നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • കള്ളപ്പണം വെളുപ്പിക്കൽ: റോബർട്ട് വദ്രയെ ചോദ്യം ചെയ്തത് 6 മണിക്കൂർ; ഇന്ന് വീണ്ടും ചോദ്യം ചെയ്യും

  കള്ളപ്പണം വെളുപ്പിക്കൽ: റോബർട്ട് വദ്രയെ ചോദ്യം ചെയ്തത് 6 മണിക്കൂർ; ഇന്ന് വീണ്ടും ചോദ്യം ചെയ്യും

  അന്വേഷണ ഏജൻസികളെ ബിജെപി ദുരുപയോഗം ചെയ്യുന്നുവെന്നാണ് കോൺഗ്രസ് ആരോപണം

  • Share this:
   ന്യൂഡൽഹി : കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിൽ പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വദ്രയെ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്തത് ആറു മണിക്കൂറോളം. കഴിഞ്ഞ ദിവസം വൈകിട്ടോടെ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ ഡൽഹി ഓഫീസിൽ വച്ചാണ് ചോദ്യം ചെയ്യൽ നടന്നത്. വദ്രയെ ഇന്ന് വീണ്ടും ചോദ്യം ചെയ്തേക്കുമെന്നും സൂചനയുണ്ട്.

   അതേസമയം വദ്രക്കെതിരെയുള്ള എൻഫോഴ്സ്മെന്റ് നീക്കത്തിനെതിരെ കോൺഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തി.  അന്വേഷണ ഏജൻസികളെ ബിജെപി ദുരുപയോഗം ചെയ്യുന്നുവെന്നാണ് ഇവർ ആരോപിക്കുന്നത്. രാഷ്ട്രീയ പകപോക്കലാണ് വദ്രക്കെതിരെ നടക്കുന്നതെന്നും കോൺഗ്രസ് ആരോപിക്കുന്നുണ്ട്..

   വിവാദ ആയുധ ഇടപാടുകാരൻ സഞ്ജയ് ഭണ്ഡാരി വഴി കള്ളപ്പണം വെളുപ്പിച്ച് ലണ്ടനിൽ വസ്തുവകകൾ വാങ്ങിയെന്നാണ് വദ്രക്കെതിരായ കേസ്. ഇയാളെ ഈ മാസം 16 വരെ അറസ്റ്റ് ചെയ്യരുതെന്നും കോടതി നിർദേശമുണ്ട്. കഴിഞ്ഞ ദിവസം വൈകിട്ട് ഭാര്യ പ്രിയങ്ക ഗാന്ധിക്കൊപ്പമാണ് ചോദ്യം ചെയ്യലിന് ഹാജരാകാനായി റോബർട്ട് വദ്ര എൻഫോഴ്സ്മെന്റ് ഓഫീസിൽ എത്തിയത്.

   Also Read-മോദി സർക്കാരിനെ ഞെട്ടിച്ച സ്റ്റാറ്റിസ്റ്റീഷ്യൻ

   "അദ്ദേഹം എന്റെ ഭർത്താവാണ്.. കുടുംബമാണ്.. ഞാൻ എന്റെ കുടുംബത്തെ പിന്തുണയ്ക്കുന്നു"വെന്നാണ് വിഷയത്തിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി കൂടിയായ പ്രിയങ്ക പ്രതികരിച്ചത്. ഇതൊക്കെ എന്ത് കൊണ്ടാണ് നടക്കുന്നതെന്ന് എല്ലാവർക്കും അറിയാണെന്നും ഇവർ കൂട്ടിച്ചേർ‌ത്തു. വദ്രക്കെതിരെ ബിജെപി അംഗങ്ങൾ ശക്തമായ വിമർശനങ്ങൾ ഉന്നയിച്ചതിന്റെ പിന്നാലെയായിരുന്നു പ്രിയങ്ക തന്നെ നേരിട്ട് ഭർത്താവിനെ അന്വേഷണ ഏജൻസി ആസ്ഥാനത്തെത്തിച്ചത്.

   നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തിയശേഷം ഇതാദ്യമായാണ് തന്റെ പേരിലുള്ള ആരോപണങ്ങളുടെ പേരിൽ വദ്ര ചോദ്യം ചെയ്യപ്പെടുന്നത്. കള്ളപ്പണ നിരോധന നിയമം അനുസരിച്ചായിരുന്നു ചോദ്യം ചെയ്യൽ. അദ്ദേഹം നൽകിയ ഉത്തരങ്ങൾ പരിശോധിച്ച ശേഷം വീണ്ടും ഒരുതവണ കൂടി ചോദ്യം ചെയ്യലിന് വിളിപ്പിക്കേണ്ടി വരുമെന്നാണ് ഇ.ഡി വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന.

   Also Read-ആംനെസ്റ്റി ഇന്റർനാഷണലിന് മനുഷ്യത്വമില്ലേ? വിഷലിപ്തമായ തൊഴിൽ സംസ്കാരമെന്ന് റിപ്പോർട്ട്

   അതേസമയം കേസ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് വദ്രയുടെ അഭിഭാഷകൻ അറിയിച്ചിരിക്കുന്നത്. ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ തയ്യാറാകാത്ത അഭിഭാഷകൻ അന്വേഷണവുമായി വദ്ര പൂർണമായും സഹകരിക്കുമെന്നും ആവശ്യപ്പെട്ടാൽ ഇനിയും ചോദ്യം ചെയ്യലിന് ഹാജരാകുമെന്നും വ്യക്തമാക്കി.

   First published: