ഒടുവിൽ ജ്യോതിരാദിത്യയും; കാവിവൽക്കരണം പൂർത്തിയാക്കി സിന്ധ്യ കുടുംബം

Scindia family's Politics | അച്ഛൻ ഒരു കാലത്ത് ജനസംഘത്തിൽ പ്രവർത്തിച്ചിരുന്നുവെങ്കിൽ കോൺഗ്രസിൽ മാത്രം പ്രവർത്തിച്ചു പരിചയം ഉണ്ടായിരുന്ന ജ്യോതിരാദിത്യയും ബിജെപി കുപ്പായം അണിയുകയാണ്.

News18 Malayalam | news18-malayalam
Updated: March 10, 2020, 2:34 PM IST
ഒടുവിൽ ജ്യോതിരാദിത്യയും; കാവിവൽക്കരണം പൂർത്തിയാക്കി സിന്ധ്യ കുടുംബം
scindia
  • Share this:
ഒടുവിൽ സിന്ധ്യ കുടുംബത്തിലെ ജ്യോതിരാദിത്യയും ചേക്കേറുകയാണ്. 'ജ്യോതിരാദിത്യയും' എന്ന് എടുത്ത് പറയാൻ കാരണം ഉണ്ട്. സിന്ധ്യ കുടുബത്തിൽ നിന്ന് നാലു പേരാണ് ഇപ്പോൾ സജീവ രാഷ്ട്രീയത്തിൽ ഉള്ളത്. വസുന്ധര രാജെ, യശോധര രാജെ, ജ്യോതിരാദിത്യ സിന്ധ്യ, ദുഷ്യന്ത് സിംഗ് എന്നിവർ. ഇതിൽ ജ്യോതിരാദിത്യ ഒഴികെ മൂന്ന് പേരും ബിജെപി നേതാക്കൾ ആണ്. ജ്യോതിരാദിത്യയുടെ പിതാവ് മാധവ് റാവു സിന്ധ്യയുടെ സഹോദരിമാരാണ് വസുന്ധര രാജെയും യശോദര രാജെയും. രണ്ടുപേരും ബിജെപി നേതാക്കൾ. വസുന്ധര ബിജെപി ദേശീയ ഉപാധ്യക്ഷയും രാജസ്ഥാൻ മുൻ മുഖ്യമന്ത്രിയുമാണ്. യശോധര മുൻ എംപിയും ശിവരാജ് സിംഗ് ചൗഹാൻ സർക്കാരിൽ മന്ത്രിയായിരുന്നു. ഇപ്പോൾ ശിവ്പുരി മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ. ദുഷ്യന്ത് സിംഗ് വസുന്ധരയുടെ മകനാണ്. രാജസ്ഥാനിൽ നിന്നുള്ള ബിജെപിയുടെ ലോക്‌സഭാംഗം.

എന്നാൽ ഇവർക്ക് മുൻപേ തന്നെ ദേശീയ രാഷ്ട്രീയത്തിൽ സജീവമായി സിന്ധ്യ കുടുംബം ഉണ്ട്. മാധവ റാവു സിന്ധ്യയും അമ്മ വിജയ രാജെ സിന്ധ്യയുമായിരുന്നു ആ നേതാക്കൾ. 1957ലെ രണ്ടാം ലോക്സഭയിൽ അംഗമായിരുന്നു വിജയരാജേ. കോൺഗ്രസ് ടിക്കറ്റിൽ ഗുണ മണ്ഡലത്തിൽ നിന്നായിരുന്നു ജയം. പിന്നീട് സ്വതന്ത്ര പാർട്ടി വഴി ജനസംഘത്തിൽ എത്തി. മകൻ മാധവ റാവു സിന്ധ്യയുടെ രാഷ്ട്രീയ പ്രവേശനവും അമ്മ നയിച്ച വഴിയിലൂടെ ആയിരുന്നു. 1971ൽ ഗുണ മണ്ഡലത്തിൽ നിന്ന് ജനസംഘം ടിക്കറ്റിൽ ആണ് മാധവ റാവു ആദ്യമായി പാർലമെന്റിൽ എത്തിയത്. അമ്മ നയിച്ച വഴിയേക്കാൾ മാധവ റാവു സിന്ധ്യക്ക് ബോധിച്ചത് അമ്മ ഉപേക്ഷിച്ച രാഷ്ട്രീയ പാത ആയിരുന്നു. 1980 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മാധവ റാവു ഗുണയിൽ കോൺഗ്രസ് സ്ഥാനാർഥിയായി ജയിച്ചു. പിന്നീട് ഗ്വാളിയോറിൽ നിന്നും ഗുണയിൽ നിന്നുമായി പലതവണ സഭയിലെത്തി. ജനതാപാർട്ടി പിളർത്തി ബിജെപി രൂപീകരിച്ചപ്പോൾ വിജയരാജേ സ്ഥാപക നേതാക്കളിൽ ഒരാളായി. പാർലമെന്റ് അംഗവുമായി.

You may also like:സംസ്ഥാനത്ത് കോവിഡ് 19 ബാധിതരുടെ എണ്ണം 12 ആയി: മുഖ്യമന്ത്രി [NEWS]കോവിഡ് സംശയിക്കുന്നയാൾ എത്തിയ വിവരം ആരോഗ്യ വകുപ്പിനെ അറിയിച്ചു; ഡോക്ടറെ ക്ലിനിക്കിൽ നിന്ന് പുറത്താക്കി [NEWS]മലപ്പുറം കോട്ടയ്ക്കലിൽ പന്ത്രണ്ടുകാരിയ്ക്ക് ലൈംഗികചൂഷണം; 1000 രൂപ വീതം നൽകി പീഡിപ്പിച്ചത് പത്തിലേറെ പേർ [PHOTO]
2001 ൽ ഗുണ എംപി ആയിരിക്കെ വിമാനാപകടത്തിൽ മരിച്ചതോടെയാണ് ജ്യോതിരാദിത്യയുടെ രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം. അച്ഛന്റെ പിൻഗാമിയായി ഗുണയിൽ നിന്ന് 2002 ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ജയിച്ചാണ് ദേശീയ രാഷ്ട്രീയത്തിലേക്ക് ജ്യോതിരാദിത്യ കടന്ന് വരുന്നത്. ഗുണയിലെ ജയം പിന്നീട് മൂന്ന് തെരഞ്ഞെടുപ്പിൽ കൂടി ആവർത്തിച്ച ജ്യോതിരാദിത്യ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒരു കാലത്ത് തന്റെ തെരെഞ്ഞെടുപ്പ് ഏജന്റ് ആയിരുന്ന കൃഷ്ണപാൽ സിംഗിനോട് വലിയ മാർജിനിൽ തോറ്റു.

2018 ഡിസംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് മധ്യപ്രദേശിൽ അധികാരത്തിൽ വന്നപ്പോൾ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തിൽ സിന്ധ്യ ഉണ്ടായിരുന്നു. ഒടുവിൽ പാർട്ടി അധ്യക്ഷനായ കമൽ നാഥ് മുഖ്യമന്ത്രിയായി. പിസിസി അധ്യക്ഷ പദവി ഒഴിഞ്ഞതുമില്ല. മധ്യപ്രദേശിൽ ഒഴിവു വരുന്ന രാജ്യസഭ സീറ്റിലേക്കും പരിഗണിക്കാതായതോടെയാണ് സിന്ധ്യയും ബിജെപിയിൽ എത്തിയത്. അച്ഛൻ ഒരു കാലത്ത് ജനസംഘത്തിൽ പ്രവർത്തിച്ചിരുന്നുവെങ്കിൽ കോൺഗ്രസിൽ മാത്രം പ്രവർത്തിച്ചു പരിചയം ഉണ്ടായിരുന്ന ജ്യോതിരാദിത്യയും ബിജെപി കുപ്പായം അണിയുകയാണ്.
First published: March 10, 2020, 2:27 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading