• HOME
  • »
  • NEWS
  • »
  • india
  • »
  • രോഹിത് തിവാരിയുടെ കൊലപാതകം; ഭാര്യയുമായി നല്ല ബന്ധത്തിലായിരുന്നില്ലെന്ന് രോഹിത്തിന്റെ അമ്മ

രോഹിത് തിവാരിയുടെ കൊലപാതകം; ഭാര്യയുമായി നല്ല ബന്ധത്തിലായിരുന്നില്ലെന്ന് രോഹിത്തിന്റെ അമ്മ

വിവാഹം കഴിഞ്ഞ് അടുത്ത ദിവസം മുതൽ രോഹിത്തും ഭാര്യയും തമ്മിൽ പ്രശ്നങ്ങൾ ആരംഭിച്ചുവെന്നാണ് ഉജ്വല പറയുന്നത്.

എൻ.ഡി തിവാരിയും രോഹിത് ശേഖർ തിവാരിയും

എൻ.ഡി തിവാരിയും രോഹിത് ശേഖർ തിവാരിയും

  • Last Updated :
  • Share this:
    ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി എൻ. ഡി തിവാരിയുടെ മകൻ രോഹിത് തിവാരിയുടെ കൊലപാതകത്തിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ വെളിപ്പെടുത്തലുമായി രോഹിത്തിന്റെ അമ്മ ഉജ്വല രംഗത്ത്. ഭാര്യ അപൂർവയുമായി രോഹിത്തിന് നല്ല ബന്ധമായിരുന്നില്ല ഉണ്ടായിരുന്നതെന്ന് ഉജ്വല പറഞ്ഞു. തന്റെ രാഷ്ട്രീയ ഭാവിയെ കുറിച്ചും രോഹിത്തിന് ആശങ്ക ഉണ്ടായിരുന്നുവെന്നാണ് ഉജ്വല പറയുന്നത്.

    also read: എൻ.ഡി.തിവാരിയുടെ മകനെ കൊന്നതാര്? അന്വേഷണം ഊർജിതമാക്കി പൊലീസ്

    എൻഡി തിവാരിയെ ദഹിപ്പിച്ച സ്ഥലത്ത് രോഹിത്ത് അടുത്തിടെ സന്ദർശനം നടത്തിയതായും ഉജ്വല പറഞ്ഞു. മകൻ കൊല ചെയ്യപ്പെട്ടെന്ന് വിശ്വസിക്കാനാകുന്നില്ല. ഞാൻ എന്താണ് പറയേണ്ടത്? ദുഃഖം അവസാനിക്കട്ടെ. ചൊവ്വാഴ്ച വൈകിട്ട് നാല് മണിവരെ ഉറങ്ങിയ രോഹിത് എന്തുകൊണ്ട് പിന്നീട് എഴുന്നേറ്റില്ല?- ഉജ്വല ചോദിക്കുന്നു.

    വിവാഹം കഴിഞ്ഞ് അടുത്ത ദിവസം മുതൽ രോഹിത്തും ഭാര്യയും തമ്മിൽ പ്രശ്നങ്ങൾ ആരംഭിച്ചുവെന്നാണ് ഉജ്വല പറയുന്നത്. ഏപ്രിൽ 11ന് വോട്ട് ചെയ്യാനായി ഹൽഡ്വാനിയിലേക്ക് പോകാൻ ഇരുന്നതായിരുന്നു താനും രോഹിത്തെന്നും അവർ പറഞ്ഞു. ഏപ്രിൽ 12ന് തിരിച്ചുവരാനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാൽ തന്റെ ആളുകളെ കാണണമെന്നും അച്ഛനെ ദഹിപ്പിച്ച ചിത്രശില ഘട്ടിൽ സന്ദർശിക്കണമെന്നും രോഹിത് പറഞ്ഞതിനാൽ പദ്ധതി മാറ്റുകയായിരുന്നുവെന്നും ഉജ്വല.

    ചിത്രശില ഘട്ട് സന്ദർശിച്ച ശേഷം നീം കരോലി ബാബയുടെ അനുഗ്രഹത്തിനായി രോഹിത് പോയിരുന്നതായും ഉജ്വല പറഞ്ഞു. അച്ഛന്റെ രാഷ്ട്രീയ പൈതൃകം പിന്തുടരുന്നതിനു വേണ്ടിയാണ് ബാബയുടെ അനുഗ്രഹം തേടിപ്പോയതെന്നും ഉജ്വല വ്യക്തമാക്കുന്നു.

    വീട്ടിലെത്തിയ ശേഷം അത്താഴം കഴിഞ്ഞ് തനിക്ക് ശ്വാസം മുട്ടുന്ന പോലെ തോന്നുന്നതായി രോഹിത് പറഞ്ഞതായി ഉജ്വല ഓർക്കുന്നു. അടുത്തിടെ ബൈപാസ് കഴിഞ്ഞതിനാലായിരിക്കുമിതെന്നും അതിനാൽ വിശ്രമിക്കാൻ താൻ പറഞ്ഞതായും ഉജ്വല പറഞ്ഞു.

    രോഹിത് മദ്യപിച്ചിരുന്നതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ അങ്ങനെയല്ല, ശ്വാസം മുട്ടലുണ്ടായതിനെ തുടർന്നാണ് രോഹിത് മദ്യപിച്ചതുപോലെ കാണപ്പെട്ടതെന്നും ഉജ്വല പറഞ്ഞു. മകന് ചില മാനസിക സമ്മർദങ്ങൾ ഉണ്ടായിരുന്നെന്നും എന്നാൽ അത് പറയാൻ ആഗ്രഹിക്കുന്നില്ലെന്നും ഉജ്വല.

    2018ലാണ് അപൂർവയെ രോഹിത് വിവാഹം കഴിച്ചത്. പ്രണയ വിവാഹമായിരുന്നു ഇത്. അതേസമയം കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ഡിഫൻസ് കോളനിയിലെ വീട്ടിലുള്ളവരെ ചോദ്യം ചെയ്തു. രോഹിത്തിന്റെ ഭാര്യയെയും ചോദ്യം ചെയ്തിരുന്നു. വീട്ടിലുള്ള ആരോ തന്നെയാണ് രോഹിത്തിന്റെ കൊലയ്ക്ക് പിന്നിലെന്നാണ് ക്രൈംബ്രാഞ്ച് സംശയിക്കുന്നത്.

    മകൾക്ക് ഇങ്ങനെയൊന്ന് ചെയ്യാൻ കഴിയുമെന്ന് വിശ്വസിക്കുന്നില്ലെന്ന് അപൂർവയുടെ അച്ഛൻ പറഞ്ഞു. അന്വേഷണം നടക്കുന്നുണ്ടെന്നും ഉടൻ എല്ലാം അറിയാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

    First published: