• HOME
  • »
  • NEWS
  • »
  • india
  • »
  • വിദേശയാത്രകള്‍, 6 വീടുകള്‍, റോളക്‌സ് വാച്ചുകള്‍; ആര്യന്‍ ഖാന്‍ കേസിലെ മുന്‍ എന്‍സിബി ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കഡെയുടെ ആഡംബരം ജീവിതം 

വിദേശയാത്രകള്‍, 6 വീടുകള്‍, റോളക്‌സ് വാച്ചുകള്‍; ആര്യന്‍ ഖാന്‍ കേസിലെ മുന്‍ എന്‍സിബി ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കഡെയുടെ ആഡംബരം ജീവിതം 

യുകെ, അയര്‍ലന്റ്, പോര്‍ച്ചുഗല്‍, സൗത്ത് ആഫ്രിക്ക, മാലിദ്വീപ്, തുടങ്ങിയ രാജ്യങ്ങളിലേക്കായിരുന്നു യാത്ര. 55 ദിവസം നീണ്ടുനിന്ന യാത്രകളായിരുന്നു ഇത്

  • Share this:

    മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട മയക്കുമരുന്ന് കേസന്വേഷണത്തിലൂടെ പ്രശസ്തിയിലേക്ക് കുതിച്ച മുന്‍ എന്‍സിബി ഉദ്യോഗസ്ഥനാണ് സമീര്‍ വാങ്കഡെ. 2021ലെ കോര്‍ഡേലിയ ക്രൂയിസ് കപ്പല്‍ മയക്കുമരുന്ന വിവാദവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ ഇദ്ദേഹത്തിന്റെ പേര് നിറഞ്ഞുനിന്നിരുന്നു. എന്നാല്‍ അത്യാഡംബര ജീവിതം നയിക്കുന്ന സമീര്‍ വാങ്കഡെയെപ്പറ്റിയാണ് ഇപ്പോള്‍ ചില റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. പ്രത്യേക അന്വേഷണ സംഘമാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്.

    ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട കേസുമായി ബന്ധപ്പെട്ട് ഇദ്ദേഹം ഷാരൂഖ് ഖാനോട് 25 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു എന്നാണ് ആരോപണം. അത്യാഡംബര ജീവിതമാണ് വാങ്കഡെയുടേതെന്നാണ് കരുതുന്നത്. വിദേശരാജ്യങ്ങളിലേക്കുള്ള വിനോദയാത്രകള്‍, ആഡംബര വസ്തുക്കള്‍ സ്വന്തമാക്കല്‍, നിരവധിയിടത്ത് ഭൂമി വാങ്ങല്‍ തുടങ്ങി ഒരു ആഡംബര ജീവിതമാണ് വാങ്കഡെയുടേതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

    ധനികനായ വാങ്കഡെ

    ആദായനികുതി വകുപ്പിന് വാങ്കഡെ നല്‍കിയ രേഖകള്‍ പ്രകാരം അദ്ദേഹത്തിന്റെ വാര്‍ഷിക വരുമാനം 15.57 ലക്ഷമാണ്. അദ്ദേഹത്തിന്റെ ഭാര്യയായ ക്രാന്തിയുടെ വരുമാനം 7 ലക്ഷമാണ്. കൂടാതെ പിതാവിന്റെ വരുമാനം ഏകദേശം 3.45 ലക്ഷവുമെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ വെളിപ്പെടുത്തല്‍.

    2017 മുതല്‍ 2021 വരെയുള്ള കാലയളവില്‍ ഏകദേശം 6 വിദേശയാത്രകളാണ് വാങ്കഡെ നടത്തിയത്. കുടുംബത്തോടൊപ്പമായിരുന്നു ഈ യാത്രകളെല്ലാം. യുകെ, അയര്‍ലന്റ്, പോര്‍ച്ചുഗല്‍, സൗത്ത് ആഫ്രിക്ക, മാലിദ്വീപ്, തുടങ്ങിയ രാജ്യങ്ങളിലേക്കായിരുന്നു യാത്ര. 55 ദിവസം നീണ്ടുനിന്ന യാത്രകളായിരുന്നു ഇത്. ഇതിനായി വാങ്കഡെ ചെലവാക്കിയത് 8.75 ലക്ഷം രൂപയാണ്. വിമാനയാത്ര ഒഴികെയുള്ള ചെലവാണിതെന്നും പ്രത്യേക അന്വേഷണ സംഘം പറഞ്ഞു.

    Also Read- ‘എന്റെ നിറമാണ് പ്രശ്‌നം, എന്റെ ജാതിയാണ് പ്രശ്‌നം, എന്താ എനിക്ക് വാലില്ല’; കളക്ടർ ദിവ്യ എസ്. അയ്യർക്കെതിരെ ഗായകൻ പന്തളം ബാലൻ

    ലണ്ടനില്‍ 19 ദിവസമാണ് വാങ്കഡെയും കുടുംബവും ചെലവഴിച്ചത്. എന്നാല്‍ ആ യാത്രയ്ക്കായി ചെലവായത് വെറും 1 ലക്ഷമാണെന്നാണ് ഇയാള്‍ സമര്‍പ്പിച്ച രേഖകളില്‍ ഉള്ളത്. അതിനെക്കുറിച്ച് വിചിത്ര പ്രതികരണമാണ് വാങ്കഡെയില്‍ നിന്നുണ്ടായത്. തന്റെ നിരവധി ബന്ധുക്കള്‍ യൂറോപ്പിലുണ്ടെന്നും താന്‍ യാത്രകളില്‍ അവരോടൊപ്പമാണ് താമസിച്ചതെന്നും അദ്ദേഹം പറഞ്ഞു. പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ താമസിക്കേണ്ടി വന്നില്ലെന്നും അതാണ് ചെലവ് കുറഞ്ഞതെന്നുമായിരുന്നു വാങ്കഡെയുടെ വിശദീകരണം.

    PTI file photo

    2021 ജൂലൈയിലാണ് വാങ്കഡെ മാലിദ്വീപ് സന്ദര്‍ശിച്ചത്. അവിടെ താജ് എക്‌സോട്ടിക്ക എന്ന ഹോട്ടലിലാണ് വാങ്കഡെയും കുടുംബവും താമസിച്ചത്. വാങ്കഡെയുടെ സുഹൃത്തായ വിരാല്‍ ജമാലുദ്ദിന്‍, വീട്ടുജോലിക്കാരി എന്നിവരും യാത്രയിലുണ്ടായിരുന്നു. ഇവരെല്ലാവരും താമസിച്ച ഹോട്ടലിന്റെ ബില്ല് ഏകദേശം 7.5 ലക്ഷം രൂപയായിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തി.

    യാത്രകളിലെ ചെലവ് സംബന്ധിച്ച് സമീര്‍ വാങ്കഡെ നല്‍കിയ രേഖകകള്‍ വിശ്വസനീയമല്ലെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നിലപാട്. 1 ലക്ഷത്തിനും 2.5 ലക്ഷത്തിനും ഇടയില്‍ മാത്രമാണ് യാത്രകള്‍ക്കായി ചെലവായത് എന്നാണ് വാങ്കഡെ പറഞ്ഞതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

    അതേസമയം ആഡംബര വാച്ചായ റോളക്‌സ് വാച്ച് വാങ്കഡെ വാങ്ങിയതിനെപ്പറ്റിയും അന്വേഷണ സംഘം വാങ്കഡെയോട് ചോദിച്ചിരുന്നു. 22 ലക്ഷം വിലമതിക്കുന്ന വാച്ച് തന്റെ സുഹൃത്തായ വിറാല്‍ ജമാലൂദ്ദിനില്‍ നിന്ന് 17. 4 ലക്ഷം രൂപ കടം വാങ്ങിയാണ് വാങ്ങിച്ചതെന്നാണ് പറഞ്ഞത്.

    Also Read- സർക്കാരിന്റെ ‘യഥാർത്ഥ കേരള സ്റ്റോറി’ പരസ്യം ഡൽഹിയിൽ എത്തിയപ്പോൾ ക്ഷേമ പെൻഷൻ 725 % കൂടിയോ?

    വാങ്കഡെയുടെ പേരിലുള്ള സ്വത്തുവിവരങ്ങളെപ്പറ്റിയും ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തിയിരുന്നു. മുംബൈയില്‍ തന്നെ നാല് ഫ്‌ളാറ്റുകളാണ് വാങ്കഡെയുടെ പേരിലുള്ളത്. മഹാരാഷ്ട്രയിലെ വാഷിമില്‍ വാങ്കഡെയുടെ പേരില്‍ കുറച്ച് ഭൂമിയുമുണ്ട്. ഇതേപ്പറ്റിയുള്ള വിശദീകരണത്തില്‍ വാങ്കഡെ പറഞ്ഞതും ഏറെ ശ്രദ്ധേയമാണ്. തന്റെ പേരില്‍ 4 അല്ല 6 ഫ്‌ളാറ്റുകളാണ് ഉള്ളത് എന്നാണ് ഇദ്ദേഹം പറഞ്ഞത്. എന്നാല്‍ അതെല്ലാം പാരമ്പര്യ സ്വത്താണ് എന്നായിരുന്നു വാങ്കഡെയുടെ മറുപടി.

    PTI file photo

    ഇതാദ്യമായല്ല വാങ്കഡെയുടെ ആഡംബര ജീവിതത്തെപ്പറ്റി അഭ്യൂഹങ്ങള്‍ പരക്കുന്നത്. 2021ല്‍ മുന്‍ മഹാരാഷ്ട്ര മന്ത്രിയായിരുന്ന നവാബ് മാലികും വാങ്കഡെയ്‌ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിരുന്നു. ഒരു ലക്ഷം രൂപ വരുന്ന ട്രൗസറും, 70000 രൂപയുടെ ഷര്‍ട്ടുമാണ് വാങ്കഡെ ഉപയോഗിക്കുന്നത് എന്നായിരുന്നു മാലികിന്റെ ആരോപണം.

    ” സത്യസന്ധനായ ഒരു പൊലീസുദ്യോഗസ്ഥന് എങ്ങനെ ഇത്രയധികം ആഡംബരത്തിന് ഉള്ള പണം ലഭിക്കും. ആളുകളെ തെറ്റിദ്ധരിപ്പിച്ച് കോടികള്‍ നേടാന്‍ കഴിവുള്ളയാളാണ് വാങ്കഡെ,” എന്നായിരുന്നു ഇദ്ദേഹത്തിന്റെ വാക്കുകള്‍.

    Published by:Rajesh V
    First published: