അങ്കുർ ശർമ്മ
തീവ്രവാദ വിരുദ്ധ അന്വേഷണ ഏജൻസിയായ നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയിൽ (National Investigation Agency) പ്രവർത്തിക്കവെ പിന്തുടർന്ന കുറ്റമറ്റ അന്വേഷണ രീതി ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (NCB) ഉദ്യോഗസ്ഥനായി സമീർ വാങ്കഡെയെ (Sameer Wankhede) നിയമിക്കുന്നത്. എന്നാൽ ഇപ്പോൾ ഇദ്ദേഹം രണ്ട് വകുപ്പുതല അന്വേഷണങ്ങളാണ് നേരിടുന്നത്. ഈ വർഷത്തിന്റെ തുടക്കത്തിൽ എൻസിബിയിലെ ഏറ്റവും മികച്ച ഉദ്യോഗസ്ഥനായിരുന്ന വാങ്കഡെയ്ക്കെതിരെയാണ് ഏജൻസി ഇപ്പോൾ അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
ഐഎസ്ഐഎസിന് കീഴിൽ സിറിയയിൽ പരിശീലനം നേടിയെന്ന് ആരോപിക്കപ്പെടുന്ന യുവാക്കളുടെ കേസ് മുതൽ ഗുജറാത്തിലെ രാഷ്ട്രീയ കൊലപാതക കേസുകൾ വരെ വാങ്കഡെയുടെ മേൽനോട്ടത്തിൽ നടന്ന അന്വേഷണങ്ങളാണ്. തീവ്രവാദവുമായി ബന്ധപ്പെട്ട വിവിധ കേസുകളിൽ എൻഐഎയിൽ നടത്തിയ അന്വേഷണം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഇദ്ദേഹത്തെ എൻസിബിയിൽ നിയമിച്ചത് തന്നെ.
"വളരെക്കാലമായി സോണൽ ഡയറക്ടറായി സേവനമനുഷ്ഠിച്ച വാങ്കഡെയുടെ മുൻഗാമിയിൽ എൻസിബിയിലെ ഉന്നത ഉദ്യോഗസ്ഥർ തൃപ്തരല്ലായിരുന്നു. അദ്ദേഹത്തെ മാറ്റാനായി ഉന്നത ഉദ്യോഗസ്ഥർ ആഗ്രഹിച്ചിരുന്നു. ഈ സമയത്താണ് വാങ്കഡെയുടെ പേര് നിർദ്ദേശിക്കപ്പെട്ടതും അദ്ദേഹത്തെ അഭിമുഖത്തിനായി ക്ഷണിച്ചതും", ഒരു ഉന്നത ഉദ്യോഗസ്ഥൻ ന്യൂസ് 18 നോട് പറഞ്ഞു.
അഭിമുഖത്തിൽ ഉന്നത ഉദ്യോഗസ്ഥരെ ആകർഷിക്കാൻ വാങ്കഡെയ്ക്ക് സാധിച്ചു. എന്നാൽ ഇൻഡക്ഷൻ നടപടികൾ വളരെ നീണ്ട പ്രക്രിയയായിരുന്നു. ഉന്നത ഉദ്യോഗസ്ഥർ വാങ്കഡെ എത്രയും വേഗം എൻസിബിയിൽ ചേരാൻ ആഗ്രഹിച്ചു, അതിനാൽ അദ്ദേഹത്തെ 6 മാസത്തേക്ക് ആദ്യം നിയമിച്ചു.
തുടർന്ന് അദ്ദേഹത്തിന്റെ കാലാവധി വീണ്ടും ആറ് മാസത്തേക്ക് നീട്ടി നൽകുകയും ഈ വർഷം സെപ്റ്റംബറിൽ 4 വർഷത്തേക്ക് കൂടി കാലാവധി നീട്ടി നൽകുകയും ചെയ്തു.
"വിവിധ കേസുകളിൽ സമാനമായ ചില രീതികൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹത്തിന്റെ കേസുകൾ ഉന്നതരുടെ നിരീക്ഷണത്തിന് വിധേയമായത്. യുഎപിഎ പ്രകാരമുള്ള ഭീകരവാദ കേസുകൾ കൈകാര്യം ചെയ്തതിനാൽ, അദ്ദേഹത്തിൽ നിന്ന് ശരിയായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ ആ നിലവാരത്തിന് ഒത്ത് ഉയരാൻ ഈ കേസുകളിൽ സാധിച്ചില്ല", എൻസിബിയിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.
സമീർ വാങ്കഡെയെ ലൈം ലൈറ്റിൽ എത്തിച്ച ഏജൻസി തന്നെയാണ് ഇപ്പോൾ അദ്ദേഹത്തിനെതിരായ കുറ്റങ്ങൾ അന്വേഷിക്കുന്നത്. "കേസിൽ ഉന്നത ഉദ്യോഗസ്ഥർക്ക് ലഭിച്ച പരാതികളും പ്രാഥമിക തെളിവുകളും രാഷ്ട്രീയ പ്രേരിതമാകാമെങ്കിലും അദ്ദേഹത്തിന്റെ പ്രവർത്തനരീതിയെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്."
”അദ്ദേഹത്തിന്റെ ബന്ധുക്കളും ചില കേസുകളിൽ പങ്ക് വഹിച്ചിട്ടുണ്ട്. ആരോപണങ്ങൾ ശരിയാണെന്ന് കണ്ടെത്തിയാൽ, വാങ്കഡെയെ ഏജൻസിയിൽ നിന്ന് പുറത്താക്കും, ”എൻസിബിയിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ ന്യൂസ് 18 നോട് പറഞ്ഞു.
ക്രൂയിസ് മയക്കുമരുന്ന് കേസിലെ പ്രതിയായ ആര്യൻ ഖാനെ വിട്ടയക്കുന്നതിനായി മുംബൈ സോണൽ ഡയറക്ടർ വാങ്കഡെ ഉൾപ്പെടെയുള്ള ചില ഉദ്യോഗസ്ഥർ 25 കോടി രൂപ തട്ടിയെടുത്തെന്ന സാക്ഷി മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. സമീർ വാങ്കഡെയ്‌ക്കെതിരായ കൈക്കൂലി കേസിൽ മുംബൈ പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Aryan khan, Drug Case, NIA