JNU | ജെഎന്‍യുവിന്റെ ആദ്യ വനിതാ വൈസ് ചാന്‍സലര്‍;പ്രൊഫസർ ശാന്തിശ്രീ ധൂലിപ്പുടി പണ്ഡിറ്റ്
JNU | ജെഎന്‍യുവിന്റെ ആദ്യ വനിതാ വൈസ് ചാന്‍സലര്‍;പ്രൊഫസർ ശാന്തിശ്രീ ധൂലിപ്പുടി പണ്ഡിറ്റ്
ജെഎൻയു വൈസ് ചാൻസലറായി അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കിയ എം.ജഗദേഷ് കുമാറിനെ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യുജിസി) ചെയർമാനായി നിയമിച്ചതിന് തൊട്ടുപിന്നാലെയാണ് പുതിയ നിയമനം
രാജ്യത്തെ ഏറ്റവും മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശായുടെ (Jawaharlal Nehru University) ആദ്യ വനിത വൈസ് ചാന്‍സലറായി പ്രൊഫസർ ശാന്തിശ്രീ ധൂലിപ്പുടി പണ്ഡിറ്റിനെ (Santishree Dhulipudi Pandit )നിയമിച്ചു. 5 വര്‍ഷമാണ് നിയമനത്തിന്റെ കാലാവധി.
നേരത്തെ മഹാരാഷ്ട്രയിലെ സാവിത്രി ബായ് ഫുലെ പൂനെ സർവ്വകലാശാലയിൽ പ്രൊഫസറായിരുന്നു ശാന്തിശ്രീ. ജെഎൻയു(JNU) വൈസ് ചാൻസലറായി അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കിയ എം. ജഗദേഷ് കുമാർ ആക്ടിംഗ് വൈസ് ചാൻസലറായി ചുമതലകൾ നിർവഹിക്കുകയായിരുന്നു.ജഗദേഷ് കുമാറിനെ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യുജിസി) ചെയർമാനായി നിയമിച്ചതിന് തൊട്ടുപിന്നാലെയാണ് ജെഎൻയുവിലെ പുതിയ നിയമനം.
തെലുങ്ക്, തമിഴ്, മറാത്തി, ഹിന്ദി, സംസ്കൃതം, ഇംഗ്ലീഷ്, കന്നഡ, മലയാളം, കൊങ്കണി എന്നീ ഭാഷകളിൽ പ്രാവീണ്യമുള്ള ശാന്തിശ്രീ ചെന്നൈയിൽ നിന്നാണ് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ഒന്നാം റാങ്കോടെ ഹൈസ്ക്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. കാലിഫോർണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് സോഷ്യൽ വർക്കിൽ ഡിപ്ലോമയും,1983-ൽ മദ്രാസിലെ പ്രസിഡൻസി കോളേജിൽ നിന്ന് ഹിസ്റ്ററി ആൻഡ് സോഷ്യൽ സൈക്കോളജിയിൽ ബിഎ ബിരുദവും കരസ്ഥമാക്കി . ബിരുദ പഠനത്തിൽ യൂണിവേഴ്സിറ്റി ഒന്നാം റാങ്കും സ്വർണ്ണ മെഡൽ ജേതാവും ആയിരുന്നു. പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ജെഎൻയുവിൽ നിന്നാണ് പിഎച്ഡി പൂർത്തിയാക്കിയത്. പാർലമെന്റ് ആൻഡ് ഫോറിൻ പോളിസി ഇൻ ഇന്റർനാഷണൽ റിലേഷൻസ് തീസിസും അവതരിപ്പിച്ചിട്ടുണ്ട്.
1988ല്‍ ഗോവ യൂണിവേഴ്സിറ്റിയില്‍ നിന്നാണ് ശാന്തിശ്രീ തന്റെ അധ്യാപന ജീവിതം ആരംഭിക്കുന്നത്. ശേഷം 1993 ല്‍ പൂണെ സര്‍വകലാശാലയിലേക്ക് മാറി. വിവിധ അക്കാമദമിക് കമ്മിറ്റികളില്‍ ഉന്നത സ്ഥാനം വഹിച്ചിട്ടുള്ള ശാന്തിശ്രീ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യുജിസി), ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ച് (ഐസിഎസ്എസ്ആർ) അംഗം, കേന്ദ്ര സർവ്വകലാശാലകളിലേക്കുള്ള വിസിറ്റേഴ്സ് നോമിനി എന്നി പദവികളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 29 പിഎച്ച്ഡി പ്രബന്ധങ്ങള്‍ക്ക് ഗൈഡായി പ്രവര്‍ത്തിച്ചു.
രാജ്യത്തെ രണ്ട് പ്രധാന കേന്ദ്ര സർവ്വകലാശാലകളിൽ രണ്ട് വനിതാ വൈസ് ചാൻസലർമാരെ നിയമിച്ച കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനത്തിന് വലിയ സ്വീകാര്യത ലഭിച്ചു കഴിഞ്ഞു. പ്രൊഫസർ നജ്മ അക്തറിനെ ജാമിയ മില്ലിയ ഇസ്ലാമിയയുടെ വൈസ് ചാൻസലറായി നിയമിച്ചതിന് തൊട്ടുപിന്നാലെയാണ് പ്രൊഫസർ ശാന്തിശ്രീ ധൂലിപ്പുടി പണ്ഡിറ്റിനെ ജെഎൻയു വൈസ് ചാൻസലറായി നിയമിച്ചിരിക്കുന്നത്.
Published by:Arun krishna
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.