ന്യൂഡല്‍ഹി: ഉന്നാവ് ബലാത്സംഗത്തെ തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത അഞ്ച് കേസുകളുടെ വിചാരണ ഉത്തര്‍പ്രദേശില്‍ നിന്നും ഡല്‍ഹിയിലേക്കു മാറ്റാന്‍ സുപ്രീംകോടതി ഉത്തരവ്. ഇരയും കുടുംബവും അഭിഭാഷകനും വാഹനാപകടത്തില്‍പെട്ട കേസും ഇക്കൂട്ടത്തിലുണ്ട്. അന്വേഷണം ഏഴ് ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്ന് സി.ബി.ഐക്കും കോടതി നിര്‍ദ്ദേശം നല്കി. 45 ദിവസത്തിനകം വിചാരണ പൂര്‍ത്തിയാക്കണം. ഇതിനായി ദിവസവും വിചാരണ നടത്താനും നിര്‍ദേശിച്ചിട്ടുണ്ട്. കുടുംബത്തിന് സമ്മതമെങ്കില്‍ പെണ്‍കുട്ടിയെയും അഭിഭാഷകനെയും തുടര്‍ ചികിത്സക്ക് വിമാന മാര്‍ഗം ഡല്‍ഹിയിലേക്ക് മാറ്റാനും കോടതി നിര്‍ദേശിച്ചു.
പെണ്‍കുട്ടി ചീഫ്ജസ്റ്റിസിന് അയച്ച് കത്ത് ഹര്‍ജിയായി പരിഗണിക്കവെ രൂക്ഷവിമര്‍ശനമാണ് സുപ്രീംകോടതി നടത്തിയത്. ഈ രാജ്യത്ത് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് കോടതി ചോദിച്ചു. വ്യവസ്ഥ അനുസരിച്ചുള്ള നഷ്ടപരിഹാരം നല്‍കുമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ പ്രതിനിധി പറഞ്ഞപ്പോഴായിരുന്നു കോടതിയുടെ ഈ പരാമര്‍ശം. പെണ്‍കുട്ടിക്കും കുടുംബത്തിനും ഇടക്കാല നഷ്ടപരിഹാരമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ 25 ലക്ഷം രൂപ നല്‍കണമെന്നും കോടതി ഉത്തരവിട്ടു. പെണ്‍കുട്ടിക്കും കുടുംബത്തിനും അടുത്ത ബന്ധുക്കള്‍ക്കും അഭിഭാഷകനും സി.ആര്.പി.എഫ് സുരക്ഷ ഒരുക്കണം. അമിക്കസ് ക്യൂറി ഇരയുടെ കുടുംബവുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ സുപ്രീംകോടതിയെ അറിയിക്കണം.
പെണ്‍കുട്ടി അയച്ച കത്ത് ചീഫ് ജസ്റ്റിസിന് ലഭിക്കാന്‍ വൈകിയതില്‍ കോടതി രജിസ്ട്രിയോട് ചീഫ് ജസ്റ്റിസ് വിശദീകരണം തേടിയിരുന്നു. കുല്‍ദീപ് സിങ് സെങ്കാര്‍ ബലാത്സംഗം ചെയ്തെന്ന കേസിലെ ഇരയുടെ കത്താണെന്ന് മനസിലാകാത്തതിനാലാണ് പരിഗണനക്ക് അയക്കാതിരുന്നതെന്ന് സെക്രട്ടറി ജനറല്‍ കോടതിയെ അറിയിച്ചു. ജൂലൈയില്‍ മാത്രം 6900 കത്തുകളാണ് ലഭിച്ചതെന്നും സെക്രട്ടറി ജനറല്‍ അറിയിച്ചു.
കേസ് നാളെ വീണ്ടും പരിഗണിക്കും. പെണ്‍കുട്ടിക്ക് മതിയായ സുരക്ഷ നല്‍കിയോ എന്ന കാര്യം പരിശോധിക്കും. സോളിസിറ്റര്‍ ജനറലിന്റെയും സി.ബി.ഐ ജോയിന്റ് ഡയറക്ടറുടെയും സാന്നിധ്യത്തിലാണ് കേസ് പരിഗണിച്ചത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.