• HOME
 • »
 • NEWS
 • »
 • india
 • »
 • IndiGo | ജീവനക്കാർ എയർ ഇന്ത്യയുടെ ഇന്റർവ്യൂവിന് പോയി; ഇൻഡി​ഗോ വിമാനങ്ങൾ മണിക്കൂറുകൾ വൈകി

IndiGo | ജീവനക്കാർ എയർ ഇന്ത്യയുടെ ഇന്റർവ്യൂവിന് പോയി; ഇൻഡി​ഗോ വിമാനങ്ങൾ മണിക്കൂറുകൾ വൈകി

ഇൻഡിഗോയുടെ 55 ശതമാനം ആഭ്യന്തര സർവീസുകളും ശനിയാഴ്ച വൈകി; നിരവധി യാത്രക്കാരാണ് വിമാനത്താവളത്തിൽ പ്രതിഷേധവുമായി രം?ഗത്തെത്തിയത്.

 • Share this:
  ക്യാബിൻ ക്രൂ അംഗങ്ങൾ അവധിയെടുത്തതിനാൽ ശനിയാഴ്ചയും ഞായറാഴ്ചയും ഇൻഡിഗോയുടെ (IndiGo) വിമാനങ്ങൾ മണിക്കൂറുകളോളം വൈകി. ക്രൂ അംഗങ്ങളിൽ ഭൂരിഭാ​ഗം പേരും എയർ ഇന്ത്യയുടെ (Air India) അഭിമുഖത്തിൽ പങ്കെടുക്കാൻ പോയതിനാലാണ് ശനിയാഴ്ച വിമാനങ്ങൾ വൈകിയതെന്നാണ് റിപ്പോർട്ട്. ഇൻഡിഗോയുടെ 55 ശതമാനം ആഭ്യന്തര സർവീസുകളും ശനിയാഴ്ച വൈകിയിരുന്നു. മറ്റ് വിമാനക്കമ്പനികളെ അപേക്ഷിച്ച്, ഇൻഡി​ഗോയിലെ കുറഞ്ഞ ശമ്പളവും കൂടുതൽ ജോലിഭാരവുമാണ് ജീവനക്കാരെ മറ്റ് വിമാനക്കമ്പനികളിലേക്ക് ആകർഷിക്കുന്നതെന്നാണ് റിപ്പോർട്ട്.

  നിരവധി യാത്രക്കാരാണ് വിമാനത്താവളത്തിൽ പ്രതിഷേധവുമായി രം​ഗത്തെത്തിയത്. ക്യാബിൻ ക്രൂ അം​ഗങ്ങൾ ഇല്ലാത്തതിനാലാണ് വിമാനം വൈകുന്നതെന്ന് യാത്രക്കാർ വൈകിയാണ് തിരിച്ചറിഞ്ഞത്. നിരവധി പേർ ഇക്കാര്യം സമൂഹമാധ്യമങ്ങളിൽ പങ്കു വെയ്ക്കുകയും ചെയ്തു.

  ജൂലൈ 2 ശനിയാഴ്ച ഇൻഡിഗോയുടെ 55 ശതമാനം വിമാനങ്ങളും ജൂലൈ 3ന് 30 ശതമാനം വിമാനങ്ങളുമാണ് വൈകിയത്. ഒരു വിമാനം പുറപ്പെടേണ്ട സമയത്തിന്റെ 15 മിനിറ്റുകൾക്കു ശേഷവും ടേക്ക് ഓഫ് ചെയ്തില്ലെങ്കിലാണ് അത് വൈകിയതായി കണക്കാക്കുന്നത്. ഒരു ദിവസം ഏകദേശം 1,600 വിമാനങ്ങൾ സർവീസ് നടത്തുന്ന ഇൻഡിഗോ വലിയ തിരിച്ചടിയാണ് ഈ രണ്ടു ദിവസങ്ങളിലായി നേരിട്ടത്.

  നിലവിലെ ശമ്പളവും അലവൻസും സംബന്ധിച്ച് ക്രൂ അംഗങ്ങൾക്കിടയിൽ വലിയ അതൃപ്തിയുണ്ടെന്നാണ് നിലവിലെ സംഭവങ്ങൾ തെളിയിക്കുന്നത്. പ്രത്യേകിച്ചും, പല വിമാനക്കമ്പനികളും ആഭ്യന്തര സർവീസിൽ കോവിഡിനെത്തുടർന്നുണ്ടായ നഷ്ടം പരിഹരിച്ചു തുടങ്ങിയ സാഹചര്യത്തിൽ. ഇൻഡി​ഗോയിലെ ക്യാബിൻ ക്രൂ അം​ഗങ്ങളുടെ നിശബ്ദ പ്രതിഷേധമാണ് ശനിയാഴ്ചത്തെ കൂട്ട അവധിയെടുക്കൽ സൂചിപ്പിക്കുന്നതെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

  ഇതാദ്യമല്ല ഇൻഡി​ഗോ ഇത്തരം പ്രതിഷേധങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നത്. ഇക്കഴിഞ്ഞ ഏപ്രിലിൽ, കോവിഡിന് മുമ്പ് ഉണ്ടായിരുന്ന ശമ്പളം വേണമെന്നാവശ്യപ്പെട്ട് എയർലൈനിലെ ചില പൈലറ്റുമാർ പ്രതിഷേധം നടത്തിയിരുന്നു. ഈ വിഷയത്തിൽ സമരം സംഘടിപ്പിക്കാൻ പദ്ധതിയിട്ടിരുന്ന ചില പൈലറ്റുമാർക്കെതിരെ കമ്പനി അച്ചടക്ക നടപടിയും സ്വീകരിച്ചിരുന്നു. ഏപ്രിൽ 1 മുതൽ ഇൻഡി​ഗോ പൈലറ്റുമാരുടെ ശമ്പളത്തിൽ എട്ട് ശതമാനം വർദ്ധനവ് പ്രഖ്യാപിച്ചിരുന്നു. എങ്കിലും, തങ്ങൾക്ക് മുൻപ് ലഭിച്ചിരുന്നതിനേക്കാൾ 20 ശതമാനം കുറവാണ് ആ വേതനമെന്നു ചൂണ്ടിക്കാട്ടിയാണ് പൈലറ്റുമാർ പ്രതിഷേധിച്ചത്. കോവിഡിനു ശേഷം ദുർബലമായ സമ്പദ്‌വ്യവസ്ഥയ്ക്കും വർദ്ധിച്ചുവരുന്ന പണപ്പെരുപ്പത്തിനുമിടെ മെച്ചപ്പെട്ട വേതനം തങ്ങൾക്കു വേണമെന്നാണ് ജീവനക്കാർ പറയുന്നത്. എയർ ഇന്ത്യയുടെ റിക്രൂട്ട്‌മെന്റ് ഡ്രൈവിൽ പങ്കെടുക്കാനായി ശനിയാഴ്ച വലിയൊരു വിഭാഗം ക്യാബിൻ ക്രൂ ജീവനക്കാരും കൂട്ട അവധിയെടുത്തതിനു പിന്നിലെ കാരണം ഇതാണെന്നാണ് വിദ​ഗ്ധർ പറയുന്നത്.

  എയർ ഇന്ത്യ മാത്രമല്ല, മറ്റ് എയർലൈനുകളും ആകർഷകമായ വേതനം നൽകുന്നുണ്ടെന്നും നിരവധി എയർലൈനുകൾ ഈ വർഷം നിയമനം പുനരാരംഭിച്ചതിനാൽ, ഇവിടുത്തെ ജീവനക്കാരെല്ലാം അതിനായി ശ്രമിക്കുകയും മികച്ച ശമ്പളവും കൂടുതൽ അലവൻസുകളുമുള്ള അവസരങ്ങൾക്കായി കാത്തിരിക്കുകയും ചെയ്യുന്നുണ്ടെന്നും ഇക്കാര്യങ്ങളെക്കുറിച്ചെല്ലാം അടുത്തറിയാവുന്ന ഒരാൾ ന്യൂസ് 18 നോട് പറഞ്ഞു.
  Published by:Amal Surendran
  First published: