• HOME
 • »
 • NEWS
 • »
 • india
 • »
 • Nupur Sharma | നുപൂര്‍ ശര്‍മ്മയെ പിന്തുണച്ച് പോസ്റ്റ്; യുവാവ് 16 ദിവസം ജയിലില്‍

Nupur Sharma | നുപൂര്‍ ശര്‍മ്മയെ പിന്തുണച്ച് പോസ്റ്റ്; യുവാവ് 16 ദിവസം ജയിലില്‍

ഇസ്ലാമിനെയും മുഹമ്മദ് നബിയെയും അപമാനിക്കുക മാത്രമല്ല, ലോകത്ത് തീവ്രവാദം പടര്‍ത്തുന്ന മതം ഉപേക്ഷിക്കൂ എന്നും ഇയാള്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റു ചെയ്തു എന്ന് പ്രോസിക്യൂഷന്‍ വാദിച്ചു

 • Last Updated :
 • Share this:
  വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട ബിജെപി (BJP) വക്താവ് നൂപൂര്‍ ശര്‍മ്മയെ ധീരവനിത എന്ന് വിശേഷിപ്പിച്ച് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് (Social media post) ഇട്ട യുവാവിന് ജയില്‍ കിടക്കേണ്ടി വന്നത് 16 ദിവസം. മഹാരാഷ്ട്ര ( Maharashtra) സ്വദേശിയായ സാദ് അഷ്ഫാഖ് അന്‍സാരി എന്ന ചെറുപ്പക്കാരനാണ് 16 ദിവസത്തോളം ജയിലില്‍ കിടന്നത്. ജൂണ്‍ 27 നാണ് സാദ് ജാമ്യം (Bail) ലഭിച്ച് പുറത്തിറങ്ങിയത്.

  മാനേജ്മെന്റ് സ്റ്റഡീസ് വിദ്യാര്‍ത്ഥിയായ സാദിനെ കേസര്‍ബാഗിലെ വസതിയില്‍ നിന്നാണ് ഭിവണ്ടി പോലീസ് അറസ്റ്റ് ചെയ്തത്. മുഹമ്മദ് നബിയെക്കുറിച്ച് വിവാദ പരാമര്‍ശം നടത്തിയ നൂപുര്‍ ശര്‍മ്മയെ പിന്തുണച്ചതിന് സാദിനെതിരെ നാട്ടുകാര്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്. ജൂണ്‍ 18 വരെ പോലീസ് കസ്റ്റഡിയിലായിരുന്ന ഇയാളെ പിന്നീട് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

  ജൂണ്‍ 20ന് ഭിവണ്ടിയിലെ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് സാദിന്റെ ജാമ്യാപേക്ഷ ആദ്യം പരിഗണിച്ചത്. എന്നാല്‍ അപേക്ഷ കോടതി തള്ളുകയായിരുന്നു. ഇസ്ലാമിനെയും മുഹമ്മദ് നബിയെയും അപമാനിക്കുക മാത്രമല്ല, ലോകത്ത് തീവ്രവാദം പടര്‍ത്തുന്ന മതം ഉപേക്ഷിക്കൂ എന്നും ഇയാള്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റു ചെയ്തു എന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ഇതേതുടര്‍ന്ന് സാദ് സെഷന്‍സ് കോടതിയെ സമീപിച്ച് ജാമ്യം നേടി.

  അതേസമയം, വിദ്യാര്‍ത്ഥി തന്റെ കാഴ്ചപ്പാട് പ്രകടിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും ഒരു തരത്തിലുള്ള അക്രമത്തിനും ആഹ്വാനം ചെയ്തിട്ടില്ലെന്നും മതവികാരം വ്രണപ്പെടുത്തിയിട്ടില്ലെന്നും സാദിന്റെ അഭിഭാഷകന്‍ നാരായണ അയ്യര്‍ പറഞ്ഞു.

  നൂപുര്‍ ശര്‍മ്മയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ രാജ്യത്തുടനീളം സംഭവിച്ചതു പോലെ ആളുകള്‍ അക്രമങ്ങൾ നടത്തരുത് എന്ന് അദ്ദേഹം സ്വന്തം സമുദായത്തോട് പറയുകയായിരുന്നു. ആര്‍ട്ടിക്കിള്‍ 19 പ്രകാരം നമ്മുടെ ഭരണഘടന അനുവദിക്കുന്ന സ്വന്തം കാഴ്ചപ്പാടുകള്‍ പറയുക മാത്രമാണ് സാദ് ചെയ്തത് എന്നും സാദിന്റെ അഭിഭാഷകൻ പറഞ്ഞു.

  അതേസമയം, സാദിന്റെ പിതാവ് വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറായില്ല. സാദിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ് തങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്നും ഇസ്ലാമിനെയും പ്രവാചകനെയും അപമാനിച്ചതിന് കേസെടുക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ പൊലീസിനെ സമീപിക്കുകയായിരുന്നുവെന്നും പ്രദേശവാസികള്‍ പറഞ്ഞു.

  ജൂണ്‍ 11 ന് രാത്രി 11.30 ഓടെ ജനക്കൂട്ടം സാദിന്റെ വസതിയില്‍ എത്തി സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ഇട്ടതിന് പരസ്യമായി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു. ഇതിന്റെ വീഡിയോ എടുക്കാനും മറ്റു ചിലര്‍ ശ്രമിച്ചു. ജനക്കൂട്ടത്തോട് ശാന്തരാകാനും തന്നെ വെറുതെ വിടാനും സാദ് അപേക്ഷിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. പ്രശ്‌നം ഗുരുതരമായതോടെ ഖുര്‍ആനിലെ വാക്യങ്ങള്‍ ചൊല്ലാന്‍ സാദിനെ നിര്‍ബന്ധിക്കുകയും അദ്ദേഹത്തിന്റെ മുഖത്ത് അടിക്കുന്നതും കാണാം.

  അടുത്ത ദിവസം സാദിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഉന്നയിച്ച് വലിയൊരു ജനക്കൂട്ടം അദ്ദേഹത്തിന്റെ വീട്ടില്‍ തടിച്ചുകൂടിയിരുന്നു. ഇതേതുടര്‍ന്ന് ഇസ്ലാമിനെയും പ്രവാചകനെയും അധിക്ഷേപിച്ചുവെന്നാരോപിച്ച് ഭിവണ്ടിയിലെ നിസാംപൂര്‍ പോലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ ഫയല്‍ ചെയ്യുകയായിരുന്നു.

  മതം, വംശം, ജന്മസ്ഥലം, താമസസ്ഥലം, ഭാഷ, തുടങ്ങിയ കാരണങ്ങളാല്‍ രണ്ട് വിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്തിയതിന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) 153 (എ) വകുപ്പ് പ്രകാരം ഫറാസ് ഫസല്‍ ബഹാവുദ്ദീന്‍ എന്ന വ്യക്തിയാണ് സാദിനെതിരെ പരാതി നല്‍കിയതെന്ന് എഫ്ഐആറില്‍ പറയുന്നു.
  Published by:Anuraj GR
  First published: