• HOME
  • »
  • NEWS
  • »
  • india
  • »
  • പടക്കം പൊട്ടിച്ചതിന് പ്രിൻസിപ്പലും ക്ലാസ് ടീച്ചറും വഴക്കുപറഞ്ഞു; പതിനാറുകാരൻ ജീവനൊടുക്കി

പടക്കം പൊട്ടിച്ചതിന് പ്രിൻസിപ്പലും ക്ലാസ് ടീച്ചറും വഴക്കുപറഞ്ഞു; പതിനാറുകാരൻ ജീവനൊടുക്കി

വീട്ടിലെത്തിയ കുട്ടി മുറിയിൽ തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥൻ

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
സ്കൂൾ പരിസരത്ത് വെച്ച് പടക്കം പൊട്ടിച്ചതിന് പ്രിൻസിപ്പലും ക്ലാസ് ടീച്ചറും ചേർന്ന് വഴക്ക് പറയുകയും ശിക്ഷിക്കുകയും ചെയ്തതിനെ തുടർന്ന് പതിനാറുകാരൻ ജീവനൊടുക്കി. മധ്യപ്രദേശിലെ ഗ്വാളിയോർ ജില്ലയിൽ ഞായറാഴ്ചയാണ് സംഭവം. ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിൽ വെച്ചാണ് വിദ്യാർഥികൾ ചേർന്ന് പടക്കം പൊട്ടിച്ചത്. വിദ്യാർഥിയുടെ മരണത്തിൽ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി പ്രിൻസിപ്പലിനും ക്ലാസ് ടീച്ചർക്കുമെതിരെ കേസ് എടുത്തതായി പോലീസ് അറിയിച്ചു.

നവംബർ മൂന്നിനാണ് ഗ്വാളിയോറിലെ തേക്കൻപൂരിലുള്ള ഒരു സ്വകാര്യ ഹയർ സെക്കൻഡറി സ്കൂളിൻെറ പരിസരത്ത് വെച്ച് ഒരു കൂട്ടം വിദ്യാർഥികൾ ചേർന്ന് പടക്കം പൊട്ടിച്ചത്. സംഭവത്തെ തുടർന്ന് സ്കൂളിലെ 12ാം ക്ലാസ്സ് വിദ്യാർഥിയെ പ്രിൻസിപ്പലും ക്ലാസ് ടീച്ചറും ചേർന്ന് വഴക്ക് പറഞ്ഞിരുന്നു. സ്കൂൾ സമയം കഴിഞ്ഞതിന് ശേഷം ഈ കുട്ടിയെ ഒരു മണിക്കൂറോളം ഇവർ തടഞ്ഞ് വെച്ചിരുന്നതായി പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.

ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ സ്കൂളിൽ നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. വ്യാഴാഴ്ചയാണ് സംഭവം ഉണ്ടായത്. വീട്ടിലെത്തിയ കുട്ടി മുറിയിൽ തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥൻ രമേഷ് ഷക്യ പറഞ്ഞു. ക്ലാസ് ടീച്ചർക്കും പ്രിൻസിപ്പലിനും എതിരെ കേസെടുത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടക്കുകയാണെന്നും ഇത് വരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.

അതേസമയം, മറ്റൊരു സംഭവത്തിൽ കേരളത്തിൽ മുടികൊഴിച്ചിലിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി. കോഴിക്കോട് നോര്‍ത്ത് കന്നൂര്‍ സ്വദേശി പ്രശാന്തിനെയാണ് ഇക്കഴിഞ്ഞ ഒക്ടോബർ ഒന്നിന് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിൽ മുടികൊഴിച്ചിലിന് ചികിത്സിച്ച ഡോക്ടറുടെ പേരെഴുതിയ ആത്മഹത്യകുറിപ്പ് ലഭിച്ചിട്ടും പൊലീസ് അന്വേഷണം വൈകുന്നുവെന്ന് ബന്ധുക്കൾ ആരോപിച്ചു.

യുവാവിന്‍റെ മരണവുമായി ബന്ധപ്പെട്ട് ബന്ധുക്കൾ അത്തോളി പൊലീസിൽ പരാതി നല്‍കിയിരുന്നു. എന്നാൽ ആത്മഹത്യാകുറിപ്പിൽ ഡോക്ടറുടെ പേരുണ്ടായിട്ടും കാര്യമായ അന്വേഷണം നടത്താൻ പൊലീസ് തയ്യാറായില്ലെന്നാണ് ആരോപണം. അതേസമയം അന്വേഷണം പുരോഗമിക്കുകയാണെന്നാണ് പൊലീസ് പറയുന്നത്.

2014 മുതലാണ് പ്രശാന്ത് മുടികൊഴിച്ചിന് ചികിത്സ തേടിയത്. മരുന്ന് ഉപയോഗിച്ചു തുടങ്ങിയാൽ ആദ്യം മുടിയെല്ലാം കൊഴിയുമെന്നും പിന്നീട് നല്ല മുടി വരുമെന്നും ഡോക്ടര്‍ പ്രശാന്തിനെ പറഞ്ഞു വിശ്വസിപ്പിച്ചു. മരുന്ന് കഴിക്കാൻ തുടങ്ങിയതോടെ മുടി നല്ലതുപോലെ കൊഴിയാന്‍ തുടങ്ങി. തലയിൽ മാത്രമല്ല, കൈയിലെയും പുരികത്തിലെയും വരെ രോമം കൊഴിയാന്‍ തുടങ്ങി. ഇതോടെയാണ് യുവാവ് ജീവനൊടുക്കിയത്.

ആത്മഹത്യാകുറിപ്പിൽ ഇക്കാര്യങ്ങളെല്ലാം വിശദമായി പരാമർശിച്ചിട്ടുണ്ടെന്ന് ബന്ധുക്കൾ പറയുന്നു. കൈയിലെയും പുരികത്തിലെയും രോമം കൊഴിഞ്ഞത് കണ്ടുനില്‍ക്കാന്‍ കഴിയുന്നില്ലെന്നും പുറത്തിറങ്ങി ആളുകളെ അഭിമുഖീകരിക്കാന്‍ വരെ പ്രയാസം തോന്നുന്നതായും പ്രശാന്ത് എഴുതിയ ആത്മഹത്യകുറിപ്പിലുണ്ട്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)

Summary: School principal and teacher scold 16-year-old for popping crackers, he ends life
Published by:user_57
First published: