HOME » NEWS » India » RS 2500 CRORE RECEIVED FOR CONSTRUCTION OF AYODHYA RAM TEMPLE RS 13 CRORE FROM KERALA

അയോധ്യ രാമക്ഷേത്ര നിർമാണത്തിന് സംഭാവനയായി ലഭിച്ചത് 2500 കോടി; കേരളത്തിൽ നിന്ന് 13 കോടി രൂപ

ഏറ്റവും കൂടുതല്‍ സംഭാവന ലഭിച്ചത് രാജസ്ഥാനില്‍ നിന്ന്.

News18 Malayalam | news18-malayalam
Updated: March 7, 2021, 9:47 AM IST
അയോധ്യ രാമക്ഷേത്ര നിർമാണത്തിന് സംഭാവനയായി ലഭിച്ചത് 2500 കോടി; കേരളത്തിൽ നിന്ന് 13 കോടി രൂപ
News18 Malayalam
  • Share this:
ന്യൂഡല്‍ഹി: അയോധ്യയിലെ  രാമക്ഷേത്ര നിര്‍മാണത്തിന് സംഭാവനയായി ആകെ ലഭിച്ചത് 2500 കോടി രൂപ. മാർച്ച് നാലു വരെയുള്ള കണക്കാണിത്. കേരളത്തിൽ നിന്ന് 13 കോടി രൂപ സംഭാവനയായി ലഭിച്ചതായി ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത്ത് റായ് അറിയിച്ചു. വീടുവീടാന്തരമുള്ള സംഭാവന സ്വീകരിക്കൽ യജ്ഞം അവസാനിച്ചെങ്കിലും ശ്രീ രാമ ജന്മഭൂമി തീർത്ഥ ക്ഷേത്രത്തിന്റെ വെബ്സൈറ്റ് വഴി ഓൺലൈനായി ആളുകൾക്ക് ഇനിയും സംഭാവന നൽകാനാകും.

ഏറ്റവും കൂടുതല്‍ സംഭാവന ലഭിച്ചത് രാജസ്ഥാനില്‍ നിന്നാണെന്നും ചമ്പത്ത് റായ് അറിയിച്ചു. തമിഴ്നാട്ടില്‍ നിന്ന് ക്ഷേത്ര നിര്‍മാണത്തിന് 85 കോടി രൂപയാണ് സംഭാവന ലഭിച്ചത്. ക്ഷേത്രത്തിന് മുന്നിലെ ഭൂമി വാങ്ങുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണെന്നും ചമ്പത്ത് റായി പറഞ്ഞു. മൂന്നു വർഷത്തിനുള്ളിൽ ക്ഷേത്ര നിർമാണം പൂർത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു.

Also Read- എ.ഡി.ബി വായ്പയുടെ പേരിൽ വിദേശ മലയാളികളെ കബളിപ്പിച്ചു; സരിതാ നായർക്കെതിരെ അറസ്റ്റ് വാറന്റ്

നേരത്തെ നിർദിഷ്ട ക്ഷേത്ര സമുച്ചയത്തോട് ചേർന്ന് കിടക്കുന്ന 7285 ചതുരശ്ര അടി വിസ്തീർണമുള്ള ഭൂമി ട്രസ്റ്റ് വാങ്ങിയിരുന്നു. ക്ഷേത്ര നിർമാണത്തിനായി സുപ്രീംകോടതി അനുവദിച്ച 70 ഏക്കർ ഭൂമിയോട് ചേർന്ന് കിടക്കുന്ന ഭൂമിയാണിത്. പ്രദേശവാസിയുടെ വസ്തു ഒരു കോടി രൂപ നൽകിയാണ് ട്രസ്റ്റ് സ്വന്തമാക്കിയതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

രാമക്ഷേത്ര സമുച്ചയം 70 ഏക്കറിൽ നിന്ന് 107 ഏക്കറായി വിപുലീകരിക്കാനാണ് ട്രസ്റ്റ് ആലോചിക്കുന്നതെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. പ്രധാന ക്ഷേത്രം അഞ്ച് ഏക്കറിലായിരിക്കും നിർമിക്കുക. ബാക്കിയുള്ള 100 ഏക്കറോളം ഭൂമി മ്യൂസിയം, ലൈബ്രറി, യാഗശാല, ആർട്ട് ഗ്യാലറി എന്നിവക്കായി ഉപയോഗിക്കും.

Also Read- ഇടതിൽ ജോസിന് 'മധുരം'; ഇരിക്കൂർ മുതൽ റാന്നിവരെ 12 സീറ്റ് ഉറപ്പിച്ച് കേരള കോൺഗ്രസിന് നേട്ടം

ജനുവരി 15 മുതല്‍ ഫെബ്രുവരി 27 വരെയായിരുന്നു ക്ഷേത്ര നിര്‍മാണത്തിന് വീടുകള്‍ കയറിയും സ്ഥാപനങ്ങള്‍ കയറിയുമുള്ള സംഭാവന സ്വീകരിക്കല്‍. ഇനി ഓണ്‍ലൈന്‍ മുഖേനെ മാത്രമേ സംഭാവന സ്വീകരിക്കുകയുള്ളൂ. വിദേശ സംഭാവന സ്വീകരിക്കുന്നതിനുള്ള അനുമതി ട്രസ്റ്റിന് ഇതുവരെ ലഭിച്ചിട്ടില്ല. ലഭിച്ചാല്‍ ഉടന്‍ വിദേശത്ത് നിന്നുള്ള സംഭാവനയും ട്രസ്റ്റ് സ്വീകരിക്കും. പ്രധാന ക്ഷേത്രത്തിന്റെ നിര്‍മാണത്തിന് മാത്രമായി 400 കോടി ചെലവ് വരുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഈ തുക ഉയരും എന്നാണ് ഇപ്പോഴത്തെ കണക്ക് കൂട്ടല്‍.

വിഎച്ച്പി പിരിച്ച തുകയുടെ വിശദാംശങ്ങൾ അറിയാൻ അവകാശമുണ്ട്: സിദ്ധരാമയ്യ

രാമക്ഷേത്ര നിർമാണത്തിനായുള്ള സംഭാവന യജ്ഞം വിശ്വ ഹിന്ദു പരിഷത്താണ് നടത്തിയത്. ഇതിനെ ചോദ്യം ചെയ്ത കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ, സംഭാവനയുടെ വിവരങ്ങൾ അറിയാൻ എല്ലാവർക്കും അവകാശമുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. പിരിച്ചെടുത്ത തുക എങ്ങനെയാണ് വിനിയോഗിക്കാൻ പോകുന്നതെന്നും അറിയാൻ താൽപര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

വിമര്‍ശനങ്ങൾ മറുപടി പറഞ്ഞ പേജാവാർ മഠത്തിലെ വിശ്വപ്രസന്ന തീർത്ഥ, 2100 കോടി രൂപ സംഭാവനയായി ലഭിച്ചതായി കഴിഞ്ഞ മാസം അറിയിച്ചിരുന്നു. സംഭാവന യജ്ഞം തുടരുന്നതിനാൽ അന്തിമ കണക്ക് ഇനിയും വൈകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Key Words- Ayodhya, Ram Mandir, Ram Temple, Ram Temple construction, Shree Ram Janmabhoomi Teerth Kshetra Trust
Published by: Rajesh V
First published: March 7, 2021, 9:47 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories