• HOME
 • »
 • NEWS
 • »
 • india
 • »
 • നെറ്റ്ഫ്ലിക്സിനും ആമസോൺ പ്രൈമിനും സെൻസറിങ് ഏർപ്പെടുത്തണമെന്ന് ആർഎസ്എസ്

നെറ്റ്ഫ്ലിക്സിനും ആമസോൺ പ്രൈമിനും സെൻസറിങ് ഏർപ്പെടുത്തണമെന്ന് ആർഎസ്എസ്

ആർഎസ്എസ് പ്രധാനമായും എതിർക്കുന്ന 5 നെറ്റ്ഫ്ലിക്സ്-പ്രൈം പരമ്പരകൾ ഇതൊക്കെയാണ്

 • Share this:
  #ധന്യ വിശ്വം


  നെറ്റ്ഫ്ലിക്സിനും ആമസോൺ പ്രൈമിനും സെൻസറിങ് ഏർപ്പെടുത്തണമെന്ന് ആർഎസ്എസ്. നെറ്റ്ഫ്ലിക്സിനും ആമസോൺ പ്രൈമിനും സെൻസറിങ് ഏർപ്പെടുത്തണമെന്ന ആർ എസ് എസിന്റെ ഈ ആവശ്യത്തോട് കേന്ദ്രസർക്കാറിന് അനുകൂല നിലപാടാണ്.  ഹിന്ദുവിരുദ്ധവും രാജ്യദ്രോഹപരവുമായ പരമ്പരകൾ നെറ്റ്ഫ്ലിക്സും പ്രൈമും കാണിക്കുന്നു എന്നാണ് ആർഎസ്എസിന്റെ ആരോപണം. പല പരിപാടികളും ഇന്ത്യൻ സംസ്കാരത്തിന് യോജിക്കാത്തതാണെന്നും പറയുന്നു. ആർഎസ്എസ് പ്രധാനമായും എതിർക്കുന്ന 5 നെറ്റ്ഫ്ലിക്സ്-പ്രൈം പരമ്പരകൾ ഇതൊക്കെയാണ്.


  1. സേക്രഡ് ഗെയിംസ്


  ഇന്ത്യനമേരിക്കൻ എഴുത്തുകാരൻ വിക്രം ചന്ദ്രയുടെ നോവലാണ് നെറ്റ്ഫ്ലിക്സ് സേക്രഡ് ഗെയിംസ് എന്ന പരമ്പരയാക്കിയത്. വിക്രമാദിത്യ മൊട്‍വാനെയും അനുരാഗ് കശ്യപും ചേർന്നാണ് സംവിധാനം. മുംബൈയാണ് കഥാ പശ്ചാത്തലം.  സിനിമയും രാഷ്ട്രീയവും അധോലോകവും ആത്മീയതയും എല്ലാമുള്ള സീരീസ്.സൈഫ് അലി ഖാൻ, നവാസുദ്ദീൻ സിദ്ധിഖി, രാധികാ ആപ്‌തെ, പങ്കജ് ത്രിപാഠി, കൽക്കി കോച്ചെലിൻ തുടങ്ങിയ വലിയ താരനിര പരമ്പരയിലുണ്ട്


  2.ഗൂൽ


  നെറ്റ്ഫ്ലിക്സിലെ ഹൊറർ സീരീസാണ് ഗൂൽ. പാട്രിക് ഗ്രഹാം സംവിധാനം ചെയ്യുന്ന പരമ്പര ഇന്ത്യൻ പശ്ചാത്തലത്തിലെ ഫാസിസ്റ്റുകാലത്തെ നശിക്കപ്പെട്ട സമൂഹത്തിന്റെ കഥ പറയുന്നു. അലി സയീദ് എന്ന കൊടുംഭീകരന്റെ ചോദ്യംചെയ്യലാണ് കഥയുടെ പ്രധാന പ്ലോട്ട്.  അറബ് നാടോടിക്കഥകളിലെ പ്രേതമായ ഗൂല്‍ പ്രേതവും സീരീസിലുണ്ട്. രാധികാ ആപ്‌തെ, മാനവ് കൗൾ, എസ് എം സഹീർ എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അനുരാഗ് കശ്യപിന്റെ ഫാന്റം ഫിലിംസ് നിർമിക്കുന്ന പരമ്പരയിൽ മൂന്ന് എപ്പിസോഡുകളാണ് പുറത്തിറങ്ങി.


  3.ലെയ്‌ല


  മാധ്യമപ്രവർത്തകനായ പ്രയാഗ് അക്ബറിന്റെ  നോവൽ ലെയ്ലാണ് നെറ്റ്ഫ്ലിക്സ് പരമ്പരയായി വരുന്നത്. ഇന്തോ കനേഡിയൻ സംവിധായകരായ ദീപാ മെഹ്ത, ശങ്കർ രാമൻ, പവൻ കുമാർ എന്നിവർ ചേർന്നാണ് ലെയ്‌ല സംവിധാനംചെയ്യുന്നത്.ഡോ. ആര്യവർത്ത എന്ന ഡിസ്റ്റോപിയൻ ലോകത്ത് നടക്കുന്ന സംഭവങ്ങളാണ് പരമ്പര.  2040കളില്‍ ഇന്ത്യയിൽ നടക്കുന്ന സംഭവങ്ങളാണ് സീരീസിൽ‍. മതവും രാഷ്ട്രീയവും അക്രമങ്ങളും നിറഞ്ഞ ഫാസിസത്തിന്റേതായ ഭൂമികയിലൂടെ കഥ പുരോഗമിക്കുന്നു. ഒരു സീസണിലായി ആറ് എപ്പിസോഡുകളാണ് ഇറങ്ങിയിട്ടുള്ളത്.


  4. ദ് ഫാമിലി മാൻ


  ഇന്ത്യൻ ചാരനായ ശ്രീകാന്ത് തിവാരിയുടെ കഥ പറയുന്ന ദ് ഫാമിലി മാൻ ആമസോൺ പ്രൈമിലാണ് സ്ട്രീം ചെയ്യുന്നത്. ഭീകരവാദവും കശ്മീരും രാജ്യത്തെ രാഷ്ട്രീയപ്രാധാന്യമുള്ള പല സംഭവങ്ങളും പരമ്പരയിൽ കാണിക്കുന്നു. ഭീകരവാദത്തെ ന്യായീകരിക്കുന്ന സംഭാഷണങ്ങളുണ്ട് എന്ന് പറഞ്ഞാണ് ആർ എസ് എസ് സീരീസിനെ എതിർക്കുന്നത്. മനോജ് ബാജ്പേയ്, പ്രിയാമണി, ശരീബ്‌ ഹശ്മി, നീരജ് മാധവ് എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്നു. പത്ത് എപ്പിസോഡുകളുള്ള ഒരു സീസണാണ് ഇതുവരെ ഇറങ്ങിയത്.


  5. ഫോർ ഷോട്സ് പ്ലീസ്


  മുംബൈ നഗരത്തിൽ ജീവിക്കുന്ന നാല് സ്ത്രീകളുടെ കഥയാണ് അനു മേനോന്റെ ഫോർ ഷോട്സ് പ്ലീസ് . ജയപരാജയങ്ങൾക്കും തിരക്കുകൾക്കുമിടയിൽ ടക്വീല ഷോട്ടുകളിൽ സൗഹൃദം പങ്കിടുന്നവർ. സ്ത്രീകൾ മാത്രം പ്രധാനകഥാപാത്രങ്ങളാകുന്ന ഇന്ത്യയിലെ ആദ്യ ഒറിജിനൽ സീരീസാണ് ഫോർ ഷോട്ട് പ്ലീസ്. പ്രണയവും ലൈംഗികതയും റിലേഷൻഷിപ്പ് പ്രശ്നങ്ങളുമെല്ലാം പറയുന്ന പരമ്പര സ്ട്രീം ചെയ്യുന്നത് ആമസോണിലാണ് .


  രാജ്യതാത്പര്യങ്ങൾക്കെതിരായ പരിപാടികളാണ് ഇതെല്ലാമെന്നാണ് RSS വാദം. ഈ സീരീസുകളെല്ലാം  വിലക്കി സെൻസറിങ് കൊണ്ടുവരണമെന്നും ആർഎസ്എസ് ആവശ്യപ്പെടുന്നു.  ഇന്ത്യൻ സംസ്കാരത്തോട് ചേർന്നുനിൽക്കുന്ന പരിപാടികൾ മാത്രം ആമസോണിലും നെറ്റ്ഫ്ളിക്സിലും മതിയെന്നാണ്  ആർഎസ്എസ് പറയുന്നത്.  ഓൺലൈൻ സ്ട്രീമുകളുടെ ഇന്ത്യൻ പ്രതിനിധികളുമായി ചർച്ച ചെയ്ത് ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ വകുപ്പ് മന്ത്രി പ്രകാശ് ജാവേദ്ക്കർ യോഗം ചേരും.

  First published: