതിന് ആവശ്യം വരുന്ന വലിയ ചെലവുമാണ് ഉപഭോക്താവിനെ പുതിയ ഉത്പന്നങ്ങൾ വാങ്ങാൻ നിർബന്ധിതരാക്കുന്നത്. കേടായ ഒരു മൊബൈൽ ഫോണോ ഹെഡ്‍സെറ്റോ നന്നാക്കുന്നതിന് ഏകദേശം പുതിയത് ഒന്ന് വാങ്ങുന്ന വില ആകുന്ന സാഹചര്യമാണുള്ളത്.
ഇങ്ങനെയുള്ള ഉപഭോഗ സംസ്കാരം സാധാരണക്കാർക്ക് സാമ്പത്തികനഷ്ടം ഉണ്ടാക്കുക മാത്രമല്ല, സാമൂഹികവും പരിസ്ഥിതികവുമായ വലിയ പ്രശ്നങ്ങൾക്ക് വഴി വയ്ക്കുകയും ചെയ്യുന്നു. ചൈനയും അമേരിക്കയും കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ ഇ-വേസ്റ്റ് ഉൽപ്പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ. ഇത്തരം മാലിന്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് കാര്യക്ഷമമായ സംവിധാനങ്ങൾ ഇന്ത്യയിൽ മിക്കയിടത്തും ലഭ്യമല്ല. അസംഘടിതമേഖലയിലെ തൊഴിലാളികൾ ആണ് അധികവും ഇത് കൈകാര്യം ചെയ്യുന്നത്. കുന്നുകൂടുന്ന മാലിന്യത്തിന്റെ മൂന്നിലൊന്നു ഭാഗം പോലും ശാസ്ത്രീയമായി സംസ്കരിക്കാൻ ഇന്ത്യയ്ക്ക് സാധിക്കുന്നുമില്ല.
ഈ സാഹചര്യത്തിലാണ് “റൈറ്റ് ടു റിപ്പയർ” എന്ന സങ്കൽപം പ്രസക്തമാകുന്നത്. ഇക്കഴിഞ്ഞ നവംബറിൽ, 2016ലെ ഇ-വേസ്റ്റ് (മാനേജ്‌മെന്റ്) നിയമങ്ങൾ പുതുക്കിക്കൊണ്ടുള്ള വിജ്ഞാപനം പുറത്ത് വന്നിരുന്നു. ശേഷം, ഏപ്രിൽ 1 മുതൽ ഇന്ത്യയിൽ അവ പ്രാബല്യത്തിൽ വന്നു. അതിന് കുറച്ച് മാസങ്ങൾക്ക് മുമ്പ്, 2022 ജൂലൈയിൽ, ശ്രദ്ധാപൂർവവും സുസ്ഥിരവുമായ ഉപഭോഗം പ്രോത്സാഹിപ്പിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരംഭിച്ച ലൈഫ് (പരിസ്ഥിതിക്കിണങ്ങിയ ജീവിതശൈലി) പദ്ധതിയുടെ മാതൃകയിൽ, റിപ്പയർ ചെയ്യുന്നതിനുള്ള അവകാശത്തിനായി സമഗ്രമായ ഒരു ചട്ടക്കൂട് വികസിപ്പിക്കുന്നതിന് ഉപഭോക്തൃകാര്യ വകുപ്പ് ഒരു കമ്മിറ്റി രൂപീകരിച്ചു.
ഉപകരണത്തിന്റെ നിർമ്മാതാക്കളോ മറ്റു റിപ്പയർ സെന്ററുകളോ വഴി ഫോണുകൾ, വീട്ടുപകരണങ്ങൾ അല്ലെങ്കിൽ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ അറ്റകുറ്റപ്പണി നടത്തുവാനും കൂടുതൽ കാലം ഉപയോഗിക്കാനുമുള്ള സൗകര്യങ്ങൾ ഇത്തരത്തിൽ റൈറ്റ് ടു റിപ്പയർ വഴി ഉപഭോക്താവിന് ലഭിക്കുന്നു. ഉപകരണങ്ങൾ അമിതമായി വാങ്ങിക്കൂട്ടുന്നതിനു പകരമായി റിപ്പയർ പ്രോത്സാഹിപ്പിക്കുക എന്നതാണ് ആശയത്തിന് പിന്നിൽ. കാലാവസ്ഥാ വ്യതിയാനത്തിനു ആക്കം കൂടാൻ കാരണമാകുന്ന ഇ-മാലിന്യ ഉൽപാദനത്തിനെതിരായ പോരാട്ടത്തിന് ഇത് സഹായിക്കും. നിയമത്തിന്റെ മറ്റൊരു ലക്‌ഷ്യം, സാധാരണ ടെക്‌നിഷ്യൻമാരെക്കൊണ്ട് അറ്റകുറ്റപ്പണികൾ ചെയ്യിക്കുന്നത് നിരോധിക്കുന്നതിലൂടെയും സ്വന്തം ഉല്പന്നങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ മറച്ചുവെക്കുന്നതിലൂടെയും അമിതലാഭം നോട്ടമിടുന്ന നിർമ്മാതാക്കളെ നിലയ്ക്കുനിർത്തുക എന്നതാണ്.
മൊബൈൽ ഫോണുകളും മറ്റ് ടെക് ഉപകരണങ്ങളും (ഇയർഫോണുകൾ, സ്മാർട്ട് വാച്ചുകൾ, ടാബ്‌ലെറ്റുകൾ, പോർട്ടബിൾ മ്യൂസിക് പ്ലെയറുകൾ മുതലായവ), കൺസ്യൂമർ ഡ്യൂറബിൾസ്, ഓട്ടോമൊബൈലുകൾ, കാർഷിക ഉപകരണങ്ങൾ എന്നിവയാണ് റിപ്പയർ ചെയ്യാനുള്ള അവകാശത്തിന് കീഴിൽ വരുന്ന മേഖലകൾ. ഈ മുന്നേറ്റത്തിന്റെ ഭാഗമാകാൻ നിർമ്മാതാക്കളുമായുള്ള ചർച്ചകൾ നടന്നു വരികയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.