മധുര: വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ തമിഴ്നാട്ടിൽ ആദായ നികുതി വകുപ്പിന്റെ നേതൃത്വത്തിൽ വ്യാപകമായി റെയ്ഡ് തുടരുന്നു. ഏറ്റവും ഒടുവിൽ ടിടിവി ദിനകരന്റെ പാർട്ടിയായ എഎംഎംകെ നേതാവിൽ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ 1.48 കോടി പിടിച്ചെടുത്തു. തേനി ജില്ലയിലെ ആണ്ടിപ്പെട്ടിയിൽ നിന്നാണ് പണം പിടിച്ചെടുത്തത്. ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം ആണ്ടിപ്പെട്ടി നിയമസഭാ സീറ്റിലേക്കും നാളെ വോട്ടെടുപ്പ് നടക്കുന്നുണ്ട്.
ചൊവ്വാഴ്ച രാത്രി ആരംഭിച്ച റെയ്ഡ് ബുധനാഴ്ച രാവിലെ 5.30വരെ തുടർന്നു. 94 പൊതികളിലായി സൂക്ഷിച്ച കണക്കിൽപ്പെടാത്ത പണമാണ് കമ്മീഷൻ പിടിച്ചെടുത്തത്. വാർഡ് നമ്പറും വോട്ടർമാരുടെ എണ്ണവും കവറിന് പുറത്ത് രേഖപ്പെടുത്തിരുന്നു. ഒരു വോട്ടർക്ക് 300 രൂപവീതമാണ് സൂക്ഷിച്ചിരുന്നത്. ആണ്ടിപ്പെട്ടി നിയമസഭാ ഉപതെരഞ്ഞെടുപ്പിനുള്ള പോസ്റ്റൽ ബാലറ്റ് പേപ്പറും പിടിച്ചെടുത്തവയിൽ പെടുന്നു. ഈ ബാലറ്റിൽ എഎംഎംകെ സ്ഥാനാര്‍ഥിക്ക് വോട്ട് രേഖപ്പെടുത്തിയിട്ടുമുണ്ട്. വോട്ടർമാർക്ക് വിതരണം ചെയ്യാനായി രണ്ട് കോടിരൂപ എത്തിച്ചതായാണ് വിവരം.
റെയ്ഡിനെത്തിയ അധികൃതരെ പാർട്ടി പ്രവർത്തകർ തടഞ്ഞുവച്ചു. തുടർന്ന് പൊലീസ് നാല് റൗണ്ട് വെടിയുതിർത്തശേഷമാണ് ഇവരെ രക്ഷപ്പെടുത്തിയത്. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ആദായ നികുതി വകുപ്പിന്റെ നേതൃത്വത്തിൽ വ്യാപകമായ റെയ്ഡ് തുടരുകയാണ്. റെയ്ഡുകളെല്ലാം പ്രതിപക്ഷ കക്ഷികളെയാണ് ഉന്നംവയ്ക്കുന്നതെന്നും ആക്ഷേപമുണ്ട്. ആദായ നികുതി വകുപ്പ് കഴിഞ്ഞ ആഴ്ച മാത്രം ചെന്നൈ, നാമക്കൽ, തിരുനെൽവേലി തുടങ്ങി തമിഴ് നാട്ടിലെ 18 ഇടങ്ങളിൽ റെയ്ഡ് നടത്തി. ബിജെപിയെ എതിർക്കുന്നവരെ മാത്രം ലക്ഷ്യമിട്ട് ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തുന്നുവെന്ന് ആരോപിച്ച് കേന്ദ്ര സർക്കാരിനെതിരെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു രംഗത്തെത്തിയിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.