• HOME
  • »
  • NEWS
  • »
  • india
  • »
  • 'രാജ്യം കത്തണമെന്നാണോ ഉദ്ദേശം'? സ്ഥലങ്ങളുടെ പേര് മാറ്റണമെന്ന ബിജെപി നേതാവിന്റെ ഹർജി തള്ളി സുപ്രീംകോടതി

'രാജ്യം കത്തണമെന്നാണോ ഉദ്ദേശം'? സ്ഥലങ്ങളുടെ പേര് മാറ്റണമെന്ന ബിജെപി നേതാവിന്റെ ഹർജി തള്ളി സുപ്രീംകോടതി

ജസ്റ്റിസുമാരായ കെഎം ജോസഫ്, ബിവി നാഗരത്ന എന്നിവരാണ് ഹർജി പരിഗണിച്ചത്

  • Share this:

    ന്യൂഡൽഹി: ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയയാളെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. രാജ്യം കത്തണമെന്നാണോ ഉദ്ദേശ്യമെന്ന് കോടതി ചോദിച്ചു. ഒരു പ്രത്യേക മതവിഭാഗത്തെ ലക്ഷ്യം വയ്ക്കുന്നതെന്തിനാണെന്നും കോടതി ചോദിച്ചു. ബിജെപി നേതാവ് അശ്വിനികുമാർ ഉപാധ്യായ നൽകിയ ഹർജി കോടതി തള്ളി.

    പുരാതന, സാംസ്കാരിക, മത സ്ഥലങ്ങളുടെയും “യഥാർത്ഥ” പേരുകൾ പുനഃസ്ഥാപിക്കുന്നതിന് ‘പുനർനാമകരണ കമ്മീഷൻ’ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് അശ്വിനികുമാർ പൊതുതാത്പര്യ ഹർജി സമർപ്പിച്ചത്. ഇന്ത്യയ്ക്ക് ഭൂതകാലത്തിന്റെ തടവുകാരനാകാൻ കഴിയില്ലെന്നായിരുന്നു ഹർജിയിൽ പറഞ്ഞിരുന്നത്.

    ജസ്റ്റിസുമാരായ കെഎം ജോസഫ്, ബിവി നാഗരത്ന എന്നിവരാണ് ഹർജി പരിഗണിച്ചത്. അഭിഭാഷകൻ കൂടിയായ അശ്വിനികുമാർ ഉപാധ്യായുടെ ഹർജി പഴയ വിഷയങ്ങൾ വീണ്ടും ചർച്ചയിലേക്കു കൊണ്ടുവരുന്നതാണെന്നും ഇത് രാജ്യത്തെ തിളപ്പിക്കുന്നതാണെന്നും നിരീക്ഷിച്ചു.
    Also Read- ‘പണം ബാങ്കിൽ നിക്ഷേപിക്കരുത്, പകരം മണ്ണില്‍ കുഴിച്ചിടൂ’; ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍

    നമ്മുടെ രാജ്യം ഒരു വിദേശശക്തി ആക്രമിച്ച് ഭരിച്ചു എന്നത് വസ്തുതയാണ്. ചരിത്രത്തിലെ ചില കാര്യങ്ങൾ മാത്രം താത്പര്യമനുസരിച്ച് മാറ്റാൻ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഇന്ത്യ എന്നത് മതേതര രാജ്യമാണ്. ഹിന്ദുമതം ഒരു ജീവിതരീതിയാണ്. അവിടെ മതഭ്രാന്തിന് ഇടമില്ലെന്നും പരമോന്നത നീതിപീഠം വ്യക്തമാക്കി.

    Also Read- നടിയും ബിജെപി നേതാവുമായ ഖുശ്ബു ദേശീയ വനിതാ കമ്മീഷന്‍ അംഗം

    മാത്രമല്ല, രാജ്യത്തിന്റെ ചരിത്രം ഈ തലമുറയേയും ഭാവി തലമുറയേയും വേട്ടയാടേണ്ടതില്ലെന്നും കോടതി പറഞ്ഞു. ഈ മാസം ആദ്യമാണ് പുരാതന, സാംസ്കാരിക, മത സ്ഥലങ്ങളുടെയും “യഥാർത്ഥ” പേരുകൾ പുനഃസ്ഥാപിക്കുന്നതിന് ‘പുനർനാമകരണ കമ്മീഷൻ’ രൂപീകരിക്കണമെന്നാവശ്യപ്പെട്ട് അശ്വിനികുമാർ ഉപാധ്യായ കോടതിയെ സമീപിച്ചത്.

    അടുത്തിടെ പാർലമെന്റിലെ മുഗൾ ഗാർഡന്റെ പേര് അമൃത് ഉദ്യാൻ എന്ന് പുനർനാമകരണം ചെയ്തപ്പോൾ അധിനിവേശക്കാരുടെ പേരിലുള്ള റോഡുകളുടെ പേരുമാറ്റാൻ സർക്കാർ ഒന്നും ചെയ്തില്ല. ഈ പേരുകൾ തുടരുന്നത് ഭരണഘടന ഉറപ്പുനൽകുന്ന പരമാധികാരത്തിനും മറ്റ് പൗരാവകാശങ്ങൾക്കും എതിരാണെന്നുമായിരുന്നു പൊതുതാൽപര്യ ഹർജിയിൽ പറഞ്ഞത്.

    അധിനിവേശ ശക്തികൾ നൽകിയ പേരുള്ള പുരാതന ചരിത്രപരവും സാംസ്കാരികവുമായ മത സ്ഥലങ്ങളുടെ ആദ്യകാല പേരുകൾ ഗവേഷണം ചെയ്ത് പ്രസിദ്ധീകരിക്കാൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയോട് നിർദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

    Published by:Naseeba TC
    First published: