• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

അയോഗ്യത അംഗീകരിച്ചു; മത്സരിക്കാനുള്ള വിലക്ക് നീക്കി; ഇത് ഇവിടെ നിന്നങ്ങോട്ട് നാഴികക്കല്ലാകുന്ന വിധി

വിപ്പ് ലംഘിച്ചതോടെ കോൺഗ്രസ് -ജെ‍ഡിഎസ് എംഎൽഎമാർ കൂറുമാറ്റ നിരോധന നിയമത്തിന്റെ പരിധിയിൽ വന്നുവെന്ന സ്പീക്കറുടെ നിലപാട് സുപ്രീംകോടതി അംഗീകരിച്ചു. പക്ഷെ നിലവിലുള്ള നിയമസഭയുടെ കാലാവധി പൂർത്തിയാകുന്നത് വരെ കൂറുമാറിയ എംഎൽഎമാർക്ക് മത്സരിക്കാനാകില്ലെന്ന സ്പീക്കറുടെ തീരുമാനത്തോട് കോടതി വിയോജിച്ചു.

news18-malayalam
Updated: November 13, 2019, 9:05 PM IST
അയോഗ്യത അംഗീകരിച്ചു; മത്സരിക്കാനുള്ള വിലക്ക് നീക്കി; ഇത് ഇവിടെ നിന്നങ്ങോട്ട് നാഴികക്കല്ലാകുന്ന വിധി
News18
  • Share this:
കർണാടകത്തിലെ കോൺഗ്രസ് ജെഡിഎസ് വിമത എംഎൽഎമാരുടെ അയോഗ്യത സംബന്ധിച്ച സുപ്രീംകോടതി വിധി വന്നതിന് പിന്നാലെയുണ്ടായ ആശയകുഴപ്പമാണ് ഈ വിശദീകരണത്തിന് ആധാരം. വിമതരെ അയോഗ്യരാക്കിയ കോൺഗ്രസിന്റെ മുൻസ്പീക്കറുടെ നടപടി സുപ്രീംകോടതി ശരിവച്ചു. പക്ഷെ അവർക്ക് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുണ്ടായിരുന്ന വിലക്ക് നീക്കി. ഇതാണ് ആശയകുഴപ്പത്തിന് ഇടയാക്കിയത്. വിപ്പ് ലംഘിച്ചതോടെ കോൺഗ്രസ് -ജെ‍ഡിഎസ് എംഎൽഎമാർ കൂറുമാറ്റ നിരോധന നിയമത്തിന്റെ പരിധിയിൽ വന്നുവെന്ന സ്പീക്കറുടെ നിലപാട് സുപ്രീംകോടതിയും അംഗീകരിച്ചു. അതുകൊണ്ടാണ് ഇവർ തുടർന്ന് എംഎൽഎമാരായിക്കാൻ യോഗ്യരല്ല എന്ന സ്പീക്കറുടെ തീരുമാനം കോടതി അംഗീകരിച്ചത്. പക്ഷെ നിലവിലുള്ള നിയമസഭയുടെ കാലാവധി പൂർത്തിയാകുന്നത് വരെ കൂറുമാറിയ എംഎൽഎമാർക്ക് മത്സരിക്കാനാകില്ലെന്ന സ്പീക്കറുടെ തീരുമാനത്തോട് കോടതി വിയോജിച്ചു.

നിയമവും വ്യാഖ്യാനവും

ഭരണഘടനയുടെ പത്താം ഷെഡ്യൂളിൽ പെടുന്നതാണ് കൂറുമാറ്റ നിരോധന നിയമം. എതിരാളികൾക്കൊപ്പം ചേരാനോ അവരെ സഹായിക്കാനോ ഒരു ജനപ്രതിനിധി നിലവിലുള്ളപക്ഷം വിട്ടു പോയാൽ അത് കൂറുമാറ്റമായി കരുതണമെന്നാണ് നിയമം പറയുന്നത്. ഇങ്ങനെ കൂറുമാറുന്നവർക്ക് അംഗത്വം നഷ്ടമാകും. അംഗത്വം നഷ്ടമായാൽ പിന്നെ മന്ത്രിസ്ഥാനം അടക്കമുള്ള പദവികൾ വഹിക്കാനാകില്ല. മന്ത്രിസ്ഥാനം എന്ന് നിയമത്തിൽ എടുത്തു പറയുന്നതിന് കാരണമുണ്ട്. നിയമസഭയിലോ പാർലമെന്റിലോ അംഗമല്ലാത്ത വ്യക്തിക്ക് മന്ത്രിയാകാം. ആറുമാസത്തിനകം മത്സരിച്ച് വിജയിച്ചാൽ മതിയാകും. അതായത് ഒരു രാഷ്ട്രീയപാർട്ടിയുടെ ഭാഗമായി വിജയിച്ച ശേഷം മറുകണ്ടം ചാടിയ വ്യക്തി രാജി വച്ചാൽ, ആ രാജി സ്പീക്കർ അംഗീകരിച്ചാൽ അയാൾക്ക് വീണ്ടും മത്സരിച്ച് വിജയിക്കാതെ മന്ത്രിയാകാം. പക്ഷെ ആ വ്യക്തിയെ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യനാക്കിയാൽ വീണ്ടും മത്സരിച്ച് വിജയിക്കാതെ മന്ത്രിയാകാനാകില്ല.

കർണാടക വിധി

പക്ഷെ കർണാടകത്തിൽ ബിജെപിക്കൊപ്പം പോയ 17 എംഎൽഎമാരെ അയോഗ്യരാക്കുക മാത്രമല്ല മുൻസ്പീക്കർ ചെയ്തത്. അവരെ നിലവിലെ നിയമസഭയുടെ കാലാവധി പൂർത്തിയാകുന്നത് വരെ വീണ്ടും മത്സരിക്കുന്നതിൽ നിന്ന് വിലക്കുകയും ചെയ്തു. സ്പീക്കറുടെ ഈ റൂളിങ്ങിനെയാണ് അയോഗ്യരാക്കപ്പെട്ട എംഎൽഎമാർ സുപ്രീംകോടതിയിൽ ചോദ്യം ചെയ്തത്. അതിൽ അയോഗ്യത സുപ്രീംകോടതി അംഗീകരിച്ചു. പക്ഷെ മത്സരിക്കാനുള്ള വിലക്ക് കോടതി നീക്കി. ഒരു വ്യക്തിയെ മത്സരിക്കുന്നതിൽ നിന്ന് വിലക്കാൻ സ്പീക്കർക്ക് അധികാരമില്ലെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. അതായത് ഒരു ജനപ്രതിനിധി, അത് എംപിയായാലും എംഎൽഎ ആയാലും അയോഗ്യനാക്കപ്പെട്ടു കഴിഞ്ഞാൽ സാധാരണ പൗരനാകും. പൗരനെ മത്സരിക്കുന്നതിൽ നിന്ന് വിലക്കാൻ സ്പീക്കർക്ക് അധികാരമില്ല. ഇവിടെ നിന്നങ്ങോട്ട് നാഴികകല്ലാകുന്ന വിധിയാണിത്.

മത്സരിക്കാനുള്ള അയോഗ്യതതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കാൻ ക്രിമിനൽ ചട്ടപ്രകാരമേ സാധിക്കൂ. ക്രിമിനൽ കുറ്റത്തിന് രണ്ട് വർഷമോ അതിലധികമോ ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വന്നാലോ തെരഞ്ഞെടുപ്പിൽ അഴിമതി കാണിച്ചാലോ മത്സരിക്കുന്നതിന് അയോഗ്യത വരും. അടുത്ത ആറു വർഷത്തേക്ക് ഈ അയോഗ്യതയുണ്ടാകും. തെരഞ്ഞെടുപ്പ് അഴിമതിയെന്നത് പണം തിരിമറി മാത്രമല്ല. അതിന് കുറച്ച് കൂടി വിശാലമായ അർത്ഥമുണ്ട്. തെരഞ്ഞെടുപ്പ് കൃത്രിമം ഉൽപ്പടെയുള്ള വിഷയങ്ങൾ ഈ അഴിമതിയിൽ ഉൾപ്പെടും.

ഇതു മതിയോ?

1985ലാണ് ഇന്നത്തെ കൂറുമാറ്റ നിരോധന നിയമം നിലവിൽ വന്നത്. ആയാറാം ഗയാറാം എന്ന രീതിയിൽ കൂറുമാറ്റങ്ങൾ ഉണ്ടായതോടെ. എന്നാൽ കൂറുമാറുന്ന രീതിയില്‍ മാറ്റമുണ്ടായി. ഒറ്റയ്ക്കും കൂട്ടത്തോടെയുമുള്ള കൂടുമാറ്റം മാത്രമല്ല ഇന്ന് അരങ്ങേറുന്നത്. രാജിവച്ച് നിലവിലെ സർക്കാരിനെ പ്രതിസന്ധിയിലാക്കുന്ന കൂറുമാറ്റം വരെ സാധാരണയായിരിക്കുകയാണ്. ഭൂരിപക്ഷത്തിന് കുറവുള്ള അത്രയും പ്രതിപക്ഷ എംഎൽഎമാർ രാജിവച്ച് ന്യൂനപക്ഷ സർക്കാരിനെ നിലനിറുത്തുന്ന രീതിവരെ ഇപ്പോൾ നടക്കുന്നു. ഈ കൂടുമാറ്റം ഇല്ലാതാക്കാനുള്ള ഭേദഗതിയാണ് ഇനി വേണ്ടത്.

കർണാടക മുൻസ്പീക്കർ വിമത എംഎൽഎമാർക്ക് ഏർപ്പെടുത്തിയ മത്സര വിലക്ക് ഒരു പരിധിവരെ ഇത് തടയും. അതായത് ഒരു പാർട്ടിയിൽ നിന്ന് വിജയിച്ച ശേഷം എതിരാളികൾക്കൊപ്പം ചേർന്നാലും എതിരാളികളെ സഹായിക്കാൻ രാജിവച്ചാലും ആ സഭയുടെ കാലാവധി പൂർത്തിയാകുന്നത് വരെ അയോഗ്യരാക്കണം. അതാണ് കർണാടകയിൽ മുൻകോൺഗ്രസ് സ്പീക്കർ ചെയ്തത്. പക്ഷെ ആ സ്പീക്കർ അത് ചെയ്തത് ഭരണഘടനയോടുള്ള അതിയായ സ്നേഹം കൊണ്ടൊന്നുമല്ല. എങ്ങനേയും കോൺഗ്രസ്- ജെഡിഎസ് സർക്കാരിനെ നിലനിറുത്താനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടായിരുന്നു. അത് സാധ്യമല്ലെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. ​

Also Read- ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വിവരാവകാശ പരിധിയിലെന്ന് സുപ്രീം കോടതി

 

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: November 13, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍