• HOME
  • »
  • NEWS
  • »
  • india
  • »
  • ഇൻകം ടാക്സ് അസസ്മെന്റ് ട്രാൻസ്ഫറിനെതിരായ ഗാന്ധി കുടുംബത്തിന്റെ ഹർജി തള്ളി

ഇൻകം ടാക്സ് അസസ്മെന്റ് ട്രാൻസ്ഫറിനെതിരായ ഗാന്ധി കുടുംബത്തിന്റെ ഹർജി തള്ളി

സഞ്ജയ് ഭണ്ഡാരി ഗ്രൂപ്പുമായി ബന്ധമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേസുകൾ സെൻട്രൽ സർക്കിളിലേക്ക് മാറ്റുന്നതിനെ എതിർത്ത് ഗാന്ധി കുടുംബം ഹർജി സമർപ്പിച്ചത്

  • Share this:

    ആയുധ ഇടപാടുകാരൻ സഞ്ജയ് ഭണ്ഡാരിയുമായി ബന്ധപ്പെട്ട കേസിൽ, ​ഗാന്ധി കുടുംബത്തിന്റെ ഇൻകം ടാക്സ് അസസ്മെന്റ് സെൻട്രൽ സർക്കിളിലേക്ക് മാറ്റാനുള്ള ആദായനികുതി വകുപ്പിന്റെ തീരുമാനത്തിനെതിരെ കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി വദ്ര എന്നിവർ സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി തള്ളി. ഇതേ കേസിൽ സഞ്ജയ് ഗാന്ധി മെമ്മോറിയൽ ട്രസ്റ്റ്, ജവഹർ ഭവൻ ട്രസ്റ്റ്, രാജീവ് ഗാന്ധി ഫൗണ്ടേഷൻ, രാജീവ് ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റ്, യംഗ് ഇന്ത്യൻ, ആം ആദ്മി പാർട്ടി എന്നിവർ സമർപ്പിച്ച ഹർജികളും നിയമപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി കോടതി തള്ളി.

    “നിയമം അനുസരിച്ച്, ഹർജിക്കാരുടെ ഇൻകം ടാക്സ് അസസ്മെന്റ് സെൻട്രൽ സർക്കിളിലേക്ക് മാറ്റിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് നിലവിലെ റിട്ട് ഹർജികൾ തള്ളുന്നു. അന്വേഷണം കൂടുതൽ സു​ഗമമാക്കാനാണ് ഈ നടപടി”, ജസ്റ്റിസുമാരായ മൻമോഹൻ, ദിനേഷ് കുമാർ ശർമ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

    കക്ഷികൾ തമ്മിലുള്ള തർക്കം തങ്ങൾ പരിശോധിച്ചിട്ടില്ലെന്നും കോടതി വ്യക്തമാക്കി. സഞ്ജയ് ഭണ്ഡാരി ഗ്രൂപ്പുമായി ബന്ധമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേസുകൾ സെൻട്രൽ സർക്കിളിലേക്ക് മാറ്റുന്നതിനെ എതിർത്ത് ഗാന്ധി കുടുംബം ഹർജി സമർപ്പിച്ചത്.

    കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇന്ത്യയിൽ തിരയുന്ന പ്രതിയാണ് സഞ്ജയ് ഭണ്ഡാരി. പ്രിയങ്കാ ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്രയുമായി ഇയാൾക്ക് ബന്ധമുണ്ടെന്നും ആരോപണം ഉണ്ട്. എന്നാൽ ഇയാളുമായുള്ള ബന്ധമുണ്ടെന്ന വാദങ്ങൾ റോബർട്ട് വാദ്ര നിഷേധിച്ചിരുന്നു.

    Published by:Anuraj GR
    First published: