ന്യൂഡൽഹി: കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്രയുടെ ബിസിനസ് പങ്കാളിയും പ്രവാസി വ്യവസായിയുമായ സി സി തമ്പി അറസ്റ്റിൽ. വിദേശ നാണയ വിനിമയ ചട്ടം ലംഘിച്ചതിനാണ് അറസ്റ്റ്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് അറസ്റ്റ് ചെയ്തത്. റോബർട്ട് വാദ്രയുമായി ബന്ധപ്പെട്ട ഭൂമിയിടപാടിൽ തമ്പിയെ ചോദ്യം ചെയ്തിരുന്നു.
റോബർട്ട് വാദ്രയുടെ ബിസിനസ് പങ്കാളിയാണ് യു എ ഇയിലെ ഹോളിഡെയ്സ് ഗ്രൂപ്പ് ചെയർമാനായ തമ്പി. പലതവണ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് ഇന്ന് പുലർച്ചെ അറസ്റ്റ് നടന്നത്.
കഴിഞ്ഞവർഷം ജൂണിലും ഡിസംബറിലുമായി രണ്ടു തവണ തമ്പിയെ ചോദ്യം ചെയ്തിരുന്നു. അന്ന് റോബർട്ട് വാദ്രയുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്ന് സി സി തമ്പി സമ്മതിച്ചിരുന്നു.
UAE യിൽ കേസിൽപെട്ടാൽ ശിക്ഷ പേടിച്ച് നാട്ടിലേക്ക് ഓടി രക്ഷപ്പെട്ടിട്ട് കാര്യമില്ല ; UAE സിവിൽ കോടതിവിധി ഇനി ഇന്ത്യയിലും ബാധകം
ആയിരം കോടി രൂപയുടെ വിദേശ നാണയ വിനിമയ ചട്ടം ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇപ്പോഴത്തെ അറസ്റ്റ്. നേരത്തെ നടത്തിയ ചോദ്യം ചെയ്യലിൽ ദുബായിൽ 14 കോടി രൂപയുടെ ഒരു വില്ല റോബർട്ട് വാദ്ര വാങ്ങിയതിൽ താൻ ഇടപെട്ടിരുന്നെന്നും താൻ അതിന് സഹായം ചെയ്തു കൊടുത്തിരുന്നെന്നും സി സി തമ്പി വെളിപ്പെടുത്തിയിരുന്നു.
അതേസമയം, ലണ്ടനിൽ 26 കോടി രൂപയുടെ ഫ്ലാറ്റ് റോബർട്ട് വാദ്ര വാങ്ങിയതായിട്ട് നേരത്തെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരുന്നു,
ഇതിനും സി സി തമ്പി ആയിരുന്നു ഇടനില നിന്നത്. സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി എന്നാണ് ദുബായിലെ അദ്ദേഹത്തിന്റെ സ്ഥാപനത്തിന്റെ പേര്. റിയൽ എസ്റ്റേറ്റ്, മദ്യ വ്യവസായം തുടങ്ങിയ ബിസിനസുകളിൽ പങ്കാളിയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.