• HOME
  • »
  • NEWS
  • »
  • india
  • »
  • Anil Chauhan | പുതിയ സംയുക്ത സൈനിക മേധാവിയായി അനിൽ ചൗഹാൻ; ഉത്തരവാദിത്വങ്ങളും വെല്ലുവിളികളും

Anil Chauhan | പുതിയ സംയുക്ത സൈനിക മേധാവിയായി അനിൽ ചൗഹാൻ; ഉത്തരവാദിത്വങ്ങളും വെല്ലുവിളികളും

40 വർഷം നീണ്ട സൈനിക സേവനത്തിൻെറ ഭാഗമായി ജമ്മു കശ്മീരിലെയും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെയും കലാപങ്ങൾ അവസാനിപ്പിക്കുന്നതിൽ പലതവണ നേതൃത്വം നൽകിയിട്ടുണ്ട് ഇദ്ദേഹം

അനിൽ ചൗഹാൻ

അനിൽ ചൗഹാൻ

  • Share this:
    ഇന്ത്യയുടെ പുതിയ സംയുക്ത സൈനിക മേധാവിയായി (Chief Of Defence Staff) ലഫ്റ്റെനൻറ് ജനറൽ (റിട്ട) അനിൽ ചൗഹാനെ (Anil Chauhan) നരേന്ദ്ര മോദി (Narendra Modi) സർക്കാർ നിയമിച്ചിരിക്കുകയാണ്. രാജ്യത്തെ പ്രഥമ സംയുക്ത സൈനിക മേധാവിയായിരുന്ന ജനറൽ ബിപിൻ റാവത്ത് ഹെലികോപ്ടർ അപകടത്തിൽ മരിച്ചതിന് ശേഷം ഏകദേശം 10 മാസം കഴിഞ്ഞാണ് പിൻഗാമിയെ പ്രഖ്യാപിച്ചത്. സൈനിക കാര്യ വകുപ്പ് സെക്രട്ടറിയായും ചൗഹാൻ സേവനമനുഷ്ഠിക്കും. സംയുക്ത സൈനിക മേധാവി, സൈനിക കാര്യ വകുപ്പ് സെക്രട്ടറി ചുമതലകൾ വ്യത്യസ്ത ആളുകളെ ഏൽപ്പിച്ചേക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ അത് ശരിയല്ലെന്ന് വ്യക്തമാക്കിയാണ് ചൗഹാൻെറ നിയമനം.

    കിഴക്കൻ ആർമി കമാൻഡറായി കരസേനയിൽ നിന്ന് വിരമിച്ചതിന് ശേഷം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടേറിയറ്റിലെ സൈനിക ഉപദേഷ്ടാവായി സേവനം അനുഷ്ഠിക്കുകയായിരുന്നു അനിൽ ചൗഹാൻ. 40 വർഷം നീണ്ട സൈനിക സേവനത്തിൻെറ ഭാഗമായി ജമ്മു കശ്മീരിലെയും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെയും കലാപങ്ങൾ അവസാനിപ്പിക്കുന്നതിൽ പലതവണ നേതൃത്വം നൽകിയിട്ടുണ്ട് ഇദ്ദേഹം. ഈ മാസം ആദ്യം കിബിതു സൈനിക സ്റ്റേഷന്റെ പേര് ജനറൽ ബിപിൻ റാവത്ത് മിലിട്ടറി ഗാരിസൺ എന്ന് പുനർനാമകരണം ചെയ്യുന്ന ചടങ്ങിൽ റാവത്തിന്റെ മകൾ തരിണി റാവത്തിനും മറ്റ് പ്രമുഖർക്കുമൊപ്പം ചൗഹാനും പങ്കെടുത്തിരുന്നു. ജനറൽ റാവത്തിന്റെ അതേ യൂണിറ്റിൽ നിന്നുള്ളയാളാണ് അനിൽ ചൗഹാൻ.

    Also read: ലെഫ്റ്റനന്‍റ് ജനറൽ അനിൽ ചൗഹാൻ ഇന്ത്യയുടെ പുതിയ സംയുക്ത സൈനിക മേധാവി

    സൈനിക കരിയർ

    നാഷണൽ ഡിഫൻസ് അക്കാദമിയിൽ നിന്നും പഠിച്ചിറങ്ങിയ ലെഫ്റ്റനന്റ് ജനറൽ ചൗഹാൻ 1981ൽ ആർമിയുടെ 11 ഗൂർഖ റൈഫിൾസിലാണ് ആദ്യം ചേരുന്നത്. നോർത്തേൺ കമാൻഡിലെ വളരെ പ്രധാനപ്പെട്ട ബാരാമുള്ള സെക്ടറിൽ ഒരു ഇൻഫൻട്രി ഡിവിഷന് അദ്ദേഹം നേതൃത്വം നൽകിയിട്ടുണ്ട്. മിലിട്ടറി ഓപ്പറേഷൻസ് ഡയറക്ടർ ജനറലായി പ്രവ‍ർത്തിച്ചിരുന്ന അദ്ദേഹം അംഗോളയിലെ ഐക്യരാഷ്ട്ര ദൗത്യത്തിന്റെ ഭാഗമായും പ്രവ‍ർത്തിച്ചിട്ടുണ്ട്. 2019 സെപ്റ്റംബറിൽ ഈസ്റ്റേൺ ആർമി കമാൻഡറായി നിയമിതനായ അദ്ദേഹം 2021 മെയ് 31 ന് സർവീസിൽ നിന്ന് വിരമിച്ചു.

    മുന്നിലുള്ള പ്രധാന വെല്ലുവിളികൾ

    ജനറൽ റാവത്ത് നേതൃത്വം നൽകിയിരുന്ന കരസേന, നാവികസേന, വ്യോമസേന എന്നിവയുടെ തീയറ്ററൈസേഷൻ പ്രക്രിയ മുന്നോട്ട് കൊണ്ട് പോവുകയെന്നതാണ് ചൗഹാൻെറ ആദ്യത്തെ പ്രധാന ഉത്തരവാദിത്വം. തിയേറ്റർ കമാൻഡുകളെക്കുറിച്ചുള്ള പുതിയ പഠനങ്ങൾ നടന്ന് കൊണ്ടിരിക്കുകയാണ്.

    മൂന്ന് സൈനിക വിഭാഗങ്ങളെയും ഏകോപിപ്പിച്ച് പ്രവർത്തിപ്പിക്കുക എന്നത് വളരെ പ്രധാന ചുമതലയാണ്. ദീർഘകാല ലക്ഷ്യങ്ങൾ മുന്നിൽ കണ്ട് കൊണ്ടുള്ള പ്രവർത്തനങ്ങളുടെ പദ്ധതി രൂപീകരണവും പട്ടികയിലുണ്ട്. സൈന്യത്തിലേക്ക് പുതിയതായി ആളുകളെ എടുക്കുന്ന കാര്യത്തിലും സൈനിക മേധാവിയുടെ മേൽനോട്ടം ഉണ്ടാവും. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള അഗ്നിപഥ് പദ്ധതി നടപ്പാക്കുന്നതും അനിൽ ചൌഹാൻെറ നേതൃത്വത്തിലായിരിക്കും. സൈനിക കാര്യ വകുപ്പ് ഇതുമായി ബന്ധപ്പെട്ട് പഠനം നടത്തുന്നുണ്ട്. അതിൻെറ ഏകോപനവും സെക്രട്ടറി എന്ന നിലയിൽ ചൗഹാൻ തന്നെയായിരിക്കും ഏറ്റെടുക്കുക.
    Published by:user_57
    First published: