HOME » NEWS » India »

പത്തുവർഷത്തിനിടെ ഒരു ട്രില്യൺ വൃക്ഷത്തൈകൾ വെച്ചുപിടിപ്പിക്കും'; ലോക സാമ്പത്തികഫോറത്തിൽ പങ്കെടുക്കാൻ സദ്ഗുരുവും

പത്ത് വർഷം മുമ്പ് ഡാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിൽ സദ്ഗുരു പങ്കെടുത്തിരുന്നു. ഇത്തവണ ജനുവരി 21 മുതൽ 24 വരെയാണ് സ്വിറ്റ്സർലൻഡിലെ ഡാവോസിൽ ലോക സാമ്പത്തിക ഫോറം നടക്കുന്നത്

News18 Malayalam | news18-malayalam
Updated: January 20, 2020, 7:14 PM IST
പത്തുവർഷത്തിനിടെ ഒരു ട്രില്യൺ വൃക്ഷത്തൈകൾ വെച്ചുപിടിപ്പിക്കും'; ലോക സാമ്പത്തികഫോറത്തിൽ പങ്കെടുക്കാൻ സദ്ഗുരുവും
sadguru wef
  • Share this:
ദാവോസ്: അമ്പതാമത് ലോക സാമ്പത്തിക ഫോറത്തിൽ ഇന്ത്യയിൽനിന്ന് ഇഷാ ഫൌണ്ടേഷൻ സ്ഥാപകൻ സദ്ഗുരു പങ്കെടുക്കും. ജനുവരി 23ന് ചാമ്പ്യൻസ് ഫോർ 1 ട്രില്യൺ ട്രീസ് എന്ന സെഷനിലാണ് സദ്ഗുരു പ്രഭാഷണം നടത്തുന്നത്. പത്ത് വർഷം മുമ്പ് ഡാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിൽ സദ്ഗുരു പങ്കെടുത്തിരുന്നു. ഇത്തവണ ജനുവരി 21 മുതൽ 24 വരെയാണ് സ്വിറ്റ്സർലൻഡിലെ ഡാവോസിൽ ലോക സാമ്പത്തിക ഫോറം നടക്കുന്നത്. സമ്മേളനത്തിലെ പ്രതിനിധികൾക്കായി ധ്യാന സെഷനും കോൺഷ്യസ്നെസ് റിട്രീറ്റും സദ്ഗുരു നടത്തുന്നുണ്ട്.

ഐക്യരാഷ്ട്രസഭ പരിസ്ഥിതി പദ്ധതിയുടെയും (യുനെപ്) യുഎന്നിന്റെ ഭക്ഷ്യ-കാർഷിക ഓർഗനൈസേഷന്റെയും (എഫ്എഒഒ) നേതൃത്വത്തിലാണ് പരിസ്ഥിതി സംരക്ഷണത്തിനായി ആഗോളതലത്തിൽ 1 ട്രില്യൺ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കാൻ തീരുമാനിച്ചത്. ഈ സംരഭത്തോട് അനുബന്ധിച്ചാണ് ലോക സാമ്പത്തിക ഫോറത്തിൽ പ്രത്യേക സെഷൻ സംഘടിപ്പിക്കുന്നത്. വരൾച്ച, വനനശീകരണം, കാലാവസ്ഥാ വ്യതിയാനം എന്നിവ മുന്നിൽ കണ്ടാണ് ഒരു ട്രില്യൺ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കാൻ ഐക്യരാഷ്ട്രസഭ മുൻകൈ എടുക്കുന്നത്.

ഈ പദ്ധതിക്കായി ഏറ്റവും അടിത്തറയുള്ള പാരിസ്ഥിതിക പ്രസ്ഥാനങ്ങളിലൊന്നായ പ്രോജക്ട് ഗ്രീൻഹാൻഡ്സ് (പി‌ജി‌എച്ച്) 15 വർഷത്തിനിടെ 35 ദശലക്ഷം വൃക്ഷത്തൈകൾ നടും. ഇന്ത്യയിലെ മരിച്ചുകൊണ്ടിരിക്കുന്ന നദികളെ പുനരുജ്ജീവിപ്പിക്കാനുള്ള പ്രസ്ഥാനമായ റാലി ഫോർ റിവേഴ്‌സ് (ആർ‌എഫ്‌ആർ) 30 ദിവസത്തിനുള്ളിൽ 162 ദശലക്ഷം ഫോളോവേഴ്സിനെ നേടി ചരിത്രംകുറിച്ചിരുന്നു. ഇതിനുശേഷം ലോകത്തിലെ ഏറ്റവും വലിയ പാരിസ്ഥിതിക പ്രസ്ഥാനമായി മാറുകയാണ് പ്രോജക്ട് ഗ്രാൻഹാൻഡിന്‍റെ ലക്ഷ്യം. റാലി ഫോർ റിവേഴ്‌സ് പദ്ധതിക്ക് പിന്നിൽ പ്രവർത്തിച്ച സദ്ഗുരു എറെ പ്രശംസ നേടിയിരുന്നു. സർക്കാരിന്‍റെ അംഗീകാരവും ഈ പദ്ധതി നേടിയിരുന്നു.

ആർ‌എഫ്‌ആർ പദ്ധതിയായ കാവേരി കോളിംഗിലൂടെ ദക്ഷിണേന്ത്യയിലെ കാവേരി നദീതടത്തിലെ അഞ്ച് ദശലക്ഷം കർഷകരുടെ സഹകരണത്തോടെ 12 വർഷത്തെ കാലയളവിൽ 2.42 ബില്യൺ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്ന പ്രവർത്തനമാണ് നടക്കുന്നത്. കർഷകരുടെ അഭിവൃദ്ധിയെ പ്രോത്സാഹിപ്പിക്കുന്ന ഒരു സാമ്പത്തിക മാതൃകയായി ഈ പദ്ധതി മാറി. ലോകമെമ്പാടുമുള്ള ഉഷ്ണമേഖലാ പ്രദേശങ്ങളിൽ നദി പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളുടെ ഒരു ബ്ലൂപ്രിന്റായി കാവേരി കോളിംഗ് ആഗോളതലത്തിൽ ശ്രദ്ധ നേടി.

ഈ വർഷത്തെ ലോക സാമ്പത്തിക ഉച്ചകോടിയുടെ തീം “അനുയോജ്യവും സുസ്ഥിരവുമായ ഒരു ലോകത്തിനായി ഒരുമിക്കാം” എന്നതാണ്. ലോകമെമ്പാടുമുള്ള 3000 പ്രമുഖർ പ്രതിനിധികളായി പങ്കെടുക്കുന്ന നാല് ദിവസത്തെ പരിപാടിയിൽ 600 വിശിഷ്ട വ്യക്തികൾ സംസാരിക്കും. സുസ്ഥിരവും തുല്യവുമായ വികസനത്തിന് സഹായകമായ ആഗോള, പ്രാദേശിക, വ്യവസായ അജണ്ട രൂപപ്പെടുത്തുന്നതിൽ രാഷ്ട്രീയ, ബിസിനസ്, സാംസ്കാരിക നേതാക്കളെ ഉൾക്കൊള്ളുന്ന ഒരു പ്ലാറ്റ്ഫോമാണ് വേൾഡ് ഇക്കണോമിക് ഫോറം. സ്വിറ്റ്സർലൻഡിലെ ജനീവയിലാണ് ഇതിന്‍റെ ആസ്ഥാനം.

ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള അമ്പത് വ്യക്തികളിൽ ഒരാളെന്ന നേട്ടം കൈവരിച്ചയാളാണ് ഇഷാ ഫൌണ്ടേഷൻ സ്ഥാപകൻ കൂടിയായ സദ്ഗുരു. അദ്ദേഹം ഒരു യോഗാചാര്യനും ആത്മീയനേതാവും എഴുത്തുകാരനും പരിസ്ഥിതിപ്രവർത്തകനുമാണ്. വിവിധ മേഖലകളിൽ അദ്ദേഹം നൽകിയ സംഭാവനകൾ കണക്കിലെടുത്ത് 2017ൽ ഇന്ത്യയിലെ ഉയർന്ന സിവിലിയൻ പുരസ്ക്കാരങ്ങളിലൊന്നായ പത്മവിഭൂഷൻ സദ്ഗുരുവിന് നൽകി ആദരിച്ചു. മൂന്ന് പതിറ്റാണ്ട് മുമ്പാണ് ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന മനുഷ്യ സേവന സംഘടനയായ ഈശാ ഫൌണ്ടേഷൻ സദ്ഗുരു സ്ഥാപിക്കുന്നത്. മനുഷ്യ പരിവർത്തനത്തിനായി ശക്തമായ ഇന്നർ എഞ്ചിനീയറിംഗ് പ്രോഗ്രാമുകളും ഗ്രാമീണ ഇന്ത്യയിലെ പിന്നാക്കം നിൽക്കുന്ന ജനങ്ങളെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് ആവശ്യമായ പദ്ധതികളും സദ്ഗുരുവിന്‍റെ നേതൃത്വത്തിൽ നടപ്പാക്കി.
Published by: Anuraj GR
First published: January 20, 2020, 7:13 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories