• HOME
  • »
  • NEWS
  • »
  • india
  • »
  • Controversial statement |'ത്രിവര്‍ണ പതാകയ്ക്ക് പകരം കാവിക്കൊടി ദേശീയ പതാകയാകും': കര്‍ണാടക ബിജെപി മന്ത്രി

Controversial statement |'ത്രിവര്‍ണ പതാകയ്ക്ക് പകരം കാവിക്കൊടി ദേശീയ പതാകയാകും': കര്‍ണാടക ബിജെപി മന്ത്രി

'അയോധ്യയില്‍ രാമക്ഷേത്രം പണിയുമെന്ന് മുന്‍പ് പറഞ്ഞപ്പോള്‍ ആളുകള്‍ ഞങ്ങളെ നോക്കി ചിരിച്ചില്ലേ? എന്നാലതിപ്പോള്‍ സാധ്യമായില്ലേ? അതുപോലെ നൂറോ ഇരുന്നൂറോ അഞ്ഞൂറോ വര്‍ഷങ്ങള്‍ക്കുള്ളില്‍ കാവിക്കൊടി ദേശീയ പതാകയാകും.'

കെ എസ് ഈശ്വരപ്പ

കെ എസ് ഈശ്വരപ്പ

  • Last Updated :
  • Share this:
    ഭാവിയില്‍ ത്രിവര്‍ണ പതാകയ്ക്ക് പകരം കാവിക്കൊടി ദേശീയ പതാകയാകുമെന്ന വിവാദ പ്രസ്താവനയുമായി (Controversial statement)  കര്‍ണാടക ഗ്രാമീണ വികസന പഞ്ചായത്ത് രാജ് മന്ത്രി കെ എസ് ഈശ്വരപ്പ (K S Eshwarappa). ഹിജാബ് വിരുദ്ധ പ്രതിഷേധത്തിനിടെ ഷിമോഗയിലെ സര്‍ക്കാര്‍ കോളേജില്‍ ത്രിവര്‍ണ പതാക മാറ്റി വിദ്യാര്‍ത്ഥികള്‍ കാവിക്കൊടി ഉയര്‍ത്തിയെന്ന കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറിന്റെ പ്രസ്താവനയോട് പ്രതികരിക്കവേയായിരുന്നു ഈശ്വരപ്പയുടെ വിവാദ പ്രസ്താവന.

    'നൂറ്റാണ്ടുകള്‍ക്കു മുമ്പ് രാമന്റെയും ഹനുമാന്റെയും രഥങ്ങളില്‍ കാവിക്കൊടി ഉണ്ടായിരുന്നു. അന്ന് നമ്മുടെ നാട്ടില്‍ ത്രിവര്‍ണ പതാക ഉണ്ടായിരുന്നോ? എന്നാലിപ്പോള്‍ ത്രിവര്‍ണ്ണ പതാക നമ്മുടെ ദേശീയ പതാകയാണ്. അതിനെ ബഹുമാനിക്കണം.'- കെ എസ് ഈശ്വരപ്പ പറഞ്ഞു. ശിവകുമാറിന്റെ ആരോപണം കള്ളമാണെന്നും ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും ഇടയില്‍ ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമമാണെന്നും ഈശ്വരപ്പ ആരോപിച്ചു.

    ചെങ്കോട്ടയില്‍ കാവി പതാക ഉയര്‍ത്താനാകുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി 'ഇന്നല്ല, ഭാവിയിലെ ഒരു ദിവസം' അത് നടക്കുമെന്ന് അദ്ദേഹം പറഞ്ഞു. 'അയോധ്യയില്‍ രാമക്ഷേത്രം പണിയുമെന്ന് മുന്‍പ് പറഞ്ഞപ്പോള്‍ ആളുകള്‍ ഞങ്ങളെ നോക്കി ചിരിച്ചില്ലേ? എന്നാലതിപ്പോള്‍ സാധ്യമായില്ലേ? അതുപോലെ നൂറോ ഇരുന്നൂറോ അഞ്ഞൂറോ വര്‍ഷങ്ങള്‍ക്കുള്ളില്‍ കാവിക്കൊടി ദേശീയ പതാകയാകും. ഹിന്ദു ധര്‍മ്മം നടപ്പാവുന്ന സമയത്ത് ചെങ്കോട്ടയില്‍ കാവിക്കൊടി ഉയരും.'- ഈശ്വരപ്പ പറഞ്ഞു. എന്നാലിപ്പോള്‍ ത്രിവര്‍ണ പതാകയാണ് നമ്മുടെ ദേശീയ പതാകയെന്നും അതിനെ ബഹുമാനിക്കാത്തവര്‍ ആരായാലും അവര്‍ രാജ്യദ്രോഹികളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    Hijab Ban | ഹിജാബ് യൂണിഫോമിന്റെ ഭാഗമല്ല; വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിരോധിക്കാനൊരുങ്ങി മധ്യപ്രദേശ് സര്‍ക്കാരും

    സ്‌കൂളുകളിലും കോളേജുകളിലും ശിരോവസ്ത്രമോ ഹിജാബോ ധരിക്കുന്നതുമായി ബന്ധപ്പെട്ട വിവാദം കര്‍ണാടകയില്‍ (Karnataka) ചൂടുപിടിക്കുന്നതിനിടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിക്കുന്നതിനെക്കുറിച്ച് (Hijab Ban) മധ്യപ്രദേശ് (Madhya Pradesh) സര്‍ക്കാരും ആലോചിക്കുകയാണ്. വിദ്യാര്‍ത്ഥികൾക്ക് നിഷ്കർഷിച്ച ഡ്രസ് കോഡ് (Dress Code) മാത്രമേ ധരിക്കാന്‍ അനുവദിക്കുകയുള്ളൂവെന്ന് മധ്യപ്രദേശ് വിദ്യാഭ്യാസ മന്ത്രി ഇന്ദര്‍ സിംഗ് പര്‍മര്‍ പറഞ്ഞു. ഹിജാബ് സ്‌കൂള്‍ വസ്ത്രത്തിന്റെ ഭാഗമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മധ്യപ്രദേശിലെ സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പ് സംസ്ഥാനത്തെ സ്‌കൂളുകള്‍ യൂണിഫോമുമായി ബന്ധപ്പെട്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും സംസ്ഥാന വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

    ചൊവ്വാഴ്ച രാവിലെ ഭോപ്പാലില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് സ്‌കൂളുകളില്‍ ഹിജാബ് ധരിക്കുന്നതിനെക്കുറിച്ച് മധ്യപ്രദേശ് സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി ഇന്ദര്‍ സിംഗ് പര്‍മര്‍ പ്രതികരണം നടത്തിയത്. ഇത്തരം വസ്ത്രങ്ങള്‍ സ്‌കൂള്‍ ഡ്രസ് കോഡിന്റെ ഭാഗമാക്കാന്‍ കഴിയില്ലെന്നാണ് താന്‍ കരുതുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിവാദങ്ങള്‍ ഉയർന്നതിനെ തുടര്‍ന്ന് അദ്ദേഹം പ്രസ്താവനകളില്‍ അയവു വരുത്തി. വിദ്യാഭ്യാസ വകുപ്പ് സ്‌കൂളുകളിൽ യൂണിഫോം ഡ്രസ് കോഡ് ഏർപ്പെടുത്താൻ പ്രവര്‍ത്തിച്ചു വരികയാണെന്നും ഇതിന് ഏതെങ്കിലും മതവുമായോ സമുദായവുമായോ ബന്ധമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്‌കൂളുകളില്‍ ഹിജാബ് നിരോധിക്കുന്നതിനെ കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് മന്ത്രി ഒഴിഞ്ഞുമാറി. യൂണിഫോമിന് ഒരു പ്രത്യേക സമുദായവുമായും ബന്ധമില്ലെന്നും അത് എല്ലാവര്‍ക്കും വേണ്ടിയുള്ളതാണെന്നും പര്‍മര്‍ വ്യക്തമാക്കി.

    വിദ്യാഭ്യാസ മന്ത്രിയുടേത് ദൗര്‍ഭാഗ്യകരമായ പ്രസ്താവനയാണെന്ന് ഭോപ്പാലിലെ കോണ്‍ഗ്രസ് എംഎല്‍എ ആരിഫ് മസൂദ് പറഞ്ഞു. വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെക്കുറിച്ചാണ് പര്‍മര്‍ കൂടുതല്‍ ചിന്തിക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ 70 വര്‍ഷമായി ഹിജാബ് വിദ്യാഭ്യാസത്തിന് ഒരു ദോഷവും വരുത്തിയിട്ടില്ല എന്നത് ഒരു വസ്തുതയാണ്. സംസ്ഥാനത്ത് ഇത് നടപ്പാക്കിയാല്‍ താന്‍ ശക്തമായി എതിര്‍ക്കുമെന്നും കോണ്‍ഗ്രസ് എംഎല്‍എ കൂട്ടിച്ചേര്‍ത്തു.

    കര്‍ണാടകയിലെ ഷിമോഗയില്‍ ഹിജാബ് ധരിച്ച പെണ്‍കുട്ടികളും കാവി ഷാള്‍ ധരിച്ച വിദ്യാര്‍ത്ഥികളും തമ്മിൽ ഉടലെടുത്ത സംഘര്‍ഷത്തെ തുടര്‍ന്നാണ് മറ്റ് സംസ്ഥാനങ്ങളിലും ഈ വിഷയം ഉയര്‍ന്നിരിക്കുന്നത്.
    കർണാടകയുടെ വിവിധ ഭാഗങ്ങളിൽ സ്‌കൂളുകളിലും കോളേജുകളിലും ഹിജാബിനെ (Hijab) അനുകൂലിച്ചും പ്രതികൂലിച്ചും പ്രതിഷേധം ശക്തമായതോടെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ (Chief Minister Basavaraj Bommai) വിദ്യാർത്ഥികളോട് സമാധാനം പാലിക്കണമെന്നും പ്രകോപനപരമായ പ്രസ്താവനകൾ നടത്തരുതെന്നും അഭ്യർത്ഥിച്ചു. കോളേജിലെ ഹിജാബ് നിയന്ത്രണം ചോദ്യം ചെയ്ത് ഉഡുപ്പിയിലെ സർക്കാർ പ്രീ-യൂണിവേഴ്‌സിറ്റി കോളേജിൽ പഠിക്കുന്ന അഞ്ച് പെൺകുട്ടികൾ സമർപ്പിച്ച ഹർജികളിൽ കർണാടക ഹൈക്കോടതിയും വാദം കേൾക്കാൻ തുടങ്ങി. ബുധനാഴ്ചയും ബെഞ്ച് വാദം കേൾക്കുന്നത് തുടരും.

    Published by:Sarath Mohanan
    First published: