ന്യൂഡൽഹി: സിഖ് വിരുദ്ധ കലാപത്തില്‍ ഒരു കുടുംബത്തിലെ 5 പേര് കൊല്ലപ്പെട്ട കേസില്‍ ഡല്‍ഹി ഹൈക്കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ച പ്രമുഖ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാര്‍ (73) കോടതിയില്‍ കീഴടങ്ങി. പൊലീസ് സജ്ജന്‍കുമാറിനെ തിഹാര്‍ ജയിലിലേക്കു കൊണ്ടുപോകും. കീഴടങ്ങാന്‍ കൂടുതല്‍ സമയം വേണമെന്ന സജ്ജന്‍കുമാറിന്റെ ആവശ്യം കോടതി തള്ളിയിരുന്നു. ഇതിനെ തുടർന്നായിരുന്നു അദ്ദേഹം കീഴടങ്ങിയത്. സുപ്രീംകോടതിയെയും അദ്ദേഹം സമീപിച്ചിട്ടുണ്ട്.
സജ്ജന്‍ കുമാര്‍ ഉള്‍പ്പെടെ ആറ് പ്രതികളും 31നു കീഴടങ്ങണമെന്നും ഡല്‍ഹി വിട്ടുപോകരുതെന്നും കോടതി നിര്‍ദേശിച്ചിരുന്നു. വിധിക്കു പിന്നാലെ സജ്ജന്‍കുമാര്‍ കോണ്‍ഗ്രസില്‍നിന്നു രാജിവച്ചിരുന്നു. നേതൃത്വം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു രാജി. സജ്ജന്‍ കുമാറിനെ വിട്ടയച്ച വിചാരണക്കോടതി ഉത്തരവു തള്ളിയാണു ഹൈക്കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. ശിക്ഷാകാലാവധി ജീവിതാന്ത്യം വരെയാണെന്നും കോടതി വ്യക്തമാക്കിയിരുന്നു.
1984 ഒക്ടോബര്‍ 31ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി വെടിയേറ്റു മരിച്ചതിനെത്തുടര്‍ന്ന് അക്രമാസക്തരായ ജനക്കൂട്ടം ദക്ഷിണ-പശ്ചിമ ഡല്‍ഹിയിലെ പാലം കോളനി രാജ്നഗറില്‍ നവംബര്‍ ഒന്നിന് സിഖുകാര്‍ക്കെതിരെ മാരകായുധങ്ങളുമായി നടത്തിയ അക്രമത്തില്‍ കേഹാര്‍ സിങ്, ഗുര്‍പ്രീത് സിങ്, രഘുവേന്ദര്‍ സിങ്, നരേന്ദര്‍ പാല് സിങ്, കുല്‍ദീപ് സിങ് എന്നിവര്‍ കൊല്ലപ്പെട്ട കേസിലാണ് സജ്ജന്‍കുമാര്‍ ശിക്ഷിക്കപ്പെട്ടത്. സംഭവം നടക്കുമ്പോള്‍ ഔട്ടര്‍ ഡല്‍ഹിയില്‍നിന്നുള്ള ലോക്സഭാംഗമായിരുന്നു സജ്ജന്‍ കുമാര്‍. ഗൂഢാലോചന, കുറ്റകൃത്യത്തിനു പ്രേരിപ്പിക്കല്‍, വീടുകള്‍ക്കും ഗുരുദ്വാരകള്‍ക്കും തീയിടല്‍ തുടങ്ങിയവയാണു കുറ്റങ്ങള്‍.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Anti sikh riot, Delhi, Sajjan kumar, Supreme court, ഡൽഹി, സജ്ജൻ കുമാർ, സിഖ് വിരുദ്ധ കലാപം