ന്യൂഡൽഹി: സിഖ് വിരുദ്ധ കലാപക്കേസില്‍ ശിക്ഷിക്കപ്പെട്ട സജ്ജന്‍ കുമാര്‍ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവച്ചു. രാജിക്കാര്യം അറിയിച്ചു സജ്ജന്‍ കുമാര്‍ രാഹുല്‍ ഗാന്ധിക്ക് കത്ത് നല്‍കി. വിധിക്ക് പിന്നാലെ കലാപത്തില്‍ ആരോപണ വിധേയരായ കോൺഗ്രസ് നേതാക്കള്‍ക്ക് എതിരെ പാര്‍ലമെന്റിന് അകത്തും പുറത്തും പ്രതിഷേധം ശക്തമാക്കി ബിജെപിയും ശിരോമണി അകാലിദളും രംഗത്തെത്തി.
സിഖ് വിരുദ്ധ കലാപക്കേസില്‍ ജീവപര്യന്തം ശിക്ഷയ്ക്ക് വിധിക്കപ്പെട്ട സജ്ജന്‍ കുമാറുമായുള്ള ബന്ധം കോൺഗ്രസിന് തലവേദനയാകുന്നതിനിടെയാണ് രാജി. പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവയ്ക്കുന്നതായി അറിയിച്ചു സജ്ജന്‍ കുമാര്‍ രാഹുല്‍ ഗാന്ധിക്ക് കത്ത് നല്‍കി. രാഷ്ട്രീയ സംരക്ഷണം ലഭിച്ചത് കൊണ്ടാണ് സജ്ജന്‍ കുമാര്‍ ഇതുവരെ ശിക്ഷിക്കപ്പെടാതെ പോയതെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. കലാപവുമായി ബന്ധപ്പെട്ട തന്റെ നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.
സിഖ് വിരുദ്ധ കലാപം: കോൺഗ്രസ് നേതാവ് സജ്ജൻ കുമാറിന് ജീവപര്യന്തം
കോൺഗ്രസ്, സിഖ് സമുദായത്തോട് മാപ്പു പറയണമെന്ന് എന്‍ഡിഎ ഘടക കക്ഷിയായ ശിരോമണി ആകാലിദള്‍ പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു. കോടതി വിധി ചൂണ്ടിക്കാട്ടി കോൺഗ്രസിനെ പ്രതിരോധത്തിലാക്കാന്‍ ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗം തീരുമാനിച്ചു. അതേസമയം ഹൈക്കോടതി വിധിക്ക് എതിരെ ഉടന്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാനാണ് സജ്ജന്‍ കുമാറിന്റെ അഭിഭാഷകരുടെ തീരുമാനം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Anti sikh riot, Congress, Sajjan kumar, കോൺഗ്രസ്, സജ്ജൻ കുമാർ, സിഖ് വിരുദ്ധ കലാപം