ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന്റെ മറവിൽ വൻ അഴിമതി നടന്നതായി ആരോപണം. രണ്ടു കോടി രൂപ വിലയുള്ള ഭൂമി 18 .5 കോടി രൂപയ്ക്ക് വാങ്ങി എന്നാണ് ആരോപണം. പ്രാദേശിക ബിജെപി നേതാക്കളുടേയും രാമജന്മ ഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് അംഗങ്ങളുടെയും ഇടപെടലിലൂടെ 18 കോടി രൂപയ്ക്ക് ഭൂമി വാങ്ങി എന്നാണ് ആരോപണം. സമാജ് വാദി പാർട്ടിയും ആംആദ്മി പാർട്ടിയുമാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഒരു വ്യക്തിയിൽ നിന്ന് ഇടനിലക്കാര്‍ വഴി രണ്ടു കോടി രൂപയ്ക്ക് വാങ്ങിയ ഭൂമി മിനിറ്റുകൾക്കുള്ളിൽ 18 കോടി രൂപയ്ക്ക് ട്രസ്റ്റിന് വിൽക്കുകയും ചെയ്തു എന്നാണ് ആരോപണം. പ്രാദേശിക ബിജെപി നേതാക്കളും ചില ട്രസ്റ്റ് അംഗങ്ങളുമാണ് തട്ടിപ്പിന് പിന്നിലെന്ന് സമാജ്‌വാദി പാർട്ടി നേതാവും മുൻ മന്ത്രിയുമായ പവൻ പാണ്ഡെ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. 5.8 കോടിയോളം ന്യായവില വരുന്ന മൂന്നേക്കർ സ്ഥലം രണ്ടു കോടി രൂപക്ക് ചില റിയൽ എസ്റ്റേറ്റ് ഏജൻറുമാർ വാങ്ങുകയും അഞ്ച് മിനിറ്റിനുള്ളിൽ ഇതേ സ്ഥലം 18.5 കോടി രൂപക്ക് റിയൽ എസ്റ്റേറ്റുകാർ രാം ജന്മഭൂമി തീർത്ഥ് ക്ഷേത്ര ട്രസ്റ്റിന് മറിച്ചു വിൽക്കുകയും ചെയ്തതായാണ് വിമർശനം. രണ്ട് ഇടപാടിനും സാക്ഷികൾ ഒരേ ആളുകൾ തന്നെയാണ്. രാമജന്മഭൂമി ട്രസ്റ്റിലെ അംഗം അനിൽ മിശ്ര, അയോധ്യയിലെ ബിജെപി നേതാവും മേയറുമായ റിഷികേശ് ഉപാധ്യായ ട്രസ്റ്റിന്‍റെ ജനറൽ സെക്രട്ടറി കൂടിയായ വിശ്വഹിന്ദു പരിഷത്തിന്‍റെ അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് ചമ്പത് റായി എന്നിവരുടെ അറിവോടെയാണ് ഇടപാട് നടന്നതെന്നാണ് വിമർശനം.
മാർച്ച് മാസത്തിൽ നടന്ന ഇടപാടിൽ സി.ബി ഐ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എഎപി നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് സിംഗും സമാനമായ ആരോപണം ഉന്നയിച്ച് വാർത്താ സമ്മേളനം നടത്തിയിട്ടുണ്ട്.
ആരോപണങ്ങൾക്ക് പിന്നാലെ വിമർശനവുമായി കോൺഗ്രസും രംഗത്തെത്തിയിട്ടുണ്ട്. ശ്രീരാമന്‍റെ പേരിൽ സംഭാവന പിരിച്ച് അഴിമതി നടത്തുകയാണെന്നാണ് കോൺഗ്രസ് കുറ്റപ്പെടുത്തിയത്. രാവണനിൽ വിശ്വസിക്കുന്നവർ അഹങ്കരിക്കുകയാണെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജവാല ട്വീറ്റ് ചെയ്തു.
അതേസമയം ആരോപണങ്ങൾ ട്രസ്റ്റ് തള്ളിക്കളഞ്ഞിട്ടുണ്ട്. ഭൂമിക്ക് ന്യായവില നിശ്ചയിച്ചിട്ടുണ്ടെന്നും അതുപ്രകാരമാണ് എല്ലാവരിൽ നിന്നും ഭൂമി വാങ്ങിയതെന്നും ട്രസ്റ്റ് വാർത്താ കുറപ്പിൽ അറിയിച്ചു. ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും ഇവര്‍ കുറ്റപ്പെടുത്തി.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.