തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗൂഡാലോചന ആരോപിച്ച് വാരണാസിയിലെ സ്ഥാനാർഥി തേജ് ബഹദൂർ യാദവ്
തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗൂഡാലോചന ആരോപിച്ച് വാരണാസിയിലെ സ്ഥാനാർഥി തേജ് ബഹദൂർ യാദവ്
താൻ നാമനിർദ്ദേശ പത്രിക നേരത്തെ സമർപ്പിച്ചതാണെന്നും തെറ്റായി ഒന്നും പത്രികയിൽ കണ്ടെത്താൻ റിട്ടേണിംഗ് ഓഫീസർക്ക് കഴിഞ്ഞില്ലെന്നും ഇപ്പോൾ നടക്കുന്നത് ഗൂഢാലോചനയാണെന്നും തേജ് ബഹദൂർ യാദവ് ആരോപിച്ചു.
ന്യൂഡൽഹി: വാരണാസിയിലെ സമാജ് വാദി പാർട്ടി സ്ഥാനാർഥി തേജ് ബഹദൂർ യാദവിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നോട്ടീസ്. ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ (ബി.എസ്.എഫ്) നിന്ന് നിരാക്ഷേപസാക്ഷ്യപത്രം (എൻ.ഒ.സി) ഹാജരാക്കാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. മെയ് ഒന്നാം തിയതി രാവിലെ 11 മണിക്ക് മുമ്പായി ഹാജരാക്കാനാണ് നിർദ്ദേശം. ബി.എസ്.എഫ് മുൻ ഉദ്യോഗസ്ഥനായിരുന്ന തേജ് 2017ലാണ് സർവീസിൽ നിന്ന് പുറത്താക്കപ്പെട്ടത്. സൈനികർക്ക് നൽകുന്ന ഗുണനിലവാരം കുറഞ്ഞ ഭക്ഷണത്തെക്കുറിച്ച് വീഡിയോ പോസ്റ്റ് ചെയ്തതിനായിരുന്നു സർവീസിൽ നിന്ന് പുറത്താക്കപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്ന ഉത്തർ പ്രദേശിലെ വാരണാസി മണ്ഡലത്തിൽ പ്രതിപക്ഷ കക്ഷികളായ എസ് പിയുടെയും ബി എസ് പിയുടെയും സ്ഥാനാർഥിയായാണ് യാദവ് മത്സരിക്കുന്നത്. താൻ നാമനിർദ്ദേശ പത്രിക നേരത്തെ സമർപ്പിച്ചതാണെന്നും തെറ്റായി ഒന്നും പത്രികയിൽ കണ്ടെത്താൻ റിട്ടേണിംഗ് ഓഫീസർക്ക് കഴിഞ്ഞില്ലെന്നും ഇപ്പോൾ നടക്കുന്നത് ഗൂഢാലോചനയാണെന്നും തേജ് ബഹദൂർ യാദവ് ആരോപിച്ചു. തനിക്ക് കൂടുതൽ പിന്തുണ ലഭിച്ചതോടെ സർക്കാർ തന്നെ ലക്ഷ്യം വെച്ചിരിക്കുകയാണെന്നും യാദവ് ആരോപിച്ചു.
'ചൗക്കിദാര്‍ ചോര്‍ ഹേ'; കോടതിയെ ബന്ധപ്പെടുത്തിയതിന് മാപ്പ് പറഞ്ഞ് രാഹുല്‍ 2017ലാണ് യാദവ് സൈനികർക്ക് നൽകുന്ന ഭക്ഷണത്തെക്കുറിച്ചുള്ള വിവാദ വീഡിയോ പുറത്തുവിട്ടത്. സൈനികർക്ക് നൽകുന്ന പരിപ്പുകറി വെള്ളം മാത്രമാണെന്നും ചപ്പാത്തി കരിഞ്ഞതാണെന്നും ആയിരുന്നു വീഡിയോയിൽ ഉണ്ടായിരുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ആഭ്യന്തരമന്ത്രാലയം ഉത്തരവിട്ടിരുന്നു. വൈറലായ വീഡിയോയെക്കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസും വിശദീകരണം തേടിയിരുന്നു. തുടർന്ന്, അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി യാദവിനെ പുറത്താക്കുകയായിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.